1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2016

സ്വന്തം ലേഖകന്‍: കാവേരി നദീജല പ്രശ്‌നം തണുക്കുന്നു, തീവണ്ടി തടയല്‍ സമരം പരാജയം, യാത്രാദുരിതത്തില്‍ വലഞ്ഞ് മലയാളികള്‍. കര്‍ണാടകയില്‍ ജനജീവിതം സാധാരണ നിലയിലായതോടെ വ്യാഴാഴ്ച വിവിധ കന്നട സംഘടനകളുടെ സംയുക്ത സമിതി പ്രഖ്യാപിച്ച തീവണ്ടി തടയല്‍ സമരം വന്‍ പൊലീസ് സന്നാഹം ഉള്ളതിനാല്‍ പരാജയമായി. പ്രതിഷേധക്കാര്‍ക്ക് റെയില്‍വേ സ്റ്റേഷനുകളില്‍ പ്രവേശിക്കാനായില്ല.

എന്നാല്‍, കോലാര്‍ബംഗളൂരു ട്രെയിന്‍ കോലാറില്‍ അല്‍പ സമയം തടഞ്ഞിട്ടു. ബംഗളൂരുവിലെ വിവിധ സ്റ്റേഷനുകളിലും മൈസൂരു, മാണ്ഡ്യ, ധാര്‍വാഡ്, ശിവമോഗ, കൊപ്പാള്‍, ഹുബ്ബള്ളി എന്നിവിടങ്ങളിലുമെല്ലാം പ്രതിഷേധക്കാര്‍ എത്തിയിരുന്നു. പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. ബംഗളൂരുവിലെ യശ്വന്ത്പൂര്‍ സ്റ്റേഷനില്‍ മുന്നൂറിലധികം പൊലീസുകാരെയാണ് സുരക്ഷാ ചുമതലക്ക് നിയോഗിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ കാര്യമായ ആക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഘര്‍ഷാവസ്ഥയില്‍ അയവ് വന്നെങ്കിലും കേരള ആര്‍.ടി.സിയുടെ കേരളത്തിലേക്കുള്ള സര്‍വിസുകളൊന്നും വ്യാഴാഴ്ച ഉണ്ടായില്ല. ബംഗളൂരുവില്‍ ഉണ്ടായിരുന്ന യാത്രക്കാരെ ഓണാഘോഷത്തിന് നാട്ടിലത്തെിക്കാന്‍ മുഴുവന്‍ ബസുകളും കേരളത്തിലേക്ക് പുറപ്പെട്ടിരുന്നു.

ബസുകള്‍ കേരളത്തില്‍നിന്ന് എത്തുന്നതോടെ വെള്ളിയാഴ്ച മുതല്‍ സര്‍വിസുകള്‍ സാധാരണ നിലയിലാകുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. കര്‍ണാടക ആര്‍.ടി.സിയുടെയും ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെയും ബസുകള്‍ സര്‍വിസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. വ്യാപക അക്രമം അരങ്ങേറിയ ബംഗളൂരുവിലെ 16 പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ ബുധനാഴ്ച പിന്‍വലിച്ചിരുന്നു.

എന്നാല്‍, നിരോധാജ്ഞ ഈമാസം 25 വരെ തുടരും. അക്രമസംഭവങ്ങള്‍ വ്യാപാരസ്ഥാപനങ്ങളെയും ബിസിനസ് സംരംഭങ്ങളെയും കര്‍ഷകരെയുമാണ് കൂടുതല്‍ ബാധിച്ചത്. ഐ.ടി കമ്പനികള്‍ക്കു മാത്രം കോടികളുടെ നഷ്ടം ഉണുണ്ടായതായാണ് കണക്ക്. അതേസമയം, സ്വകാര്യ ബസ് സര്‍വീസുകള്‍ മലയാളികളെ കൊള്ളയടിക്കുകയാണെന്ന പരാതിയും ശക്തമാണ്. തിരുവനന്തപുരംബംഗളൂരു റൂട്ടില്‍ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സ്വകാര്യ ബസുകള്‍ കൂടുതല്‍ സര്‍വിസ് നടത്തുന്നുണ്ട്.

ഒരാള്‍ക്ക് 3,000 രൂപ വരെയാണ് ഇവര്‍ ഈടാക്കുന്നത്. വൈകി യാത്രതിരിച്ച് നേരത്തെ ബംഗളൂരുവില്‍ എത്തിച്ചേരുമെന്ന് അവകാശപ്പെടുന്ന മള്‍ട്ടി ആക്‌സില്‍ ബസുകള്‍ 3,500 മുതല്‍ 4,000 രൂപ വരെയാണ് ഈടാക്കുന്നത്. തലസ്ഥാനത്തുനിന്ന് ചെന്നൈയിലേക്കുള്ള യാത്രക്കാരുടെ അവസ്ഥയും പരിതാപകരമാണ്. ഈ റൂട്ടിലും സ്വകാര്യ ബസുകള്‍ അമിതചാര്‍ജ് ഈടാക്കുന്നതായി യാത്രക്കാര്‍ ആരോപിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.