1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 10, 2019

സ്വന്തം ലേഖകൻ: ലോക്‌സഭയിൽ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയിൽ നിലപാട് മാറ്റി. പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് രാജ്യസഭയിൽ കൃത്യമായ മറുപടി ലഭിക്കാതെ പിന്തുണയ്ക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‌ലിം ഇതര അഭയാർഥികൾക്ക് പൗരത്വം അനുവദിക്കുന്ന പൗരത്വ (ഭേദഗതി) ബിൽ ലോക്‌സഭ പാസാക്കിയിരുന്നു.

“ഞങ്ങൾ നിരവധി ചോദ്യങ്ങൾ ചോദിച്ചു. ദേശീയ സുരക്ഷ മുതൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ അവകാശങ്ങൾ വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുമെന്ന് ഞങ്ങൾ കരുതി. ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചില്ലെങ്കിൽ രാജ്യസഭയിൽ ബില്ലിനെ പിന്തുണയ്ക്കില്ല. ബില്ലിനെ പിന്തുണയ്ക്കുകയോ എതിർക്കുകയോ ചെയ്യുന്ന ഓരോ പാർട്ടിയും ദേശീയ താൽപ്പര്യത്തിൽ വ്യക്തത ആവശ്യപ്പെടുന്നു. ഇതിൽ വ്യക്തത ഉറപ്പാക്കണം,” താക്കറെ പറഞ്ഞു.

കേന്ദ്ര സർക്കാരിന് വോട്ടുചെയ്തവർ ദേശസ്‌നേഹിയാണെന്നും എതിരായി വോട്ട് ചെയ്തവർ ദേശവിരുദ്ധരാണെന്നും ഒരു ധാരണയുണ്ട്. ആ മിഥ്യാധാരണയിൽ നിന്ന് നാം പുറത്തുകടക്കണമെന്നും താക്കറെ ആവശ്യപ്പെട്ടു. ദേശീയ താൽപ്പര്യം കണക്കിലെടുത്ത് ബില്ലിനെ പിന്തുണയ്ക്കുമെന്നായിരുന്നു സേന എംപി അരവിന്ദ് സാവന്ത് എൻഡിടിവിയോട് പറഞ്ഞത്. ഇതിനു പിന്നാലെയാണ് ബില്ലിനെ പിന്തുണയ്ക്കില്ലെന്ന താക്കറെയുടെ പരാമർശം.

രാജ്യസഭയിൽ ബിജെപിക്ക് 83 എംപിമാരാണുളളത്. 238 അംഗങ്ങളിൽ നിലവിൽ 122 പേർ ബില്ലിനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. കൂടുതൽ പേരുടെ പിന്തുണ ലഭിക്കുമെന്നും പാർട്ടി കരുതുന്നുണ്ട്. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് രാജ്യസഭയിൽ അംഗങ്ങളുടെ പിന്തുണ കുറവായിരുന്നതിനാൽ ബിൽ പാസാക്കാൻ കഴിഞ്ഞിരുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.