1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2015

ബാര്‍ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അതിലുള്‍പ്പെട്ടവരേയും കേരള കോണ്‍ഗ്രസിനേയും രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് കത്തോലിക്ക സഭയുടെ പ്രസിദ്ധീകരണം. കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രസിദ്ധീകരണമായ ലെയ്റ്റി വോയ്‌സിന്റെ പുതിയ ലക്കത്തിലാണ് ആരേയും പേരെടുത്തു പറയാതെ രൂക്ഷ വിമര്‍ശനമുള്ളത്.

തെളിവുകളും സാക്ഷികളും രേഖയും ഇല്ലെങ്കിലും കോഴ കൊടുക്കുന്നവനും വാങ്ങുന്നവനും സാമൂഹ്യ ദ്രോഹികളും കുറ്റവാളികളുമാണെന്ന് പ്രസിദ്ധീകരണം പറയുന്നു. അഴമതിക്കെതിരെ അണിചേരുക എന്ന മുഖപ്രസംഗത്തിലാണ് വിമര്‍ശനമുള്ളത്. ഷെവലിയര്‍ വിസി സെബാസ്റ്റ്യനാണ് പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്റര്‍.

പൊതുപ്രവര്‍ത്തനം നിസ്വാര്‍ഥമായ സേവനമാണെന്ന് ഓര്‍മ്മിപ്പിക്കുന്ന മുഖപ്രസംഗം കോഴക്കാരെ കുറ്റവാളികളെന്നും സാമൂഹ്യ ദ്രോഹികളെന്നും വിളിക്കുന്നു. അധികാരം അഴിമതിക്കുള്ള ചവിട്ടുപടിയായി മാറിയെന്നും അഴിമതി പരസ്യമായ രഹസ്യമാണെന്നും മുഖപ്രസംഗം നിരീക്ഷിക്കുന്നു.

ഗ്രൂപ്പുകളായി തമ്മിലടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നാണ് കേരള കോണ്‍ഗ്രസിനെ വിശേഷിപ്പിക്കുന്നത്. കര്‍ഷകരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കേരള കോണ്‍ഗ്രസിന് ഇന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് കുറ്റപ്പെടുത്തുന്ന മുഖപ്രസംഗം അധ്വാന വര്‍ഗ സിദ്ധാന്തം പ്രസംഗിച്ചതുകൊണ്ടോ വാഗ്ദാനങ്ങള്‍ കൊണ്ടോ ജനം കൂടെ നില്‍ക്കില്ലെന്ന് കേരള കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കുന്നു.

ബാര്‍ കോഴ വിവാദത്തില്‍ സഭയിലെ പ്രമുഖരായ ചിലര്‍ മാണിക്കൊപ്പം പിന്തുണയുമായി നിലയുറപ്പിച്ച സാഹചര്യത്തിലാണ് പ്രസിദ്ധീകരണത്തിന്റെ പുതിയ ലക്കം ഇറങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.