1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2017

സ്വന്തം ലേഖകന്‍: ചൈനയില്‍ പ്രസിഡന്റ് ഷി ചിന്‍പിങിന്റെ ഉരുക്കു മുഷ്ടി മുറുകുന്നു, ചിന്‍പിങ് എഴുതിയ പുസ്തകം വായിക്കാന്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നിര്‍ദ്ദേശം. ഷി ചിന്‍പിങ്ങിന്റെ പ്രസംഗങ്ങളും തത്വചിന്തകളും നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളുന്ന പുസ്തകമാണ് ചൈനീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും വായിച്ചിരിക്കണമെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി നിര്‍ദ്ദേശിച്ചത്.

‘ഷി ചിന്‍പിങ്: ദ് ഗവേണന്‍സ് ഓഫ് ചൈന’ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഈ മാസം ആദ്യമാണ് പുറത്തിറക്കിയത്. നേരത്തെ, ഷിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം ചൈനയിലെ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കി മാറ്റാന്‍ ചൈന തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങളും രാഷ്ട്രീയ പ്രത്യയശാസ്ത്രവും ഉള്‍ക്കൊള്ളുന്ന പുസ്തകം ഉദ്യോഗസ്ഥര്‍ വായിച്ചിരിക്കണമെന്ന നിര്‍ബന്ധ സ്വഭാവമുള്ള ഉത്തരവ്.

നേരത്തെ, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ പേരും പ്രത്യയശാസ്ത്രവും ഉള്‍പ്പെടുത്തി ഭരണഘടന ഭേദഗതി ചെയ്യാന്‍ പത്തൊന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസ് അനുമതി നല്‍കിയിരുന്നു. ചിന്‍പിങ്ങിനെ പാര്‍ട്ടി സ്ഥാപകന്‍ മാവോ സെദുങ്ങിനും മറ്റൊരു പ്രമുഖ നേതാവ് ഡെങ് സിയാവോ പിങ്ങിനും തുല്യം ആദരണീയനാക്കി മാറ്റുന്നതാണു ഭരണഘടനാ ഭേദഗതി.

മാവോയുടെയും ഡെങ്ങിന്റെയും പേരുകള്‍ മാത്രമായിരുന്നു ഇതുവരെ ഭരണഘടനയിലുണ്ടായിരുന്നത്. മുന്‍ നേതാക്കളായ ഹു ജിന്റാവോയുടെയും ജിയാങ് സെമിന്റെയും ദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവരുടെ പേരു ഭരണഘടനയിലില്ല. ഷിയെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.