1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2017

സ്വന്തം ലേഖകന്‍: വിദേശത്തെ ചൈനയുടെ ആദ്യ സൈനിക താവളം ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ തുറന്നു, നീക്കം ഇന്ത്യന്‍ സമുദ്ര മേഖലയില്‍ സാന്നിധ്യം ഉറപ്പാക്കാന്‍. ദക്ഷിണ ചൈനയിലെ ഷന്‍ജിയാംഗില്‍ നിന്ന് പിഎല്‍എ(പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി) സൈനികരുമായി ഇന്നലെ ചൈനീസ് യുദ്ധക്കപ്പലുകള്‍ ജിബൂട്ടിക്കു തിരിച്ചതായി സിന്‍ഹുവാ വാര്‍ത്താ ഏജന്‍സി അറിയിച്ചു. ജിബൂട്ടിയിലേക്ക് അയച്ച സൈനികരുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യന്‍ സമുദ്ര മേഖലയില്‍ സൈനിക സാന്നിധ്യം ശക്തമാക്കാനുള്ള ചൈനയുടെ നീക്കത്തിന്റെ ഭാഗമാണിതെന്നു വിലയിരുത്തപ്പെടുന്നു. ആഫ്രിക്കയിലും വെസ്റ്റ് ഏഷ്യയിലും സമാധാനപാലനം, ജീവകാരുണ്യ സഹായം തുടങ്ങിയ ദൗത്യങ്ങള്‍ നിറവേറ്റുകയാണു ജിബൂട്ടി താവളത്തിന്റെ ലക്ഷ്യമെന്നു പിഎല്‍എ പറഞ്ഞു. സംയുക്ത സൈനികാഭ്യാസം, കപ്പല്‍ച്ചാലുകളുടെ സംരക്ഷണം തുടങ്ങിയവയാണു മറ്റു ലക്ഷ്യങ്ങള്‍.

2011ലാണ് ജിബൂട്ടി സൈനികത്താവളത്തിന്റെ നിര്‍മാണം ചൈന ആരംഭിച്ചത്. ഒരു വിദേശരാജ്യത്തു ചൈന നിര്‍മിക്കുന്ന ആദ്യ താവളമാണ്. രണ്ടാമത്തെ താവളം പാക്കിസ്ഥാനിലെ ഗ്വാദറിലാണ്. ചൈനാപാക് സാന്പത്തിക ഇടനാഴിയുടെ ഭാഗമാണിത്. ഇതിനു പുറമേ ശ്രീലങ്കയിലെ ഹന്പന്‍ടോട്ട തുറമുഖം ഏറ്റെടുക്കാനും ചൈനയ്ക്കു പദ്ധതിയുണ്ട്.

എത്യോപ്യ, എരിത്രിയ, സോമാലിയ എന്നീ രാജ്യങ്ങളുടെ ഇടയില്‍ സ്ഥിതിചെയ്യുന്ന ജിബൂട്ടി തന്ത്രപ്രധാനമേഖലയാണ്. ഇവിടത്തെ ചൈനീസ് സൈനികത്താവള നിര്‍മാണത്തിനെതിരെ അമേരിക്കയും അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. അമേരിക്കയുടെ ക്യാമ്പ് ലെമണിയര്‍ സൈനികത്താവളത്തിലേക്ക് ജിബൂട്ടിയിലെ ചൈനീസ് താവളത്തില്‍നിന്ന് ഏതാനും കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു. ദക്ഷിണ ചൈനാ സമുദ്രത്തില്‍ കുത്തക അവകാശപ്പെടുന്ന ചൈന അവിടെ ദ്വീപുകള്‍ നിര്‍മിക്കുകയും മറ്റു രാജ്യങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നേരത്തെ വാക് പോരാട്ടം നടന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.