1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2017

സ്വന്തം ലേഖകന്‍: ചൈനയില്‍ പ്രസിഡന്റ് ഷി ജിന്‍പിങിനെ അട്ടിമറിക്കാന്‍ പാര്‍ട്ടിയില്‍ ശ്രമം നടന്നതായി വെളിപ്പെടുത്തല്‍, അഴിമതിയ്ക്ക് എതിരായ പോരാട്ടം എന്ന പേരില്‍ നടന്നത് ശുദ്ധീകരണമെന്നും ആരോപണം. രാജ്യത്തെ ഓഹരിപണ വിപണികളുടെ റെഗുലേറ്ററായ ലിയു ഷിയു ആണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഹോങ്കോംഗിലെ ദ സ്റ്റാന്‍ഡാര്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഷിയുടെ അധികാരം പാര്‍ട്ടിയിലും സര്‍ക്കാരിലും ഉറപ്പിക്കാനാണ് അഴിമതിയ്ക്ക് എതിരായ യുദ്ധം എന്ന പേരില്‍ പാര്‍ട്ടിയിലെയും സൈന്യത്തിലെയും ആയിരക്കണക്കിനു പേരെ പുറത്താക്കിയതെന്നു പാശ്ചാത്യ മാധ്യമങ്ങള്‍ അന്നു തന്നെ ആരോപിച്ചിരുന്നു.

ചോങ്കിംഗിലെ മുന്‍ പാര്‍ട്ടി മേധാവി ബോ ഷിലായി, ആഭ്യന്തര സുരക്ഷാ മേധാവിയായിരുന്ന ചൗ യോംഗ് കാംഗ്, കേന്ദ്ര മിലിട്ടറി കമ്മീഷന്‍ വൈസ് ചെയര്‍മാന്മാരായിരുന്ന ഗുവോ ബോഷിയോംഗ്, ഷു കൈഹൂ എന്നിവരും മുന്‍ പ്രസിഡന്റ് ഹു ജിന്‍ടാവോയുടെ ഉപദേഷ്ടാവ് ലിംഗ് ജിഹുവ, ചോങ്കിംഗിലെ പാര്‍ട്ടി സെക്രട്ടറി സണ്‍ ചെംഗ്കായ് എന്നിവരെയാണ് അട്ടിമറിക്കാരായി വിശേഷിപ്പിക്കുന്നത്. 2012 മുതല്‍ 2017 ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് ഇവര്‍ ആറു പേരേയും അറസ്റ്റ് ചെയ്ത് ജയിലാക്കിയത്.

അഴിമതിയ്ക്ക് എതിരായ പോരാട്ടത്തിന്റെ ഭാഗമാണ് അറസ്റ്റ് എന്നായിരുന്നു അന്ന് പാര്‍ട്ടി നിലപാട്. എന്നാല്‍ അതു മാത്രമല്ലെന്നും പാര്‍ട്ടിയും ഭരണവും പിടിക്കാന്‍ ശ്രമിച്ചതാണ് യഥാര്‍ഥ കാരണമെന്നും ഇതാദ്യമായാണ് ഒരു മുതിര്‍ന്ന നേതാവ് വെളിപ്പെടുത്തുന്നത്. ചൈനയിലെ അഴിമതി വിരുദ്ധ നീക്കങ്ങള്‍ക്കു നേതൃത്വം നല്കുന്ന വംഗ് ചീഷാന്‍ ആരുടെയും പേരു പറയാതെ അട്ടിമറി നീക്കത്തെപ്പറ്റി കഴിഞ്ഞ ഡിസംബറില്‍ സൂചന നല്‍കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.