1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2019

സ്വന്തം ലേഖകൻ: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ പൗരത്വ ഭേദഗതി നിയമത്തിന് കേരളത്തില്‍ സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ വിരുദ്ധമായ ഈ നിയമത്തിലുള്ള വിയോജിപ്പ് കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്. ഈ കരിനിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാനസര്‍ക്കാര്‍ ചോദ്യംചെയ്യും. ഇത്തരത്തിലുള്ള ഭരണഘടനാവിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ല. ഇത്തരമൊരു നിയമം കേരളത്തില്‍ നടപ്പാക്കുകയുമില്ല.

ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഏതു മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്. അത് എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് രാജ്യത്തിന്റെ നയം. അതുതന്നെയാണ് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേരളത്തില്‍ മതാടിസ്ഥാനത്തിലുള്ള ഒരു വേര്‍തിരിവും അനുവദിക്കില്ല. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അതിനുള്ള വേദികളിലൂടെ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഭരണഘടനയുടെ അടിത്തറതന്നെ മതേതരത്വമാണെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. മതനിരപേക്ഷതയാണ് നമ്മുടെ രാജ്യത്തിന്റെ ഔന്നത്യം. മതത്തിന്റെ മാത്രം അടിസ്ഥാനത്തിലുള്ള വേര്‍തിരിവാണ് നിയമത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിക്കുന്നത്. മതേതരത്വം തകര്‍ത്ത് രാജ്യത്ത് കലാപം സൃഷ്ടിക്കാനാണ് നിയമം കൊണ്ടുവരുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണംകെടുത്തുന്ന നിയമമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

“ഹിന്ദു രാഷ്ട്രം എന്ന ആശയം യാഥാര്‍ഥ്യമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. സമഗ്രാധിപത്യം സ്ഥാപിക്കാനും ഇന്ത്യയെ മതരാഷ്ട്രമാക്കാനുമുള്ള ഗൂഢാലോചനയാണ് അരങ്ങേറുന്നത്. ഹിറ്റ്‌ലര്‍ ജര്‍മനിയിലുമൊക്കെ പയറ്റിയ തന്ത്രമാണിത്. അതിന് അധികം ആയുസ്സുണ്ടാകില്ലെന്ന് ചരിത്രം വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയുടെ അടിസ്ഥാനത്തെ അട്ടിമറിക്കാന്‍ കഴിയില്ല”. ഈ നിയമം ജുഡീഷ്യല്‍ പരിശോധനയില്‍ നിലനില്‍ക്കില്ല എന്ന് വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.