1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2016

സ്വന്തം ലേഖകന്‍: കാനഡയില്‍ കാട്ടുതീ ജനവാസ കേന്ദ്രങ്ങളിലേക്ക് വ്യാപിക്കുന്നു, കൈയ്യില്‍ കിട്ടിയതുമായി ജനങ്ങളുടെ കൂട്ട പലായനം. അതേസമയം ആല്‍ബര്‍ട്ടയില്‍ ജനവാസകേന്ദ്രങ്ങളെ ചാമ്പലാക്കി ഒരാഴ്ചയായി പടരുന്ന കാട്ടുതീ അണയ്ക്കാന്‍ മാസങ്ങള്‍ വേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മതിയായ മഴ ലഭിക്കാത്തതാണു തീ അണക്കുന്നതിന് പ്രധാന വെല്ലുവിളി.

കഴിഞ്ഞ ഞായറാഴ്ച രണ്ട് ഹെക്ടറില്‍ കത്തിപ്പടര്‍ന്ന തീ രണ്ടുമണിക്കൂറിനകം 60 ഹെക്ടറിലേക്കു വ്യാപിച്ചു. ഒരാഴ്ചകൊണ്ട് 2500 ചതുരശ്രകിലോമീറ്റര്‍ പ്രദേശം അഗ്‌നിക്ക് ഇരയായി. 494,000 ഏക്കര്‍ സ്ഥലത്ത് ഇപ്പോള്‍ തീ പടര്‍ന്നതായി ആല്‍ബര്‍ട്ട എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി അറിയിച്ചു. 30 ഡിഗ്രിയിലേറെയാണു പ്രദേശത്തെ താപനില. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റും അനുഭവപ്പെടുന്നു. ഇതെല്ലാം തീ പടരുന്നതിന് സഹായകരമാണെന്നും ഏജന്‍സി അറിയിച്ചു.

സമീപമായ സസ്‌കാച്ചുവന്‍ പ്രവിശ്യയ്ക്കും തീ ഭീഷണിയായിരിക്കുകയാണ്. കാനഡയിലെ പെട്രോളിയം ഉത്പാദനകേന്ദ്രമായ ആല്‍ബര്‍ട്ടയിലെ തീ ഏറെ അപകടകരവും പ്രവചനാതീതവുമാണെന്ന് സുരക്ഷാകാര്യമന്ത്രി റാല്‍ഫ് ഗുഡ്‌യില്‍ മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റിനെത്തുടര്‍ന്ന് ദുരന്തം വടക്കുകിഴക്കന്‍ ദിശയിലൂടെ സസ്‌കാച്ചുവന്‍ മേഖലയിലേക്കു നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഫോര്‍ട്ട് മക്മറേയിലും സമീപത്തെയും തീ അണയ്ക്കുന്നതിനായി 500 അഗ്‌നിശമന സേനാംഗങ്ങളെയും 15 ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ടെന്ന് ആല്‍ബര്‍ട്ട സര്‍ക്കാര്‍ അറിയിച്ചു. 14 എയര്‍ ടാങ്കറുകളും പ്രദേശത്തുണ്ട്. പ്രദേശത്തെ ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണമായും കത്തിച്ചാമ്പലായി. കൈയില്‍കിട്ടിയ ഏതാനും വസ്തുക്കളുമായാണ് ആളുകള്‍ രക്ഷാകേന്ദ്രങ്ങളിലേക്ക് മാറിയത്. 88,000 ആളുകള്‍ ഇപ്രകാരം പലയാനം ചെയ്തതായാണ് കണക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.