1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2020

സ്വന്തം ലേഖകൻ: ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി. അമേരിക്ക, ദക്ഷിണ കൊറിയ, തായ്‍വാന്‍, ജപ്പാന്‍ എന്നിവിടങ്ങളിലും രോഗബാധ സ്ഥിരീകരിച്ചു. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതുണ്ടോ എന്ന് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ലോക ആരോഗ്യ സംഘടന അറിയിച്ചു.

ചൈനയില്‍ കൊറോണ വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച വുഹാന്‍ പ്രവിശ്യയിലാണ് മരണ സംഖ്യ 17 ആയത്. അതേസമയം 544 പേര്‍ രോഗ ലക്ഷണങ്ങളുമായി ചികിത്സയിലാണ്. രോഗ വ്യാപനം തടയുന്നതിനായി പ്രദേശത്തെ പൊതു ഗതാഗത സംവിധാനങ്ങള്‍ താല്‍കാലികമായി നിര്‍ത്തലാക്കി. വുഹാനില്‍ നിന്നാണ് ബെയിജിങ്, ഷാങ്ഹായ്, മക്കാവു, ഹോങ് കോങ് എന്നിവിടങ്ങളിലേക്ക് രോഗവ്യാപനം ഉണ്ടായതെന്നാണ് അനുമാനം. വന്യമൃഗങ്ങളുടെ ഇറച്ചി കള്ളക്കടത്തിലൂടെയാണ് വൈറസ് വ്യാപനം ഉണ്ടായതെന്നാണ് നിഗമനം. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചൈനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ചാന്ദ്രാവര്‍ഷാരംഭത്തോടനുബന്ധിച്ച് ധാരാളം പേര്‍ ദൂരയാത്ര നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത തുടരുകയാണ്. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരുന്നതായി ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി. പക്ഷിപ്പനി എബോള വൈറസ് എന്നിവയ്ക്ക് സമാനമായി ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടോ എന്നത് ലോകാരോഗ്യ സംഘടന പരിശോധിക്കുകയാണ്.

ഇത്തരത്തില്‍ പ്രഖ്യാപനം വന്നാല്‍ ആഗോള തലത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. പനി, ശ്വാസ തടസ്സം, ചുമ എന്നിവയാണ് രോഗലക്ഷണങ്ങള്‍. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ വൈറസിന് പ്രതിവിധി കണ്ടെത്തിയിട്ടില്ല. അതീവ രോഗപ്രതിരോധ ശേഷിയുള്ളവര്‍ക്ക് മാത്രമേ അതിജീവിക്കാനാവൂ എന്നും വിദഗ്ദർ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.