1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2015

സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീനയും ഉറുഗ്വെയും ക്വാര്‍ട്ടറിലെത്തി. അര്‍ജന്റീന ജമൈക്കയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ ഉറുഗ്വേ പരാഗ്വേയുമായി സമനിലയില്‍ പിരിഞ്ഞു. സമനിലയോടെ അര്‍ജന്റീനയോടും ഉറേഗ്വേയോടുമൊപ്പം പരാഗ്വേയും ഗ്രൂപ്പ് ബിയില്‍ നിന്ന് ക്വാര്‍ട്ടര്‍ ടിക്കറ്റ് നേടി.

ദുര്‍ബലരായ ജമൈക്കയ്‌ക്കെതിരെ കഷ്ടപ്പെട്ടു നേടിയ ഒരു ഗോള്‍ മികവിലാണ് അര്‍ജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാര്‍ട്ടറിലേക്ക് കടന്നത്. മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് ജയവും ഒരു സമനിലയും നേടിയ അര്‍ജന്റീനയുടെ സമ്പാദ്യം ഏഴ് പോയിന്റാണ്. പതിനൊന്നാം മിനുറ്റില്‍ ഹിഗ്വന്‍ നേടിയ ഗോളിലായിരുന്നു അര്‍ജന്റീനയുടെ ജയം.

മെസിയുടെ നൂറാം അന്താരാഷ്ട്ര മത്സരം ആഘോഷമാക്കാനിറങ്ങിയ അര്‍ജന്റീനയ്ക്ക് എന്നാല്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഗോള്‍ നേടിയെങ്കിലും ഹിഗ്വെന്‍ നഷ്ടപ്പെടുത്തിയ അവസരങ്ങളും കുറവല്ലായിരുന്നു. മെസി മധ്യനിരയിലേക്ക് പിന്‍വാങ്ങിയതോടെ മുന്നേറ്റത്തിന് പലപ്പോഴും ലക്ഷ്യത്തിലെത്താനായില്ല. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിലും വമ്പന്മാരോട് ഓരോ ഗോള്‍ മാത്രം വഴങ്ങി തോറ്റ ജമൈക്ക അഭിമാനത്തോടെയാണ് മടങ്ങുന്നത്.

ഉറേഗ്വ, പരഗ്വേ മത്സരത്തില്‍ 20 കാരനായ യോസെ ഗിമ്മെന്‍സ് ഇരുപത്തി ഒമ്പതാം മിനുറ്റില്‍ നേടിയ ഗോളോടെ ഉറുഗ്വെയാണ് ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് നാല്‍പ്പത്തിനാലാം മിനുറ്റില്‍ മുന്നേറ്റക്കാരന്‍ ലൂക്കസ് ബാരിയോസിലൂടെ പരാഗ്വെ മറുപടി നല്‍കി.

സമനിലയോടെ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഇരുടീമുകളും തീരുമാനിച്ചതോടെ തുടര്‍ന്നുള്ള മത്സരം വിരസമായി. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് പോയിന്റോടെ പരാഗ്വെ രണ്ടാമതും നാല് പോയിന്റോടെ ഉറുഗ്വെ മൂന്നാമതായുമാണ് ക്വാര്‍ട്ടറിലേക്ക് കടന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.