1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2017

സ്വന്തം ലേഖകന്‍: അടിമുടി അഴിച്ചുപണിയുമായി യുഎഇ മന്ത്രിസഭാ പുനഃസംഘടന, സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മുന്‍തൂക്കം. നിലവിലുള്ള ഏതാനും മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമാണ് മന്ത്രിസഭയിലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. ശാസ്ത്രം, സാങ്കേതികം, വൈദഗ്ധ്യം എന്നിവയ്ക്ക് വലിയ പ്രാധാന്യം നല്‍കി കൊണ്ടാണ് പുതിയ മന്ത്രിമാരെ നിയമിച്ചിരിക്കുന്നത്.

തൊഴില്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ വകുപ്പ് മന്ത്രിയായി നാസിര്‍ ബിന്‍ താനി അല്‍ ഹംലിയെ നിയമിച്ചതാണ് മന്ത്രിസഭാ പുനസംഘടനയിലെ പ്രധാനമാറ്റം. സാംസ്‌കാരിക, വൈജ്ഞാനിക വികസന വകുപ്പിന്റെ ചുമതല നൂറ അല്‍ കാബിയ്ക്ക് നല്‍കി. ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനെ സഹിഷ്ണുതാകാര്യ വകുപ്പ് സഹമന്ത്രിയായി നിയമിച്ചു.

ഹെസാ ബുഹ്മെയദ് സാമൂഹ്യ വികസന മന്ത്രിയാകും. ഊര്‍ജ മന്ത്രി സുഹൈല്‍ അല്‍ മസ്‌റൂഇക്ക് ഉല്‍പാദന, വ്യവസായ വിഭാഗത്തിന്റെ അധിക ചുമതല നല്‍കി. ഇരുപത്തിയേഴുകാരനായ ഒമര്‍ ബിന്‍ സുല്‍ത്താനെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മന്ത്രിയാക്കി നിയമിച്ചതാണ് ശ്രദ്ധേയമായ മറ്റൊരു നിയമനം. മര്‍യം അല്‍ മുഹൈരിയെ ഭക്ഷ്യസുരക്ഷാ മന്ത്രിയാക്കി. അഡ്വാന്‍സ്ഡ് സയന്‍സ് മന്ത്രിയായി സാറ അല്‍ അമീരിയെയും നൈപുണ്യവികസന സഹമന്ത്രിയായി അഹ്മദ് ബെല്‍ഹൂലിനെയും നിയമിച്ചു.

സാകി അല്‍ നുസൈബയും പുതിയ മന്ത്രിസഭയില്‍ ഇടം നേടി. ദീര്‍ഘകാലം സേവനമനുഷ്ഠിച്ച് മന്ത്രിസഭയില്‍നിന്ന് പുറത്തേക്കുപോകുന്ന മന്ത്രിമാര്‍ക്ക് ഹൃദയംനിറഞ്ഞ നന്ദി രേഖപ്പെടുത്തിയാണ് ശൈഖ് മുഹമ്മദ് ട്വിറ്റര്‍ സന്ദേശം അവസാനിപ്പിച്ചത്. വിജ്ഞാനം വര്‍ധിപ്പിക്കുക, ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് പിന്തുണ നല്‍കുക, യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരിക മുതലായവയാണ് പുതിയ മന്ത്രിസഭയുടെ പ്രധാന ലക്ഷ്യങ്ങളെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.