1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2017

സ്വന്തം ലേഖകന്‍: കശ്മീരില്‍ തലയിടാന്‍ വീണ്ടും ചൈന, കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് വാഗ്ദാനം. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ ആദ്യമല്ലെന്നും എല്ലാം സംസാരിച്ച് തീര്‍ക്കാമെന്നും, വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറിന്റെ പ്രതികരണത്തിന് പിന്നാലെയണ് കശ്മീര്‍ പ്രശ്‌നത്തിന് മധ്യസ്ഥത വഹിക്കുവാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ചൈന രംഗത്തെത്തിയത്.

ഇന്ത്യാ പാക്ക് അതിര്‍ത്തില്‍ അസ്വസ്ഥത നിലനില്‍ക്കുന്നത് മേഖലയില്‍ ഒട്ടാകെ സമാധാനം പുനസ്ഥാപിക്കാന്‍ തടസമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷ്വാങ് ബീജിങ്ങില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ചത്. അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ വഴി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഇസ്ലാമാബാദിനോടും ന്യൂഡല്‍ഹിയോടും ചൈനീസ് വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടിട്ടുമുണ്ട്.

ചൈനീസ് മണ്ണില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമാണ് ഇന്ത്യയും ചൈനയും തമ്മിലുള്ളതെന്നും ജെങ് ഷ്വാങ് പറഞ്ഞു. സിക്കിമില്‍ ഉള്ളത് വലിയൊരു അതിര്‍ത്തിയാണ്. എല്ലാവര്‍ക്കും അറിയാവുന്ന പോലെതന്നെ ഇത് കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ല. അതിനാല്‍ തന്നെ തര്‍ക്കങ്ങള്‍ ഉണ്ടായേക്കാമെന്നും വിദേശകാര്യ സെക്രട്ടറി സിംഗപ്പൂരില്‍ പറഞ്ഞിരുന്നു.

ഇന്ത്യ, ചൈന, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത അതിര്‍ത്തി മേഖലയായ ദോക് ലാമില്‍ ചൈനീസ് സൈന്യം അതിര്‍ത്തി ലംഘിച്ച് പണി നടത്തിയത് ഇന്ത്യ തടഞ്ഞതോടെയാണ് സിക്കിമിലെ സംഘര്‍ഷങ്ങളുടെ തുടക്കം. ഭൂട്ടാന്റെ കൈവശമുള്ള പ്രദേശത്തെ ചൈനീസ് സൈന്യത്തിന്റെ കയ്യേറ്റം തന്ത്രപ്രധാന ഭൂപ്രദേശത്തെ ഇന്ത്യയുടെ സ്വാധീനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ബോധ്യമായതിനാലാണ് ചൈനയെ തടഞ്ഞതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
ഭൂട്ടാന്‍ ഔദ്യോഗികമായി സഹായം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

അതേസമയം ചൈനീസ് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ, കശ്മീരിലെ സാഹചര്യം എന്നിവ രാജ്യത്തെ പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ആഭ്യന്തര സാഹചര്യങ്ങള്‍ പ്രധാന പ്രതിപക്ഷ കക്ഷികളെ അറിയിക്കുകയെന്ന ചുമതലയുടെ ഭാഗമായാണ് പ്രത്യേക യോഗം വിളിച്ചിരിക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന യോഗത്തില്‍ കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങ്, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവര്‍ കാര്യങ്ങള്‍ വിശദീകരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.