1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2020

സ്വന്തം ലേഖകൻ: ബഹ്റൈനില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 26 ആയി. ഇറാനില്‍ നിന്ന് നേരിട്ടല്ലാത്ത വിമാനങ്ങളില്‍ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മൂന്ന് ബഹ്റൈനി സ്ത്രീകള്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച മാത്രം രാജ്യത്ത് ഒന്‍പത് പേര്‍ക്ക് കൊറോണ വൈറസ് ബാധ കണ്ടെത്തിയിരുന്നു.

ഇവരെല്ലാം ഷാര്‍ജ. ദുബായ് എന്നീ വിമാനത്താവളങ്ങള്‍ വഴി ബഹ്റൈനിലെത്തിയവരായിരുന്നു. ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്ന് ബഹ്റൈനിലേക്കുള്ള എല്ലാ സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ബഹ്റൈന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി ഉത്തരവിട്ടിരുന്നു. രോഗബാധിത രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരെ ബഹ്റൈന്‍ വിമാനത്താവളത്തില്‍ പ്രത്യേക സ്ഥലത്തേക്ക് മാറ്റിയ ശേഷം വിശദമായ പരിശോധനയാണ് നടത്തുന്നത്. ഫെബ്രുവരി മാസം ഇറാനില്‍ പോയിരുന്നവര്‍ സ്വമേധയാ പരിശോധനകള്‍ക്ക് വിധേയമാകണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഗള്‍ഫ് മേഖലയില്‍ കൊറോണ വൈറസ് പരക്കുന്ന പശ്ചാത്തലത്തില്‍ ഇതിനെ പ്രതിരോധിക്കുന്നതിനുള്ള ഒന്‍പത് നിര്‍ദേശങ്ങള്‍ക്ക് ബഹ്റൈന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിവാര സമ്മേളനത്തില്‍ ആറ് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. തുടര്‍ന്ന് ഇവ ക്യാബിനറ്റിന്റെ അടിയന്തര പരിഗണനയ്ക്ക് വിട്ടു.

ആവശ്യാനുസരണം മാസ്‍കുകള്‍, സാനിറ്റൈസറുകള്‍ തുടങ്ങിയവ വിതരണം ചെയ്യുക, ആവശ്യമായ സാധനങ്ങള്‍ സാധാരണ വിലയ്ക്ക് തന്നെ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ വിപണി ഇടപെടലുകള്‍, ആരോഗ്യ മന്ത്രാലയം വഴി ആവശ്യാനുസരണം മരുന്നുകളും ജീവനക്കാരെയും എത്തിക്കുക തുടങ്ങിയ തീരുമാനങ്ങളെടുത്തു. ഇതോടൊപ്പം ഇപ്പോള്‍ ഇറാനില്‍ കുടുങ്ങിയ ബഹ്റൈനികള്‍ക്ക് രോഗബാധ ഉണ്ടാവാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും നാട്ടിലേക്ക് മടങ്ങുന്നതുവരെയുള്ള അവരുടെ താമസ ചിലവ് സര്‍ക്കാര്‍ വഹിക്കണമെന്നും എം.പിമാര്‍ ആവശ്യമുന്നയിച്ചു. ഇതിനോടകം ഇറാനില്‍ രോഗം ബാധിച്ച ബഹ്റൈനികള്‍ക്ക് ആവശ്യമായ പരിചരണം ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ടായി.

രാജ്യത്തെ സ്കൂളുകളിലെയും സര്‍വകലാശാലയകളിലെയും അധ്യയനം ഒരു മാസത്തേക്ക് നിര്‍ത്തിവെയ്ക്കണമെന്ന് പാര്‍ലമെന്റ് ആവശ്യപ്പെട്ടു. നിര്‍ദേശത്തിന് മന്ത്രിസഭ ഉടനടി അംഗീകാരം നല്‍കിയെങ്കിലും കാലാവധി രണ്ടാഴ്ചയിലേക്ക് ചുരുക്കി. രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രങ്ങള്‍ ജനവാസ മേഖലകളില്‍ നിന്ന് മാറ്റണമെന്നും ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.