1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2017

സ്വന്തം ലേഖകന്‍: ടിബറ്റിലൂടെ നേപ്പാളിലേക്ക് ചൈനയുടെ നാലുവരി പാത തുറന്നു, ഇന്ത്യക്കെതിരെ തന്ത്രപ്രധാന നീക്കമെന്ന് നിരീക്ഷകര്‍. ടിബറ്റ് സ്വയംഭരണ പ്രദേശത്തുള്ള ഷിഗാസെ സിറ്റി മുതല്‍ ഷിഗാസെ വിമാനത്താവളം വരെയുള്ള 40.4 കിലോമീറ്റര്‍ ഹൈവേയാണ് ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുള്ളത്. ഈ പാതയെ നേപ്പാള്‍ അതിര്‍ത്തിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയ്ക്ക് ഏറെ ആശങ്കയുണ്ടാക്കുന്ന തരത്തിലാണ് ടിബറ്റിലൂടെ നേപ്പാള്‍ അതിര്‍ത്തിയിലേക്കുള്ള ഈ തന്ത്രപ്രധാന പാതയുടെ നിര്‍മാണം. ആവശ്യ സമയത്ത് സൈനിക നീക്കം നടത്താന്‍ കഴിയുന്ന തരത്തിലുള്ള പ്രതിരോധ ആവശ്യങ്ങള്‍ കൂടി മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള ഹൈവേയാണ് ചൈന ഗതാഗതത്തിന് തുറന്നു കൊടുത്തിരിക്കുന്നത്. ചൈനയുടെ തന്ത്രപ്രധാനമായ വിമാനത്താവളങ്ങളില്‍ ഒന്ന് ഷിഗാസെയിലാണ്.

വിമാനത്താവളത്തിലേക്കുള്ള ഷിഗാസെ സിറ്റിയില്‍ നിന്നുള്ള യാത്രാ സമയത്തിനെ ഒരു മണിക്കൂറില്‍ നിന്ന് 30 മിനിറ്റായി കുറയ്ക്കാന്‍ സഹായിക്കുന്നതാണ് പുതിയ പാത. ദക്ഷിണേഷ്യയിലേക്കുള്ള തന്ത്രപ്രധാന പാതയെന്നാണ് പുതിയ ഹൈവേയെ ചൈനീസ് സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസ് വിശേഷിപ്പിച്ചത്. നേപ്പാളിലേക്ക് റെയില്‍വേ ലൈന്‍ നിര്‍മ്മിക്കുന്നതിന് മുന്നോടിയായുള്ള നീക്കമെന്നാണ് ഈ ഹൈവേയെ വിശേഷിപ്പിക്കുന്നത്.

ഷിഗാസെ ലാസാ റെയില്‍ പാതയ്ക്ക് സമാന്തരമായാണ് പുതിയ റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ റോഡിനെ ടിബറ്റിന്റെ തലസ്ഥാനമായ ലാസയിലേക്കുള്ള പാതയായ ജി318 മായി ബന്ധിപ്പിക്കും. റെയില്‍ പാത നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലാസയില്‍ നിന്ന് നേപ്പാള്‍ വരെ ട്രയിന്‍ യാത്ര സാധ്യമാകുകയും ചെയ്യും. അതേസമയം ചൈനയെ സംബന്ധിച്ച് സൈനികപരമായ പ്രാധാന്യവും ജി 318 ഹൈവേയ്ക്കുണ്ട്.

ഈ ഹൈവേയുടെ ഒരുഭാഗം അവസാനിക്കുന്നത് ഇന്ത്യയിലെ അരുണാചല്‍ പ്രദേശിനു സമീപമുള്ള ടിബറ്റന്‍ നഗരമായ നിങ്ചിയിലാണ്. അഞ്ച് വര്‍ഷത്തിനിടെ, ടിബറ്റിലെ ഹൈവേകളുടെ നിലവാരം ഗണ്യമായി വര്‍ധിച്ചതായി ചൈനീസ് മാധ്യമമായ സിന്‍ഹുവാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2011ല്‍ 19,000 കിലോമീറ്റര്‍ മാത്രമായിരുന്ന ടിബറ്റിലെ ഹൈവേകള്‍ 2016 ആയപ്പോള്‍ 80,000 കിലോമീറ്റര്‍ ആയി വര്‍ധിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.