1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2016

സ്വന്തം ലേഖകന്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസ്സാം കുറ്റക്കാരന്‍, ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയ കൊലപാതകം അടക്കമുള്ള ഒമ്പത് കുറ്റങ്ങളും തെളിഞ്ഞുവെന്ന് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ക്രൂരനായ കൊലയാളിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ സി.പി ഉദയഭാനു വാദിച്ചു.

അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ കേസിന്റെ പരിധിയില്‍ വരുന്ന കേസാണിത്. മുന്‍ വൈരാഗ്യം മൂലം പ്രതി കരുതിക്കൂട്ടി ചെയ്ത കൊലപാതകമാണ്. പ്രതിക്കെതിരെ കാപ്പ നിയമം ചുമത്തിയിട്ടുണ്ട്. പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. ചന്ദ്രബോസിന്റെ കുടുംബത്തിന് അഞ്ചു കോടി രൂപ പ്രതിയില്‍ നിന്നും പിഴ ചുമത്തി നല്‍കണമെന്നും ആവശ്യപ്പെട്ടതായി പ്രോസിക്യൂഷന്‍ മാധ്യമങ്ങളോടു പറഞ്ഞു.

ശിക്ഷ ഉറപ്പായതോടെ നിസ്സാം കോടതിയുടെ കനിവിനായി അപേക്ഷിച്ചു. തന്റേത് കൂട്ടുകുടുംബമാണെന്നും ഏക ആശ്രയമാണ് താനെന്നും അതിനാല്‍ ദയവുകാട്ടണമെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.

2015 ജനുവരി 29നാണ് ശോഭാ സിറ്റി അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ നിസ്സാം ആക്രമമിച്ചത്. ഗേറ്റ് തുറക്കാന്‍ വൈകിയെന്ന് ആരോപിച്ച് ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഹമ്മര്‍ ജീപ്പ് ഇടിപ്പിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചു. തുടര്‍ന്ന് മറ്റൊരു സ്ഥലത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മാരകമായി പരുക്കേല്‍പ്പിച്ചു.

കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടുകൂടി തന്നെയായിരുന്നു ക്രൂരമായ മര്‍ദ്ദനം ഏല്‍പ്പിച്ചതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കേസിലെ സാക്ഷികളില്‍ നിസ്സാമിന്റെ ഭാര്യ മാത്രമാണ് കൂറുമാറി പ്രതിഭാഗത്തോടു ചേര്‍ന്നത്.

മാരകമായ ആയുധമുപയോഗിച്ച് പരുക്കേല്‍പ്പിക്കല്‍, സാധാരണരീതിയിലുള്ള പരുക്കേല്‍പ്പിക്കല്‍, കൊലപാതകം എന്നിവയെല്ലാം കോടതിക്ക് ബോധ്യപ്പെട്ടു. പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ രണ്ട് കുറ്റങ്ങള്‍ ഒഴികെ ബാക്കിയെല്ലാം കോടതി അംഗീകരിച്ചു.

അതിക്രൂരമായ കൊലപാതകമാണ്. പണമുള്ളയാളുകള്‍ക്ക് സമൂഹത്തില്‍ പണമില്ലാത്തവരെ ചവിട്ടിത്തേക്കാമെന്നും പണംമുടക്കി നീതി വാങ്ങാമെന്നുമുള്ള തെറ്റായ സന്ദേശമാണ് പ്രതി സമൂഹത്തിന് നല്‍കുന്നതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ചന്ദ്രബോസിനെ പോലെതന്നെ സാധാരണക്കാരായ സെക്യൂരിറ്റി ജീവനക്കാരാണ് നിസ്സാമിനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. നിസ്സാം പുറത്തിറങ്ങിയാല്‍ അവര്‍ക്ക് ഭീഷണിയാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

പ്രതി ഉത്മാദ രോഗിയാണെന്നും വാഹനാപകടമാണെന്നും കരുതിക്കൂട്ടി ചെയ്ത കൊലപാതകമല്ലെന്നും തുടങ്ങി പല വാദങ്ങളും പ്രതിഭാഗം ഉന്നയിച്ചെങ്കിലും അതെല്ലാം കോടതി തള്ളുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.