1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2019

സ്വന്തം ലേഖകന്‍: ബാഗില്‍ വിഷക്കുപ്പിയുമായി നിധീഷ് നീതുവിനെ ഒരു മണിക്കൂര്‍ കാത്തു നിന്നു; ആരോടും കടുത്ത് പെരുമാറാത്ത നിധീഷ് ഇതൊക്കെ ചെയ്യുമോ? ചിയ്യാരത്ത് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടല്‍ മാറാതെ കേരളം. കൊച്ചിയില്‍ താമസിക്കുന്നിടത്തുനിന്ന് പ്രതി നിധീഷ് ചൊവ്വാഴ്ച അര്‍ധരാത്രി വടക്കേക്കാട് മുക്കിലപ്പീടികയിലെ സ്വന്തം വീട്ടിേലക്കു പുറപ്പെട്ടത് നീതുവിനെ കൊല്ലാനുറച്ചു തന്നെ. ബുധനാഴ്ച പുലര്‍ച്ചെ വീട്ടിലെത്തി.

അന്ന് പകല്‍ വീടിനു പുറത്തിറങ്ങിയില്ല. ജോലി ക്ഷീണം കാരണം ഉറങ്ങുകയാണെന്ന് വീട്ടുകാര്‍ കരുതി. എന്നാല്‍ നിധീഷ് ഈ സമയം കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. കുത്താനുപയോഗിച്ച കത്തി ഓണ്‍ലൈനിലൂടെ നേരത്തേ വാങ്ങി വെച്ചു. മൂര്‍ച്ചയേറിയ പുതിയ മോഡല്‍ കത്തിയാണ് വാങ്ങിയത്. ഇതോടൊപ്പം ഓണ്‍ലൈനിലൂടെ ബാഗും വാങ്ങി. ഈ ബാഗിലാണ് കത്തിയും പെട്രോളും തീകൊളുത്താനുള്ള ലൈറ്ററും സൂക്ഷിച്ചത്.

പെട്രോള്‍ കുപ്പിയില്‍ കിട്ടില്ല എന്നതിനാല്‍ കൊച്ചിയില്‍ നിന്നു തന്നെ ബൈക്കിന്റെ ടാങ്കുനിറച്ചു. കൊച്ചിയില്‍ നിന്ന് ഒരു കുപ്പി വെള്ളം വാങ്ങി ബാഗില്‍ സൂക്ഷിച്ചു. വ്യാഴാഴ്ച രാവിലെ നാലിന് ജോലി സ്ഥലത്തേക്കു പോകുകയാണെന്നുപറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. തൃശ്ശൂരിലേക്കുള്ള യാത്രയ്ക്കിടെ വെള്ളക്കുപ്പിയില്‍ വാഹനടാങ്കില്‍നിന്ന് പെട്രോള്‍ പകര്‍ത്തി ബാഗില്‍ വെച്ചു. ഇരുചക്ര യാത്രയില്‍ ഉപയോഗിക്കുന്ന ഗ്രിപ്പ് ഗ്ലൗസും ഉപയോഗിച്ചിരുന്നു. ഈ ഗ്ലൗസണിഞ്ഞാണ് കൃത്യം നിര്‍വഹിച്ചത്. അതിനു ശേഷം ഇത് വീട്ടുമുറ്റത്ത് ഉപേക്ഷിച്ചു.

നീതുവും പ്രതിയുമായി മൂന്നുവര്‍ഷമായി പരിചയമുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഒരു വര്‍ഷം മുന്പ് വിവാഹതാത്പര്യവുമായി നിധീഷ് നീതുവിന്റെ വീട്ടിലെത്തിയതായും വിവരമുണ്ട്. എന്നാല്‍ പഠിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വിവാഹാഭ്യര്‍ഥന നീതുവിന്റെ വീട്ടുകാര്‍ തള്ളി. ഇതിനുശേഷവും നീതുവിനെ കണ്ടിരുന്നതായി നിധീഷ് മൊഴി നല്‍കിയിട്ടുണ്ട്.

ബൈക്കില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് നിധീഷ് നീതുവിന്റെ വീട്ടിലെത്തിയത്. പുറത്തിടുന്ന ബാഗില്‍ കത്തിയും പെട്രോളും വിഷവും കരുതിയിരുന്നു. ആറരയോടെ നീതു വീടിനു പിന്നിലെ കുളിമുറിയിലേക്ക് വരുമ്പോഴാണ് അകത്തുകയറിയത്. ഇവിടെ വെച്ചാണ് വാക്കുതര്‍ക്കമുണ്ടായതും ആക്രമിച്ചതും. നീതു താനുമായി അടുപ്പത്തിലായിരുന്നെന്നും അതില്‍നിന്ന് പിന്‍മാറാന്‍ ശ്രമിച്ചതാണ് പകയ്ക്ക് കാരണമെന്നും പ്രതി മൊഴി നല്‍കിയതയായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജീവിതത്തിലെ ദുരന്തങ്ങളെ അതിജീവിച്ച് നന്നായി പഠിച്ച് മുന്നേറുകയായിരുന്നു നീതു. പാഠ്യേതര വിഷയങ്ങളിലും മുന്നിലായിരുന്നു ഈ മിടുക്കി. നന്നായി വായിച്ചിരുന്ന നീതു ചിത്രരചനയിലും നൃത്തത്തിലും മികവ് കാട്ടിയിരുന്നു. എല്ലാ കാര്യങ്ങളും വീട്ടുകാരുമായി തുറന്നു സംസാരിക്കുന്ന നീതു നിധീഷുമായി എന്തെങ്കിലും ബന്ധമുള്ളതിനെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്.

ചിയ്യാരത്ത് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിധീഷ് പിടിയിലായ വാര്‍ത്ത ഞെട്ടലോടെയാണ് നാടറിഞ്ഞത്. ശാന്ത സ്വഭാവക്കാരനായ, ആരോടും കടുത്ത് പെരുമാറാത്ത നിധീഷ് ഇതൊക്കെ ചെയ്യുമോ? സുഹൃത്തുക്കളും നാട്ടുകാരും പരസ്പരം ആവര്‍ത്തിച്ച് ചോദിച്ചതും ഇതായിരുന്നു. മൂന്നു വര്‍ഷത്തിലധികമായി എറണാകുളത്തെ സ്വകാര്യ കമ്പനിയിലാണ് നിധീഷ് ജോലി ചെയ്യുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.