1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2015

സ്വന്തം ലേഖകന്‍: കമ്പോഡിയയിലെ ‘പഴയ വിപ്ലവകാരി’ വനിത അന്തരിച്ചു, ഇല്ലാതായത് ഖമര്‍ റൂഷ് കാലത്തിന്റെ അവസാനത്തെ സാക്ഷി. കംബോഡിയയിലെ ഖമര്‍ റൂഷ് കമ്യൂണിസ്റ്റ് കൂട്ടക്കുരുതിക്കാലത്ത് പ്രഥമവനിയെന്നും തുടര്‍ന്ന് പഴയ വിപ്ലവകാരിയെന്നും വിശേഷിപ്പിക്കപ്പെട്ട ഇയെങ് തിരിതാണ് അന്തരിച്ചത്. എണ്‍പത്തിമൂന്ന് വയസായിരുന്നു.

ഖമര്‍ റൂഷ് ഏകാധിപതി പോള്‍ പോട്ടിന്റെ ഭാര്യാ സഹോദരിയായ തിരിത് വിദേശകാര്യ മന്ത്രിയായിരുന്ന ഇയെങ് സാരിയുടെ ഭാര്യയാണ്. പോള്‍ പോട്ടിന്റെ സാമൂഹികവകുപ്പു മന്ത്രിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

‘ഖമര്‍ റൂഷ്’ ഭരണകാലത്തു ലക്ഷക്കണക്കിനു ജനങ്ങളെ കൊന്നൊടുക്കിയെന്ന കേസില്‍ ഇയെങ് സാരിയും തിരിതും ഐക്യരാഷ്ട്രസംഘടനയുടെ പിന്തുണയോടെ സ്ഥാപിക്കപ്പെട്ട പ്രത്യേക കോടതിയില്‍ വിചാരണ നേരിട്ടിരുന്നു. തിരിതിനു കടുത്ത മറവിരോഗം ബാധിച്ചുതുടങ്ങിയതോടെ കോടതി 2012 ല്‍ കേസ് സ്റ്റേ ചെയ്തു.

തുടര്‍ന്നു ജുഡീഷ്യല്‍ മേല്‍നോട്ടത്തോടെ വിട്ടയയ്ക്കുകയായിരുന്നു. തിരിതിന്റെ സഹോദരി ഖിയു പോന്നാരിയെയാണു പോള്‍ പോട്ട് വിവാഹം കഴിച്ചത്. ഇയെങ് സാരി 2013 ലും പോള്‍ പോട്ട് 1998 ലും പോന്നാരി 2003 ലും മരിച്ചു. ഫ്രഞ്ച് വിദ്യാഭ്യാസം നേടിയ ഈ നാലു വിപ്ലവകാരികളായിരുന്നു ഖമര്‍ റൂഷിന്റെ കേന്ദ്രശക്തികള്‍.

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കംപൂച്ചിയയുടെ നേതൃത്വത്തിലുള്ള മുന്നേറ്റമാണു ‘ഖമര്‍ റൂഷ്’ (ചുവന്ന ഖമര്‍) എന്നറിയപ്പെട്ടത്. ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ കൂട്ടക്കൊലകളിലൊന്നായിരുന്നു ഖമര്‍ റൂഷിന്റെ നേതൃത്വത്തില്‍ 1975 മുതല്‍ 1979 വരെ കംബോഡിയയില്‍ നടന്നത്. ഏതാണ്ട് 20 ലക്ഷം ജനങ്ങള്‍ കൊല്ലപ്പെട്ടതായാണ് എകദേശ കണക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.