1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2017

സ്വന്തം ലേഖകന്‍: വാനാക്രൈ വൈറസിനെ മുട്ടുകുത്തിച്ച ബ്രിട്ടീഷ് ഹാക്കര്‍ യുഎസില്‍ അറസ്റ്റില്‍, കുറ്റം മറ്റൊരു വൈറസിന് ജന്മം നല്‍കിയത്. വാനാക്രൈ വൈറസിനെ തുരത്തി സൈബര്‍ അറ്റാക്ക് ഹീറോയായി മാറിയ മാല്‍വെയര്‍ടെക് എന്നറിയപ്പെടുന്ന മാര്‍കസ് ഹച്ചിന്‍സാണ് ബാങ്കുകളെ ആക്രമിക്കാന്‍ കഴിയുന്ന ക്രോണോസ് എന്ന ട്രോജന്‍ വൈറസിനെ വികസിപ്പിച്ചെടുത്ത കുറ്റത്തിന് അമേരിക്കയില്‍ അറസ്റ്റിലായത്.

ലാസ് വേഗാസില്‍നിന്നാണ് എഫ്ബിഐ ഹച്ചിന്‍സനെ അറസ്റ്റു ചെയ്തത്. ഓണ്‍ലൈന്‍ ബാങ്കിങ്ങ് സൈറ്റുകളില്‍നിന്ന് യൂസര്‍നെയിമുകളും പാസ്വേഡുകളും ചോര്‍ത്താന്‍പോന്ന ഹാക്കിങ്ങ് വൈറസിനെയാണ് ഹച്ചിന്‍സും കൂട്ടാളിയുംചേര്‍ന്ന് വികസിപ്പിച്ചതെന്ന് എഫ്ബിഐ പറഞ്ഞു. വാനാക്രൈ റാന്‍സംവെയര്‍ ആക്രമണത്തിന്റെ പിടിയില്‍നിന്ന് ബ്രിട്ടനെ രക്ഷിച്ചാണ് ഇയാള്‍ പ്രശസ്തനായത്.

നാല്പതുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് 23കാരനായ ഹച്ചിന്‍സിനെതിരേ ചുമത്തിയത്. ലാസ് വേഗാസില്‍ ഹാക്കിങ്ങുമായി ബന്ധപ്പെട്ട സമ്മേളനത്തില്‍ പങ്കെടുത്തുമടങ്ങവേയാണ് അറസ്റ്റ്. 2014 ജൂലായ് മുതല്‍ 2015 ജൂലായ് വരെയാണ് മറ്റൊരാളുമായി ചേര്‍ന്ന് ഹച്ചിന്‍സ് കുറ്റകൃത്യത്തിലേര്‍പ്പെട്ടതെന്ന് യു.എസ്. ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു. ഹച്ചിന്‍സ് തയ്യാറാക്കിയ മാല്‍വേര്‍ കൂട്ടാളി 2000 ഡോളറിന് വിറ്റുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഇക്കഴിഞ്ഞ മേയ് 12ന് ലോകമെങ്ങുമുള്ള രണ്ടരലക്ഷത്തോളം കംപ്യൂട്ടറുകളാണ് വാനാക്രൈ റാന്‍സംവേര്‍ ആക്രമണത്തില്‍ നിശ്ചലമായത്. മൂന്ന് ദിവസംകൊണ്ടാണ് ഹച്ചിന്‍സ് ഇതിന്റെ കില്‍ സ്വിച്ച് കണ്ടെത്തി വ്യാപനത്തിന് കടിഞ്ഞാണിട്ടത്. ഔപചാരികമായി കംപ്യൂട്ടര്‍ പഠിച്ചിട്ടില്ലാത്ത ഹച്ചിന്‍സ് മാല്‍വേര്‍ടെക്ക് എന്ന പേരില്‍ തുടങ്ങിയ ടെക്‌നിക്കല്‍ ബ്ലോഗ് വഴിയാണ് അധികൃതരെ ഇതിന് സഹായിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.