1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2017

 

സ്വന്തം ലേഖകന്‍: റോക്ക് ആന്‍ഡ് റോള്‍ ഇതിഹാസം ചക് ബറി ഓര്‍മയായി, അന്ത്യം യുഎസിലെ സ്വവസതിയില്‍വച്ച്. റോക്ക് ആന്‍ഡ് റോള്‍ സംഗീത ലോകത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്ന ചക് ബെറിക്ക് 90 വയസായിരുന്നു. മിസൂറി സെന്റ് ചാള്‍സ് കൌണ്ടിയിലെ വസതിയില്‍ വെച്ച് ചക് ബെറി നിര്യാതനായ വിവരം ബെറിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ലോകത്തെ അറിയിച്ചത്.

സെയ്ന്റ് ലൂയിയിലെ മധ്യവര്‍ഗ കുടുംബത്തില്‍ ജനിച്ച അദ്ദേഹം വംശീയ വേര്‍തിരിവുകള്‍ മറികടക്കാന്‍ സംഗീതത്തെ ആയുധമാക്കി. ഗിറ്റാറുമായി വെള്ളക്കാരായ ആസ്വാദകരുടെ പ്രിയങ്കരനായി മാറിയെങ്കിലും പിന്നീട് സംഘടിത വംശീയതയുടെ ഇരയാകുകയും ചെയ്തു. 1959 ല്‍ മിസിസിപ്പിയില്‍ നടന്ന സംഗീതപരിപാടിയില്‍ വെള്ളക്കാരിയെ ചുംബിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ചക് അറസ്റ്റിലായി.

തുടര്‍ന്നങ്ങോട്ട് വെള്ളക്കാരുടെ നീതിന്യായ വ്യവസ്ഥ നികുതിവെട്ടിപ്പിനും ലഹരിമരുന്നു കൈവശംവെച്ചതിനും നിരന്തരം അദ്ദേഹത്തെ വേട്ടയാടി. വെള്ളക്കാരായ ഗായകരും ബ്രിട്ടീഷ് ഗായക സംഘങ്ങളായ ബീറ്റില്‍സും റോളിങ് സ്റ്റോണും ഇതു മുതലാക്കി വളരുകയും ചെയ്തു. എന്നാല്‍ ഈ വംശീയ പോരാട്ടത്തിനിടയിലും ചക് മികച്ച ഗാനങ്ങളുമായി ആരാധക ഹൃദയങ്ങള്‍ കീഴ്ടടക്കി.

‘റോള്‍ ഓവര്‍ ബീഥോവന്‍’, ‘സ്വീറ്റ് ലിറ്റില്‍ സിക്സ്റ്റീന്‍’, ‘കാരള്‍’, ‘ജോണി ബി. ഗുഡ്’ തുടങ്ങിയ ഗാനങ്ങളെല്ലാം വമ്പന്‍ ഹിറ്റുകളായി. വോയേജര്‍ ബഹിരാകാശ വാഹനത്തില്‍ റെക്കോഡ് ചെയ്തയച്ച ഗാനങ്ങളില്‍ ‘ജോണി ബി. ഗുഡും’ ഉണ്ടായിരുന്നു. 82 ആം വയസ്സിലും സംഗീതവുമായി രാജ്യാന്തരപര്യടനം നടത്തിയ ചക് 38 വര്‍ഷത്തിനു ശേഷം തന്റെ ആല്‍ബം ഈ വര്‍ഷം പുറത്തിറങ്ങാന്‍ ഇരിക്കെയാണ് മരണമെത്തിയത്. ‘ചക്’ എന്നാണ് ആല്‍ബത്തിന്റെ പേര്.

റോക്ക് ആന്‍ഡ് റോള്‍ സംഗീതത്തിന്റെ പിതാവെന്ന് പലരും വിശേഷിപ്പിക്കുമ്പോഴും ആ പദം ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. റോക്ക് ആന്‍ഡ് റോളിന്റെ ‘ഹോള്‍ ഓഫ് ഫെയി’മില്‍ അംഗമായ ആദ്യ സംഗീതജ്ഞരില്‍ ഒരാളാണ്. ‘ചക് ബെറി: ദ ഓട്ടോബയോഗ്രഫി’ ആണ് ഇദ്ദേഹത്തിന്റെ ആത്മകഥ. 1984 ല്‍ സമഗ്ര സംഭാവനയക്കുള്ള ഗ്രാമി അവാര്‍ഡ് നല്‍കി ചക് ബറിയെ സംഗീത ലോകം ആദരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.