1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2016

ടോം ശങ്കൂരിക്കല്‍: യു കെ മലയാളികള്‍ക്ക് പ്രത്യേകിച്ച് ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികള്‍ക്ക് അഭിമാനിക്കുവാന്‍ ഒരു കാരണമായിരിക്കും ഇനി നമ്മുടെ ഏഴു വയസ്സുകാരന്‍ ഐസക് ജോണ്‍സണ്‍. ചെസ്സില്‍ ഏതൊരു പ്രതിഭയും സ്വപ്നം കാണുന്ന പടവുകള്‍ ഓരോന്നോരോന്നായി ചവിട്ടി കയറുകയാണ് ഈ കൊച്ചു മിടുക്കന്‍. ഈ കഴിഞ്ഞ ജൂലൈ 9 ആം തിയതി മാഞ്ചസ്റ്ററില്‍ വെച്ചു നടന്ന യു കെ ചെസ്സ് ചലഞ്ച് 2016 ഇല്‍ നോര്‍ത്തേണ്‍ റീജിയണല്‍ ഗിഗാഫൈനല്‍ അണ്ടര്‍ 8 അള്‍ട്ടിമോ ചാമ്പിയന്‍ ആണ് ഈ കൊച്ചു മിടുക്കന്‍. കളിച്ച ആറു കളികളിലും എതിരാളികളെ ഏകപക്ഷീയമായി മുട്ടുകുത്തിച്ചാണ് ഈ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയത്. ഈ വിജയത്തിലൂടെ ആഗസ്‌ററ് മാസം ലെസ്റ്റെര്‍ഷെയറില്‍ വെച്ചു നടക്കുന്ന യു കെ നാഷണല്‍ ചെസ്സ് ചാലെഞ്ചിലേക്കു മത്സരിക്കാന്‍ ഉള്ള അര്‍ഹത കൂടിയാണ് യു കെ മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനകരമായ ഈ ചാമ്പ്യന്‍ കൈ വരിച്ചത്. 2016 ഗ്ലോസ്റ്റെര്‍ഷെയര്‍ കൗണ്ടി അണ്ടര്‍ 8 ചാമ്പ്യന്‍ കൂടിയാണ് ഈ വിരുതന്‍. അതുപോലെ തന്നെ 2015 ഗ്ലോസ്റ്റെര്‍ഷെയര്‍ കൗണ്ടി ചെസ്സ് ചലഞ്ച് മെഗാഫൈനല്‍ സുപ്രീമോ അണ്ടര്‍ 7 പുരസ്‌കാരവും കരസ്ഥമാക്കിയിട്ടുണ്ട്.

5 വയസ്സു മുതലാണ് ഐസക് ചെസ്സ് കളിച്ചു തുടങ്ങിയത്. ചെസ്സിന്റെ ബാലപാഠങ്ങള്‍ ഐസക്കിന് പകര്‍ന്നു നല്കിയതാവട്ടെ 12 വയസുകാരന്‍ സഹോദരന്‍ ജേക്കബും പിതാവ് ജോണ്‍സണും കൂടിയാണ്. 2002 ഇല്‍ ഗ്ലോസ്റ്ററില്‍ താമസമാക്കിയ കോട്ടയം ജില്ലയിലെ മണിമല സ്വദേശികളായ ജോണ്‍സണ്‍ ജോണിന്റെയും ഭാര്യ സിനിയ ജോണ്‌സന്റെയും രണ്ടാമത്തെ മകനാണ് ഐസക്. മൂത്ത പുത്രനായ ജേക്കബ് ജോണ്‍സണ്‍ യു കെ യിലെ മികച്ച സ്‌കൂളുകളിലൊന്നായ പെയിറ്റ്‌സ് ഗ്രാമര്‍ സ്‌കൂളില്‍ 8ആം ക്ലാസ്സ് വിദ്യാര്തഥിയാണ്. ഐസക് ആവട്ടെ സെന്റ്. പീറ്റേഴ്‌സ് കാത്തോലിക് പ്രൈമറി സ്‌കൂള്‍ ഗ്ലോസ്റ്ററില്‍ 3ആം ക്ലാസ് വിദ്യാര്തഥിയും. ഗ്ലോസ്റ്ററില്‍ തന്നെയുള്ള ഒരു പ്രൈവറ്റു കമ്പിനിയില്‍ ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യന്‍ ആണ് പിതാവ് ജോണ്‍സണ്‍. അമ്മ സീനിയ ആകട്ടെ ഗ്ലോസ്റ്റെര്‍ഷെയര്‍ റോയല്‍ ഹോസ്പിറ്റലില്‍ വാര്‍ഡ് സിസ്റ്റര്‍ ആയി ആണ് ജോലി നോക്കുന്നത്.

സംഗീതത്തില്‍ ഏറെ താല്പര്യമുള്ള ഐസക് പിയാനോ വായനയിലും തന്റെ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ കളിയിലും ഏറെ കേമനാണ് ഈ മിടുക്കന്‍. ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ മുന്‍ ട്രെഷറര്‍ കൂടിയായ ജോണ്‍സണും കുടുംബവും ജി എം എ യുടെ സജീവ പ്രവര്‍ത്തകര്‍ കൂടിയാണ്. ജി എം എ കുടുംബത്തിന് ഒന്നാകെ അഭിമാനിക്കാന്‍ ഇട നല്‍കിയ ഈ നേട്ടം കൈ വരിച്ച ഐസക്കിന് ജി എം എ കുടുംബത്തിന്റെ പ്രോത്സാഹനവും അംഗീകാരവുമായി ഈ വര്‍ഷം ജി എം എ സംഘടിപ്പിച്ച ചാരിറ്റി മ്യൂസിക്കല്‍ ഷോവില്‍ വെച്ചു പുരസ്‌കാരം നല്‍കി ആദരിക്കുകയുണ്ടായി. ഇനി വരുന്ന ചാമ്പ്യന്‍ ഷിപ്പുകളിലും മികച്ച നേട്ടം കൈവരിക്കുവാനും അങ്ങനെ ലോകം അറിയപ്പെടുന്ന ഒരു മികച്ച ചെസ്സ് കളിക്കാരനാകുവാനുമുള്ള അവസരം ഉണ്ടാകട്ടെ എന്നുള്ള പ്രാര്‍ത്ഥതനയുമായി കൂടെ തന്നെ ഉണ്ട് ജി എം എ കുടുംബം. ഈ ചെറു പ്രായത്തില്‍ തന്നെ അഭൂത പൂര്‍വ്വമായ നേട്ടം കൈ വരിച്ച തങ്ങളുടെ ഈ കൊച്ചു മിടുക്കന് ജി എം എ കുടുംബത്തിന്റെ എല്ലാ വിധ ആശംസകളും ജി എം എ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി ശ്രീ. എബിന്‍ ജോസ് എന്നിവര്‍ ചേര്‍ന്നു അര്‍പ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.