1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2017

സ്വന്തം ലേഖകന്‍: ‘ബൈ അമേരിക്കന്‍, ഹയര്‍ അമേരിക്കന്‍’ നയത്തിന്റെ പ്രഖ്യാപനമായി ട്രംപ് പുതിയ എച്ച് 1 ബി വിസാ ഉത്തരവില്‍ ഒപ്പുവച്ചു, ആശങ്ക ഒഴിയാതെ ഇന്ത്യക്കാര്‍. അമേരിക്കന്‍ സാധനങ്ങള്‍ വാങ്ങൂ, അമേരിക്കക്കാരെ ജോലിക്കെടുക്കൂ എന്ന തന്റെ മുദ്രാവാക്യത്തിന് അനുയോജ്യമായ വിസ നയമാണ് ട്രംപ് ഫലത്തില്‍ വരുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഐടി കമ്പനികളെയും വിദഗ്ധരെയും സാരമായി ബാധിക്കുന്നതാണ് ഈ നയം.

അമേരിക്കന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുക, അമേരിക്കക്കാര്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തുക എന്നിവ ഉറപ്പാക്കുന്നതാണ് പുതിയ ഉത്തരവ്. എച്ച് 1 ബി വീസ പദ്ധതി അമേരിക്കക്കാരുടെ അവസരം നഷ്ടപ്പെടുത്തുന്നുവെന്ന് വൈറ്റ് ഹൗസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഫെഡറല്‍ കരാറുകളിലൂടെ അമേരിക്കയുടെ ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എച്ച് 1 ബി വീസയില്‍ മാറ്റം കൊണ്ടുവരുന്നത്.

അമേരിക്കന്‍ തൊഴിലാളികളെ സംരക്ഷിക്കുന്നതും കമ്പനികളെ സഹായിക്കുന്നതുമാണ് നയമെന്ന് ഭരണകൂട വക്താക്കള്‍ വ്യക്തമാക്കി. വിസ്‌കോണ്‍സിനിലെ മില്‍വോ കീയില്‍ വച്ചാണ് ട്രംപ് ഉത്തരവില്‍ ഒപ്പുവച്ചത്. അതേസമയം, വീസ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിനാല്‍ പുതിയ നിയമം നിലവില്‍ അനുവദിച്ച 8500 എച്ച്1 ബി വീസകളെ ബാധിക്കില്ല. എന്നാല്‍ വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും നിയമം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

ഐടി കമ്പനികള്‍ സാധാരണ ഉപയോഗപ്പെടുത്താറുള്ള ഗസ്റ്റ് വര്‍ക്കര്‍ സംവിധാനം കാരണം സ്വദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതായും വേതന നിരക്ക് കുറയുന്നതായും യുഎസ് ഭരണകൂടം കണ്ടെത്തിയിരുന്നു. പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ വിദേശികള്‍ക്ക് യുഎസ് സര്‍ക്കാര്‍ നല്‍കുന്ന താല്‍ക്കാലിക വീസയാണ് എച്ച് 1 ബി. എച്ച് 1 ബി വീസ സംവിധാനം ഇന്ത്യന്‍ ഐടി കമ്പനികള്‍ ദുരുപയോഗിക്കുകയാണെന്ന് നേരത്തെ തന്നെ യുഎസ് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

അമേരിക്കക്കാരെ ഒഴിവാക്കാന്‍ കമ്പനികള്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന വിദേശ പ്രൊഫഷണലുകളെ രാജ്യത്തേക്ക് കൊണ്ടുവരുന്നുവെന്നായിരുന്നു ആരോപണം. 65,000 എച്ച് 1 ബി വീസയാണ് നിയമപ്രകാരം ഒരു വര്‍ഷം അനുവദിക്കാവുന്നതെങ്കിലും നിയമത്തിലെ ഇളവുകള്‍ ഉപയോഗിച്ച് കമ്പനികള്‍ 1.3 ലക്ഷത്തിലേറെ വീസകള്‍ നേടാറുണ്ട്. ഇതേതുടര്‍ന്ന് എച്ച് 1 ബി വീസ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുമെന്നത് ട്രംപ് തന്റെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചരണ വാഗ്ദനങ്ങളില്‍ ഒന്നാക്കി മാറ്റുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.