1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2019

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് സമവായ ചര്‍ച്ചക്ക് തയ്യാറാകാത്ത യൂറോപ്യന്‍ യൂണിയന്റെ കടുംപിടുത്തം നിരുത്തരവാദപരം; രൂക്ഷ വിമര്‍ശനവുമായി ബ്രിട്ടീഷ് മന്ത്രി; ബ്രെക്‌സിറ്റ് കരാറില്‍ സമവായ ചര്‍ച്ചക്ക് തയ്യാറാകാത്ത യൂറോപ്യന്‍ യൂണിയന്റെ നടപടി നിരുത്തരവാദപരമാണെന്ന് ബ്രിട്ടീഷ് മന്ത്രി ലിയാം ഫോക്‌സ് ആരോപിച്ചു. കരാറിലെ ചില വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്ന തെരേസ മേയുടെ ആവശ്യത്തെ നേരത്തെ യൂറോപ്യന്‍ യൂണിയന്‍ നിരാകരിച്ചിരുന്നു.

ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബ്രിട്ടീഷ് വ്യാപാര മന്ത്രിയുടെ പ്രതികരണം. ചര്‍ച്ചക്കുള്ള സാധ്യതകളെ തള്ളിക്കളയുന്ന യൂറോപ്യന്‍ യൂണിയന്റെ നിലപാട് നിരുത്തരവാദപരമാണ്. സമവായ ചര്‍ച്ചകള്‍ക്ക് തയ്യാറാകുന്നില്ലെങ്കില്‍ ബ്രിട്ടന്‍ ഡീല്‍ ഒന്നും കൂടാതെ ബ്രെക്‌സിറ്റ് നടപ്പാക്കണം എന്നാണോ യൂറോപ്യന്‍ യൂണിയന്റെ നിലപാട് എന്നും ബ്രിട്ടീഷ് മന്ത്രി ലിയാം ഫോക്‌സ് ചോദിച്ചു.

ഡീല്‍ ഇല്ലാതെ ബ്രെക്‌സിറ്റ് നടപ്പായാല്‍ അത് ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതിയെ മോശമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രെക്‌സിറ്റ് നടപ്പാകുന്ന തീയതി നീട്ടുന്നതാകും ഉചിതമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ യൂണിയനുമായുള്ള നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ തയ്യാറാക്കിയ ബ്രെക്‌സിറ്റ് കരട് കരാര്‍ ജനുവരി 15നാണ് ആദ്യമായി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

കരാറിനെ ഭൂരിപക്ഷം അംഗങ്ങളും എതിര്‍ത്തതോടെ നിരവധി മാറ്റങ്ങളുമായി മേ പുതിയ കരാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എന്നാല്‍ കരാറിന്‍മേല്‍ യൂറോപ്യന്‍ യൂണിയനുമായി വീണ്ടും സമവായ ചര്‍ച്ചകള്‍ നടത്തണമെന്ന് 317 അംഗങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് മേയ് നടത്തിയ അഭ്യാര്‍ഥനയാണ് യൂറോപ്യന്‍ യൂണിയന്‍ തള്ളിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.