1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2017

സ്വന്തം ലേഖകന്‍: പുതിയ യുദ്ധമുറകള്‍ പഠിക്കാന്‍ ചൈനീസ് സൈനികരോട് പ്രസിഡന്റ് ഷി ജിങ്പിങ്ങിന്റെ ആഹ്വാനം, സൈനിക ശേഷി വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ നീക്കമെന്ന് സൂചന. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സായുധ വിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ പുതിയതായി രൂപംകൊടുത്ത 84 സൈനിക ഘടകങ്ങളോടാണ് സാങ്കേതിക ശേഷികള്‍ വികസിപ്പിക്കുന്നതിന് പ്രസിഡന്റ് ആഹ്വാനം ചെയ്തത്.

യുദ്ധത്തെക്കുറിച്ച് പഠിക്കാനും ആയോധന മുറകളില്‍ വൈദഗ്ധ്യം നേടാനുമാണ് ചൈനീസ് സൈന്യാധിപന്‍ കൂടിയായ ജിങ്പിങ്ങിന്റെ ആഹ്വാനം. ഇതിനായി കൂടുതല്‍ പരിശീലനം നടത്താനും പുതിയ തരം യുദ്ധ മുറകള്‍ രൂപപ്പെടുത്താനും അദ്ദേഹം ആവശ്യപ്പെട്ടതായി ചൈനീസ് സര്‍ക്കാര്‍ മാധ്യമം റിപ്പോര്‍ട്ടുചെയ്തു. ഇലക്ട്രോണിക്‌സ്, വിവര സാങ്കേതികത, വ്യോമയുദ്ധം തുടങ്ങിയവയുമായി ബന്ധപ്പെട്ട യുദ്ധമുറകള്‍ക്ക് ഊന്നല്‍ നല്‍കാനാണ് ചൈനീസ് പ്രസിഡന്റ് ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്ക ദക്ഷിണ കൊറിയയില്‍ ടെര്‍മിനല്‍ ഹൈ ആള്‍റ്റിറ്റിയൂഡ് ഏരിയാ ഡിഫന്‍സ് എന്ന മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിച്ചതിലുള്ള അതൃപ്തി ചൈന പ്രകടിപ്പിച്ചിരുന്നു. ചൈനയുടെ ഒട്ടമിക്ക മേഖലകളും നിരീക്ഷിക്കാന്‍ ശേഷിയുള്ളതാണ് ഈ സംവിധാനം. കൂടാതെ ചൈനയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന ഇന്ത്യ, ജപ്പാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളുമായുള്ള ബന്ധവും ചൈനയെ സൈനിക രംഗത്ത് പുനക്രമീകരണങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതമാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ ഭാഗമായാണ് സൈന്യത്തില്‍ പുതിയ 84 യൂണിറ്റുകള്‍ രൂപീകരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.