1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2017

സ്വന്തം ലേഖകന്‍: പാകിസ്താനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ചൈനക്കാര്‍ മതപ്രചാരകരായ സുവിശേഷ പ്രവര്‍ത്തകരെന്ന് പാക് സര്‍ക്കാര്‍. പാക് ബലൂചിസ്താനില്‍ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ച ചൈനീസ് ദമ്പതികള്‍ ബിസിനസ് വിസയില്‍ പാകിസ്താനില്‍ എത്തി മേഖലയില്‍ മത, സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരാണെന്ന പാക് അധികൃതരുടെ വാദമാണ് വിവാദമാകുന്നത്.

മേയ് 24നാണ് ലീ സിങ് യാങ്, മെങ് ലി സി എന്നിവരെ ബലൂചിസ്താനിലെ ജിന്ന നഗരത്തില്‍നിന്ന് കാണാതായത്. ഇരുവരും ബിസിനസ് വിസയില്‍ ചൈനയില്‍നിന്ന് രാജ്യത്തെത്തിയ ഒരു സംഘത്തില്‍ ഉണ്ടായിരുന്നവരാണെന്നും അതിനുശേഷം ക്വറ്റയില്‍ എത്തി ഇവിടെയുള്ള കൊറിയക്കാരില്‍നിന്ന് ഉര്‍ദു പഠിക്കുകയാണെന്ന വ്യാജേന സുവിശേഷ പ്രഭാഷണങ്ങളില്‍ ഏര്‍പ്പെട്ടുവരുകയായിരുന്നുവെന്നും പാക് ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ പറഞ്ഞതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉന്നതതല യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

വിദേശികള്‍ വിസ നിയമങ്ങള്‍ ലംഘിക്കുന്നതില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച അദ്ദേഹം ചൈനീസ് പൗരന്മാര്‍ക്ക് വിസ അനുവദിക്കുന്ന നടപടിക്രമങ്ങള്‍ പരിശോധിക്കാനും ചൈനീസ് തൊഴിലാളികളുടെ വിശദവിവരങ്ങള്‍ എടുത്തു സൂക്ഷിക്കാനും നിര്‍ദേശം നല്‍കി. രാജ്യത്തെത്തുന്ന വിദേശികളുടെ സുരക്ഷ പാകിസ്താന്റെ ഉത്തരവാദിത്തമാണെന്നും എന്നാല്‍, അതുപോലെതന്നെ ഇവിടെയുള്ള വിസ നിയമങ്ങള്‍ പാലിക്കാന്‍ അവരും ബാധ്യസ്ഥരാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

നേരത്തേ ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയോട് അനുബന്ധിച്ച യോഗത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പാക് പ്രധാനമന്ത്രി നവാസ് ശരീഫിന് മുഖം കൊടുക്കാതെ ഒഴിഞ്ഞുമാറിയത് വാര്‍ത്തയായിരുന്നു. പൗരന്മാരുടെ കൊലയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഉലയുന്നതായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.