1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2015

സ്വന്തം ലേഖകന്‍: കാത്തിരിപ്പിനൊടുവില്‍ ചെന്നൈയും മെട്രോയുടെ പാതയില്‍. മുഖ്യമന്ത്രി ജയലളിത ഇന്നു രാവിലെ സെക്രട്ടറിയേറ്റില്‍ നിന്നുള്ള വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചെന്നൈ മെട്രോയ്ക്ക് പച്ചക്കൊടി വീശിയതോടെ ചൈന്ന മെട്രോ യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തു.

മെട്രോയുടെ ആദ്യ യാത്രയില്‍ ട്രെയിന്‍ ഓടിക്കാന്‍ അവസരം ലഭിച്ചത് ഒരു വനിതക്കാണെന്നതും ഉദ്ഘാടനത്തിന്റെ സവിശേഷതയായി. എഞ്ചിനിയറിംഗില്‍ ഡിപ്ലോമധാരിയായ പ്രീതിയാണ് മെട്രോയുടെ ആദ്യ ഓട്ടത്തിലെ സാരഥിയായത്.

പ്രീതിയുടെ ജീവിതാഭിലാഷമാണ് മെട്രോ ട്രെയിനിന്റെ ലോക്കോ പൈലറ്റായതിലൂടെ നിറവേറിയത്. ഇതിനായി തന്റെ ജോലി ഉപേക്ഷിച്ച പ്രീതി ഒന്നര വര്‍ഷം നീണ്ട പരിശീലനത്തിന് ശേഷമാണ് തന്റെ ലക്ഷ്യം കൈവരിച്ചത്. ആലന്തൂരില്‍ ആരംഭിച്ച ആദ്യയാത്രയില്‍ മകള്‍ക്ക് സാരഥിയാവാന്‍ കഴിഞ്ഞത് സന്തോഷമുളവാക്കുന്ന കാര്യമാണെന്ന് പ്രീതിയുടെ പിതാവ് ആര്‍. അന്‍പ് വ്യക്തമാക്കി.

പത്തു കിലോമീറ്റര്‍ ദൂരമുള്ള ആലന്തൂരിനും കോയമ്പേടിനുമിടയിലുള്ള മെട്രോ സര്‍വീസിനാണ് ഇന്നു തുടക്കമായത്. ഉച്ചയ്ക്ക് 12.14 ന് ആലന്തൂരില്‍ ആരംഭിച്ച സര്‍വീസ് 12.35 ന് കോയമ്പേടിലെത്തി. ഇതോടെ ഡല്‍ഹി, കൊല്‍ക്കത്ത, ബംഗളൂരു, മുംബൈ എന്നീ മെട്രോ റെയില്‍ നഗരങ്ങളുടെ കൂട്ടത്തില്‍ ചെന്നൈയും അംഗമായി.

വീഡിയോ കോണ്‍ഫറന്‍സ് അടക്കമുള്ള സൗകര്യങ്ങളോടുകൂടിയ മെട്രോ ആദ്യഘട്ടം കോയമ്പേട്, ചെന്നൈ മൊഫസില്‍ ബസ് ടെര്‍മിനസ്, അരുമ്പാക്കം, വടപളനി, അശോക്‌നഗര്‍, ഈക്കാട്ടുതങ്ങള്‍, ആലന്തൂര്‍ എന്നിങ്ങനെ ഏഴ് സ്റ്റേഷനുകള്‍ക്കിടയിലാണ് സര്‍വീസ് നടത്തുന്നത്. 10 മിനിറ്റ് ഇടവേളകളിലായി നാലു കോച്ചുകളുള്ള ഒമ്പതു ട്രെയിനുകളാണ് സര്‍വീസ് നടത്തുക. ഓരോ ട്രെയിനിനും 1,276 പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. രാവിലെ അഞ്ചു മുതല്‍ രാത്രി 11.30 വരെയാണ് സര്‍വീസ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.