1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2020

സ്വന്തം ലേഖകൻ: പുതിയതായി ഒന്‍പത് പേര്‍ക്ക് കൂടി ബഹ്റൈനില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്നും ദുബായ് വഴിയും ഷാര്‍ജ വഴിയും ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 17 ആയി.

വിമാനത്താവളത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷന്‍ ഏരിയയില്‍ വെച്ചാണ് ഒന്‍പത് പേരുടെയും ടെസ്റ്റുകള്‍ നടത്തിയതെന്നും അതിന് ശേഷം ഇവരെ സല്‍മാനിയയിലുള്ള ഇബ്രാഹീം ഖലീല്‍ കാനൂ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. ഇവിടെയുള്ള ഐസൊലേഷന്‍ മുറികളിലാണ് രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നത്.

പുതിയതായി രോഗം സ്ഥിരീകരിച്ചവരിലുള്ള നാല് ബഹ്റൈനി സ്ത്രീകള്‍ ഇറാനില്‍ നിന്ന് ഷാര്‍ജ വഴി രാജ്യത്ത് എത്തിയവരാണ്. രോഗം സ്ഥിരീകരിച്ച മൂന്ന് ബഹ്റൈന്‍ പൗരന്മാരും ഇറാനില്‍ നിന്നെത്തിയവരാണ്. ഇവരില്‍ രണ്ടുപേര്‍ ഷാര്‍ജ വഴിയും ഒരാള്‍ ദുബായ് വഴിയുമാണ് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് സൗദി സ്ത്രീകളും ഉള്‍പ്പെടുന്നു. ഇവരും ഇറാനില്‍ നിന്ന് ഷാര്‍ജ വഴി ബഹ്റൈനിലെത്തിയവരാണ്.

രോഗികളുമായി ഇടപഴകിയവരെ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ പ്രത്യേകം നിരീക്ഷിക്കുകയാണെന്നും ഇവരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ദുബായിലെയും ഷാര്‍ജയിലെയും വിമാനത്താവളങ്ങളില്‍ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും 48 മണിക്കൂര്‍ നേരത്തേക്ക് ബഹ്റൈന്‍ താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ വിലക്ക് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് രാജ്യത്ത് എത്തിയവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

രോഗബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്ന ഓരോരുത്തരെയും പരിശോധിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലക്ഷണങ്ങള്‍ കാണിക്കുന്നവരെയോ പരിശോധനകളില്‍ പോസ്റ്റീവ് റിസള്‍ട്ടുകള്‍ ലഭിക്കുന്നവരെയോ ഉടന്‍ തന്നെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നുണ്ട്. കോറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളുണ്ടെന്ന് സ്വയം തോന്നുന്നവര്‍ മറ്റുള്ളവരില്‍ നിന്ന് അകന്നുനില്‍ക്കുകയും ഉടന്‍ തന്നെ 444 എന്ന നമ്പറില്‍ വിളിച്ച് ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും വേണം.

സൌദിയില്‍ കൊറോണ വൈറസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമല്ലെന്നും ആരോഗ്യ മന്ത്രാലയം. കുവൈത്തില്‍ കൊറോണ സ്ഥിരീകരിച്ചത് സൌദി പൌരനാണെങ്കിലും ഇദ്ദേഹത്തെ ചികിത്സക്ക് ശേഷമേ സൌദിയിലെത്തിക്കൂ. കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നും പാഴ്സലുകള്‍ സ്വീകരിക്കുന്നതിന് നിലവില്‍ വിലക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.

ഇറാനില്‍ നിന്നെത്തിയ സൌദി പൌരനാണ് കുവൈത്തില്‍ വെച്ച് കൊറോണ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ പൂര്‍ണമായും ഭേദമാകും വരെ രോഗിയെ കുവൈത്തില്‍ ചികിത്സിക്കും. ഭേദമായ ശേഷമേ സൌദിയിലെത്തിക്കൂ എന്നാണ് ആരോഗ്യ മന്ത്രാലയം ഇന്നറിയിച്ചത്. കൊറോണ വൈറസ് വ്യാപനമുണ്ടായ ചൈനയിലും വൈറസ് ബാധ സംശയിക്കുന്ന മറ്റ് രാജ്യങ്ങളിലും നിന്നുള്ള ഷിപ്മെൻറുകളും പോസ്റ്റൽ പാഴ്സലുകളും സ്വീകരിക്കാം.

ഇതില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സൗദി ആരോഗ്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ശ്വസന രോഗങ്ങൾക്കെതിരെ സ്വീകരിക്കേണ്ട അതേ മുൻകരുതൽ നടപടികളാണ് കൊറോണയ്ക്കും എതിരെ വേണ്ടതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പുതിയ കൊറോണ വൈറസ് സംബന്ധിച്ച എന്ത് അന്വേഷണങ്ങൾക്കും ആരോഗ്യ കേന്ദ്രത്തിന്റെ 937 എന്ന ടോൾ ഫ്രീ നമ്പരിലേക്ക് വിളിക്കാമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.