1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 8, 2018

സ്വന്തം ലേഖകന്‍: ബുലന്ദ്ഷഹറില്‍ നടന്നത് ആള്‍ക്കൂട്ട കൊലപാതകമല്ല, വെറും ‘ആക്‌സിഡന്റ്’; വിവാദ പ്രസ്താവനയുമായി യോഗി ആദിത്യനാഥ്; കൊലയുമായി ബന്ധമുണ്ടെന്നു കരുതുന്ന പട്ടാളക്കാരനെ പിടികൂടാന്‍ യുപി പൊലീസ് ജമ്മുവില്‍. ബുലന്ദ്ഷഹറില്‍ ഉണ്ടായ കലാപത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അക്രമികളെ ന്യായീകരിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ബുലന്ദ്ഷഹറില്‍ നടന്നത് ആള്‍ക്കൂട്ട ആക്രമണമല്ലെന്നും അത് ഒരു ആക്‌സിഡന്റ് ആണെന്നുമായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രതികരണം. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആരേയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

യു.പിയില്‍ കലാപമുണ്ടായ ഉടനെ വിവരം മുഖ്യമന്ത്രിയെ അറിയിച്ചെങ്കിലും തെലങ്കാനയിലേയും രാജസ്ഥാനിലേയും തെരഞ്ഞെടുപ്പു റാലികളില്‍ പങ്കെടുത്ത ശേഷം ഗോരഖ്പൂരിലെ ലേസര്‍ ഷോയുടെ ഉദ്ഘാടനം കൂടി കഴിഞ്ഞ ശേഷമായിരുന്നു മുഖ്യമന്ത്രി വിഷയം ചര്‍ച്ച ചെയ്യാന്‍ ഒരു യോഗം വിളിച്ചത്.

യോഗത്തില്‍ പശുവിനെ കൊന്നവര്‍ക്കെതിരെ ആദ്യം നടപടിയെടുക്കണമെന്നായിരുന്നു യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് ഇത്രയും ദിവസത്തിന് ശേഷവും വിഷയത്തില്‍ കാര്യമായ പ്രതികരണമൊന്നും നടത്താന്‍ യോഗി ആദിത്യനാഥ് തയ്യാറായിരുന്നില്ല. കൊലപാതകം നടന്ന് മൂന്ന് ദിവസത്തിന് ശേഷമായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബവുമായി ഒരു കൂടിക്കാഴ്ചയ്ക്ക് യോഗി ആദിത്യനാഥ് തയ്യാറായത്.

സംഭവത്തില്‍ 28 പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായിരിക്കുന്നത് ബജ്‌റംഗദളിന്റേയും വി.എച്ച്.പിയുടേയും ബി.ജെ.പി യൂത്ത് വിങ്ങിന്റേയും പ്രധാനപ്പെട്ട നേതാക്കളും പ്രവര്‍ത്തകരുമാണ്. ബുലന്ദ്ശ്വര്‍ കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന വിമര്‍ശനം ഇതിനകം ഉയര്‍ന്നിരുന്നു.

കേസില്‍ അഞ്ചു പേരെ കൂടി ഇന്നലെ പിടികൂടി. അതിനിടെ, കൊലപാതകവുമായി ബന്ധമുണ്ടെന്നു കരുതുന്ന ജീതേന്ദ്ര മാലിക് എന്ന പട്ടാളക്കാരനെ പിടികൂടാന്‍ യുപി പൊലീസ് സംഘം ജമ്മുവിലേക്കു പോയി.പട്ടാളത്തില്‍ നിന്ന് അവധിയില്‍ വന്ന ഇയാള്‍ സുബോധ് കുമാര്‍ കൊല്ലപ്പെട്ട സ്ഥലത്ത് സംഭവ സമയത്ത് ഉണ്ടായിരുന്നു. എന്നാല്‍ സംഭവത്തിനുശേഷം തിരക്കിട്ടു ജമ്മുവിലേക്കുമടങ്ങി. ഇയാളുടെ ജ്യേഷ്ഠനും പട്ടാളത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.