1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2015

ലണ്ടന്‍: യു.കെ.യിലെ എന്‍.എച്ച്.എസ്. ആശുപത്രികളിലെ നേഴ്‌സുമാരുടെ കനത്ത ക്ഷാമം പരിഹരിക്കാന്‍ കെയറര്‍മാരായി ജോലി ചെയ്യുന്ന ഏഷ്യന്‍ നേഴ്‌സുമാര്‍ക്ക് പിന്‍ നമ്പര്‍ നല്‍കണമെന്ന ആവശ്യവുമായി സാബു കുര്യന്‍ വീണ്ടും മന്ത്രിമാരെ കണ്ടു. ഇന്നലെ നടന്ന ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നടന്ന ഇന്ത്യന്‍ വംശജരായ മന്ത്രിമാരുടെയും  കണ്‍സര്‍വേറ്റീവ്  ഫ്രണ്ട്‌സ് ഓഫ്  ഇന്ത്യ നേതാക്കളുടെയും യോഗത്തിലാണ് സാബു കുര്യന്‍ ഈ ആവശ്യം വീണ്ടും ഉന്നയിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് ഏറെക്കാലമായി പാര്‍ട്ടിയിലും സര്‍ക്കാരിലും സമ്മര്‍ദം ചെലുത്തുകയാണ് ് കണ്‍സര്‍വേറ്റീവ് ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയൂടെ പേട്രണ്‍ ആയ സാബു കുര്യന്‍.

ഐ.എല്‍.ടി.എസിന് ഉന്നത സ്‌കോര്‍ ഇല്ലാത്തതിന്റെ പേരില്‍ ആയിരക്കണക്കിന് ഇന്ത്യന്‍ നേഴ്‌സുമാര്‍ യു.കെ.യില്‍ കെയറര്‍മാരായി ജോലി ചെയ്യുകയാണ്. യു.കെ.യിലെ നേഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ പി.ആര്‍. നേടിയ, കെയറര്‍മാരായി ജോലി ചെയ്യുന്ന നേഴ്‌സുമാര്‍ക്ക് പിന്‍ നമ്പര്‍ നല്‍കിയാല്‍ മാത്രം മതിയെന്ന്  അദ്ദേഹം ചൂണ്ടിക്കാട്ടി. ഐ.എല്‍.ടി.എസിന് ഉന്നത സ്‌കോര്‍ ഇല്ല എന്നതിന്റെ പേരില്‍ ഇന്ത്യയില്‍ നിന്നുള്ള നേഴ്‌സുമാര്‍ കെയറര്‍മാരായി ജോലി ചെയ്യുകയാണ്. നിരവധി വര്‍ഷങ്ങള്‍ യു.കെ.യില്‍ ജീവിച്ച് ഭാഷാ പ്രാവീണ്യം നേടിയ ഇവര്‍ക്ക് പിന്‍ നമ്പര്‍ ലഭിക്കുന്നതിനുള്ള തടസങ്ങള്‍ നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

സൗത്ത് ഇന്ത്യന്‍ വംശജരായ ബ്രിട്ടണിലെ ആളുകളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരികയാണ് സാബുവിന്റെ ചുമതല. ഇമിഗ്രേഷന്‍ നിയമങ്ങള്‍  ലഘൂകരിക്കുകയും  ആരോഗ്യമേഖലയില്‍ കൂടുതല്‍പേര്‍ക്ക് വീസ നല്‍കുകയും ചെയ്താല്‍ ദക്ഷിണേന്ത്യന്‍ ആളുകള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വോട്ടുചെയ്യുമെന്ന് സാബു പറഞ്ഞു. ലേബര്‍പാര്‍ട്ടിയായിരുന്നു മുമ്പ് ഇന്ത്യന്‍വംശജരുടെ ഇഷ്ടരാഷ്ട്രീയകക്ഷി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് അവസരം നല്‍കാന്‍ തുടങ്ങിയതോടെ ഇന്ത്യക്കാര്‍ ലേബര്‍പാര്‍ട്ടി വിട്ട് കണ്‍സര്‍വേറ്റീവിലേക്ക് വരുന്നുണ്ട്. ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇന്ത്യന്‍വംശജര്‍ക്ക് അനൂകൂലമായാല്‍ അതൊരു ഒഴുക്കായി മാറുമെന്നും സാബു പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരുടെ വോട്ട് നിര്‍ണായകമാണെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ പറഞ്ഞു. വെള്ളക്കാര്‍ കഴിഞ്ഞാല്‍ യു.കെ.യില്‍ ഏറ്റവും കൂടുതല്‍ ന്യൂനപക്ഷ വംശജര്‍ ഇന്ത്യക്കാരാണ്. ഇന്ത്യന്‍ വംശജരുടെ വോട്ട് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഭരണത്തുടര്‍ച്ചക്ക് ഇന്ത്യക്കാരുടെ വോട്ട് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു. മന്ത്രിമാരായ ശൈലേഷ് വാര, പ്രീതി പട്ടേല്‍, എന്നിവരും പാര്‍ട്ടി വൈസ് ചെയര്‍മാന്‍ അലോക് ശര്‍മ തുടങ്ങി നിരവധി പേര്‍ യോഗത്തില്‍ പങ്കെടുത്തു.  ഇന്ത്യാഗവണ്‍മെന്റും ബ്രിട്ടനും ചേര്‍ന്ന് സോളാര്‍പവര്‍ കരാറില്‍ ഒപ്പവച്ച കാര്യം യോഗത്തില്‍ പ്രീതിപട്ടേല്‍ ചൂണ്ടിക്കാട്ടി.  ഇന്ത്യയുമായി അടുത്ത ബന്ധവും കൂടുതല്‍  ബിസിനസും ബ്രിട്ടന്‍ ആഗ്രഹിക്കുന്നതായി മന്ത്രി പറഞ്ഞു. അതിന് ഇന്ത്യക്കാരുടെ വോട്ട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ആകര്‍ഷിക്കാന്‍ കഴിയണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയുമായി അടുത്ത ബന്ധമാണ് ബ്രിട്ടണ്‍ ആഗ്രഹിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ഇന്ത്യയുമായും ഇന്ത്യന്‍ വംശജരുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിന് വേണ്ടിയാണ് കണ്‍സര്‍വേറ്റീവ് ഫ്രണ്‌സ് ഓഫ് ഇന്ത്യ സ്പ്രിങ് റിസപ്ഷന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ വച്ച് നടത്തിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഇന്ത്യന്‍ വംശജരായ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രഞ്ജന്‍ മത്തായിയും  പരിപാടിയില്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.