1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2017

സ്വന്തം ലേഖകന്‍: ഒറ്റയടിക്ക് കാപ്പിയും ഡയറ്റ് മൗണ്ടന്‍ ഡ്യൂവും എനര്‍ജി ഡ്രിങ്കും അകത്താക്കിയ പതിനാറുകാരന്‍ മണിക്കൂറുകള്‍ക്കകം കുഴഞ്ഞു വീണു മരിച്ചു. സൗത്ത് കരോലിനയിലെ സ്‌കൂള്‍ വിദ്യാര്‍ഥിയായ ഡേവിസ് അലെന്‍ ക്രൈപാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് മരണത്തിന് കീഴടങ്ങിയത്. ക്രൈപിന്റെ മരണ കാരണം സംബന്ധിച്ച വിശദവിവരങ്ങള്‍ വിദ്യാര്‍ഥിയുടെ കുടുംബം തന്നെയാണ് വാര്‍ത്താ സമ്മേളനത്തിലൂടെ പുറം ലോകത്തെ അറിയിച്ചത്.

ഏപ്രില്‍ 26 ന് ഉച്ചയ്ക്ക് 12.30 തോടെയാണ് മക്‌ഡൊണാള്‍ഡ് ഷോപ്പില്‍ നിന്നും കാപ്പിയും ഡയറ്റ് മൗണ്ടന്‍ ഡ്യൂവും എനര്‍ജി ഡ്രിങ്കും കഴിച്ചത്. തുടര്‍ന്ന് സ്‌കൂളിലെത്തിയ അലെന്‍ കുഴഞ്ഞു വീണു. 3.40 തോടെ ക്രൈപിന്റെ മരണം സ്ഥിരീകരിച്ചു. കഫൈന്‍ അടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകള്‍ ഉപയോഗിക്കുന്നതിലെ അപകടം കുട്ടികളും മാതാപിതാക്കളും തിരിച്ചറിയണമെന്ന നിര്‍ബന്ധമുള്ളതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായതെന്ന് ഷോണ്‍ ക്രൈപ് പറഞ്ഞു.

അമിതമായ അളവില്‍ കഫൈന്‍ ശരീരത്തില്‍ എത്തിയതാണ് മരണ കാരണമായതെന്ന് ക്രൈപിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നു. കഫൈന്‍ അമിത അളവിലെത്തിയതോടെ ഹൃദയത്തിന്റെ താളം നഷ്ടമായി. ഇതോടെ ശരീരത്തിന് ആവശ്യമായ രക്തം അവയവങ്ങളിലേക്ക് എത്തിക്കാന്‍ ഹൃദയത്തിനായില്ല. ഇത് തലച്ചോറിനെയും മറ്റു അവയവങ്ങളെയും ബാധിക്കുകയും ക്രൈപ് കുഴഞ്ഞു വീഴുകയുമായിരുന്നു.

കഫൈന്‍ അടങ്ങിയ മൂന്ന് ഡ്രിങ്കുകളാണ് പതിനാറുകാരന്‍ കുടിച്ചത്. ഒരു കഫേ ലാട്ടേ, ഡയറ്റ് മൗണ്ടന്‍ ഡ്യൂ, എനര്‍ജി ഡ്രിങ്ക് എന്നിവയായിരുന്നു അവ. ഇതിന് ശേഷം രണ്ട് മണിക്കൂറിനുള്ളിലാണ് ക്രൈപിന്റെ മരണം സംഭവിച്ചത്. കഫൈന്‍ വളരെ വേഗത്തില്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് അപകടകരമാണെന്നും ഒരു എനര്‍ജി ഡ്രിങ്കില്‍ മൂന്നോ, നാലോ കപ്പ് കാപ്പിക്ക് ആവശ്യമായ അത്രയും പഞ്ചസാര ഉള്ളതിനാല്‍ അവ സുരക്ഷിതമല്ലെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.