1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2018

സ്വന്തം ലേഖകന്‍: കാനഡയും സൗദിയും കൊമ്പുകോര്‍ക്കുന്നു; വാണിജ്യ ബന്ധം മരവിപ്പിച്ചു; കനേഡിയന്‍ സ്ഥാനപതിയോട് 24 മണിക്കൂറിനകം സൗദി വിടാന്‍ നിര്‍ദേശം. കാനഡയുമായുള്ള വാണിജ്യബന്ധം മരവിപ്പിച്ച സൗദി അറേബ്യ കനേഡിയന്‍ സ്ഥാനപതിയോട് 24 മണിക്കൂറിനകം രാജ്യം വിടാന്‍ ആവശ്യപ്പെട്ടു. കാനഡയിലെ സൗദി സ്ഥാനപതിയെ തിരിച്ചുവിളിക്കുകയും ചെയ്തു. സൗദി അറേബ്യ തടവിലാക്കിയ മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉടന്‍ മോചിപ്പിക്കണമെന്ന കാനഡയുടെ പ്രസ്താവനയാണ് ബന്ധം വഷളാക്കിയത്.

സൗദിയുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെടാനും നിര്‍ദേശം നല്‍കാനും ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന് സൗദി പ്രസ് ഏജന്‍സി പുറപ്പെടുവിച്ച പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. അധികാരമുള്ള ഉദ്യോഗസ്ഥരാണ് അറസ്റ്റു നടത്തിയതെന്നും തടവുകാര്‍ക്ക് നിയമസഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.

വനിതകളുടെ അവകാശങ്ങള്‍ക്കു വേണ്ടി വാദിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തക സമര്‍ ബദാവിയുള്‍പ്പെടെ ഏതാനും പേരെ കഴിഞ്ഞദിവസം സൗദി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇവരെയും നേരത്തേ തടവിലാക്കിയ മറ്റു മനുഷ്യാവകാശ പ്രവര്‍ത്തകരെയും ഉടന്‍ വിട്ടയയ്ക്കണമെന്നു കനേഡിയന്‍ എംബസി പ്രസ്താവനയില്‍ ആവശ്യപ്പെട്ടതാണു സൗദി അധികൃതരെ പ്രകോപിപ്പിച്ചത്. 2012ല്‍ വാഷിംഗ്ടണില്‍ നടന്ന ചടങ്ങില്‍ മിഷേല്‍ ഒബാമ, ഹില്ലരി ക്ലിന്റന്‍ എന്നിവരില്‍നിന്ന് ഇന്റര്‍നാഷണല്‍ വിമന്‍ ഓഫ് കറേജ് അവാര്‍ഡ് ഏറ്റുവാങ്ങിയ വനിതയാണ് ബദാവി.

ഞങ്ങളുടെ പൗരന്മാരെക്കുറിച്ചു ഞങ്ങളേക്കാള്‍ ഉത്ക്കണ്ഠ കാണിക്കാന്‍ ആരും ശ്രമിക്കേണ്ട. കാനഡയിലെ സ്ഥാനപതിയെ കൂടിയാലോചനയ്ക്കായി റിയാദിലേക്ക് മടക്കിവിളിക്കുകയാണ്. സൗദിയിലെ കനേഡിയന്‍ സ്ഥാനപതിയെ അനഭിമതനായി പ്രഖ്യാപിക്കുകയും 24 മണിക്കൂറിനകം രാജ്യംവിടാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. എല്ലാ ബിസിനസ് ബന്ധങ്ങളും മരവിപ്പിക്കുന്നു. കൂടുതല്‍ നടപടി സ്വീകരിക്കാനും സൗദിക്ക് അധികാരമുണ്ടായിരിക്കുംസൗദി ഭരണകൂടം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.