1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2020

സ്വന്തം ലേഖകൻ: പാകിസ്താനെ പോലെ ആകണമെന്ന് അഫ്ഗാനിസ്ഥാനോടും നേപ്പാളിനോടും ആവശ്യപ്പെട്ട് ചൈന. ഉരുക്ക് സഹോദരനായ പാകിസ്താനെ പോലെ ആകണമെന്നാണ് ഇരു രാജ്യങ്ങളോടും ചൈന ആവശ്യപ്പെട്ടത്. കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ സഹകരണം ഉറപ്പാക്കുന്നത് സംബന്ധിച്ച് നാല് രാജ്യങ്ങളും തമ്മില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യമന്ത്രിയുമായ വാങ് യി പാകിസ്താനെ മാതൃകയാക്കണമെന്ന തരത്തിലുള്ള പരമാര്‍ശം നടത്തിയത്.

അഫ്ഗാനിസ്ഥാനും നേപ്പാളും പാകിസ്താനെ പോലെ ആകണമെന്നും കൊവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ നാല് രാജ്യങ്ങളുടെ സഹകരണം ശക്തമാക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

കൊവിഡ് 19 പ്രതിസന്ധിയെ തരണം ചെയ്യുന്നതിനും ചൈന-പാകിസ്താന്‍ ഇക്കണോമിക് കോറിഡോര്‍ (സി.പി.ഇ.സി) ഉള്‍പ്പെടെയുള്ള ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (ബി.ആര്‍.ഐ) പ്രകാരമുള്ള പദ്ധതികളുടെ പ്രവര്‍ത്തനം തുടരുന്നതിനും നാല് കക്ഷി സഹകരണം ഉണ്ടാക്കണമെന്ന് ചൈന അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, പാകിസ്ഥാന്‍ എന്നിവരോട് ആവശ്യപ്പെട്ടു.

യോഗത്തില്‍ അഫ്ഗാനിസ്ഥാന്‍ ആക്ടിംഗ് വിദേശകാര്യ മന്ത്രി മുഹമ്മദ് ഹനീഫ് ആത്മര്‍, പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി, സാമ്പത്തികകാര്യ മന്ത്രി ഖുസ്രോ ബക്ത്യാര്‍, നേപ്പാള്‍ വിദേശകാര്യ മന്ത്രി പ്രദീപ് കുമാര്‍ ഗ്യാവാലി എന്നിവര്‍ പങ്കെടുത്തു.

മഹാമാരിക്കെതിരെ ഐക്യത്തോടെ പോരാടണമെന്നും അതിനെ രാഷ്ട്രീയവൽക്കരിക്കുന്നത് ഒഴിവാക്കണമെന്നും ലോകാരോഗ്യ സംഘടനയെ (ഡബ്ല്യുഎച്ച്ഒ) പിന്തുണയ്ക്കണമെന്നും യോഗത്തിൽ ധാരണയായി. ഈ മാസമാദ്യം ഡബ്ല്യുഎച്ച്ഒയിൽനിന്ന് യുഎസ് പിന്മാറുകയാണെന്ന് ഐക്യരാഷ്ട്ര സംഘടനയെ ട്രംപ് ഭരണകൂടം ഔദ്യോഗികമായി അറിയിച്ചിരുന്നു.

മഹാമാരിക്കുശേഷം ചൈനയുടെ ബെൽറ്റ് ആന്‍ഡ് റോഡ് പദ്ധതിക്കായി യോജിച്ചു പ്രവർത്തിക്കണമെന്നും യി ആവശ്യപ്പെട്ടു. ബെൽറ്റ് റോഡ് പദ്ധതിയുടെ ഭാഗമായി പാക്കിസ്ഥാനിലേക്കുള്ള ചൈനയുടെ സാമ്പത്തിക ഇടനാഴി കടന്നുപോകുന്നത് പാക്ക് അധിനിവേശ കശ്മീരിലൂടെയാണ്. ഇതിൽ ഇന്ത്യ എതിർപ്പ് അറിയിച്ചിട്ടുണ്ട്. നേപ്പാളിനെ ചൈനയുമായി ബന്ധിപ്പിക്കുന്ന, ടിബറ്റിലൂടെ പോകുന്ന പാതയുടെ കാര്യത്തിലും ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.