1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2016

സ്വന്തം ലേഖകന്‍: ചൈന ആഫ്രിക്കയിലേക്ക് കയറ്റി അയക്കുന്ന ഉണക്കിയ മാംസത്തില്‍ മനുഷ്യ മാംസമെന്ന് ആരോപണം. സാംബിയയിലെ ഒരു ടാബ്‌ളോയ്ഡാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ടത്. അതേസമയം വാര്‍ത്ത വ്യാജവും നിരുത്തരവാദപരവുമാണെന്ന് ചൈന തിരിച്ചടിച്ചു.

സ്ഥല പരിമിതിയും ജനസംഖ്യാ വര്‍ദ്ധനവും മൂലം മറവു ചെയ്യാന്‍ കഴിയാത്ത ശവങ്ങള്‍ ചൈനയിലെ മാംസം കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങള്‍ പ്രത്യേക സംവിധാനം ഉപയോഗിച്ച് ഉണക്കിയ മാംസമായി മാറ്റുകയുമാണെന്നും ചൈനയില്‍ നിന്നുള്ള മാംസാഹാരം വാങ്ങരുതെന്നും പത്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ചൈനയില്‍ താമസിക്കുന്ന ഒരു സാംബിയക്കാരിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ ഉദ്ധരിച്ച് പത്രം പുറത്തുവിട്ട വാര്‍ത്ത ചൈനീസ് അധികാരികളെ രോഷം കൊള്ളിക്കുകയും ചെയ്തു. ആരോപണം നിഷേധിച്ച ചൈന തങ്ങളെ അവഹേളിക്കാനുള്ള കുപ്രചരണം ആണിതെന്നും പത്രം ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ വ്യാപാര ബന്ധത്തെ ബാധിക്കുന്നതാണ് വാര്‍ത്തകളെന്നും ചൈന വ്യക്തമാക്കി. രണ്ടാഴ്ച മുമ്പാണ് ഫേസ്ബുക്കില്‍ ബാര്‍ബറ അകോസുവ അബോവാഗ്യേ എന്നയാളുടെ പോസ്റ്റ് വന്നത്. വളരെ പ്രധാനപ്പെട്ട ഈ വിവരം നിങ്ങളുടെ എല്ലാ സുഹൃത്തുക്കള്‍ക്കും അയക്കുക എന്ന് തുടങ്ങുന്ന പോസ്റ്റില്‍ മനുഷ്യ മൃതശരീരങ്ങളില്‍ നിന്നും ചൈന ഉണക്കിയ മാംസം സൃഷ്ടിച്ച് ആഫ്രിക്കയിലേക്ക് അയക്കുന്നതായും ഇത്തരം ബ്രാന്‍ഡുകളില്‍ നിന്നും ഇവ വില്‍ക്കുന്ന ആഫ്രോ ഏഷ്യന്‍ കടകളില്‍ നിന്നും അകന്നു നില്‍ക്കാനും പോസ്റ്റില്‍ ആഹ്വാനം ചെയ്യുന്നു.

ജനസംഖ്യ കൂടുതലും സ്ഥലക്കുറവും മൂലം ഇങ്ങിനെ ചെയ്യുന്നതായി ചൈനയിലെ മാംസ ഫാക്ടറികളിലെ ചില ജോലിക്കാരുടെ വാക്കുകളും റിപ്പോര്‍ട്ടില്‍ പത്രം ചേര്‍ത്തിട്ടുണ്ട്. ഞെട്ടിക്കുന്ന ചിത്രങ്ങള്‍ക്കൊപ്പമാണ് റിപ്പോര്‍ട്ട്. അതേസമയം 2012 ല്‍ പുറത്തു വന്ന വീഡിയോ ഗെയിം ‘റസിഡന്റ് ഇവിള്‍ 6’ ലെ ചിത്രങ്ങള്‍ പ്രചരിപ്പിക്കാനുള്ള തന്ത്രമാണ് ഇതെന്നും ആരോപണമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.