1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2020

സ്വന്തം ലേഖകൻ: ഡൽഹി നിസാമുദ്ദീനിൽ ഒരു മതചടങ്ങിൽ പങ്കെടുത്ത ഇരുന്നൂറോളം പേർക്ക് ഒരുമിച്ച് കോവിഡ് ബാധ കണ്ടെത്തിയതായി റിപ്പോർട്ട്. നിസാമുദ്ദീനിലെ ദർഗയിൽ മാർച്ച് 18ന് നടന്ന മതചടങ്ങിൽ പങ്കെടുത്തവരിലാണ് കോവിഡ് ബാധയുടെ ലക്ഷണങ്ങൾ കണ്ടത്. ഇവരെ നിസാമുദ്ദീനിലും പരിസരത്തുമുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഈ ചടങ്ങിൽ വിവിധ സംസ്ഥാനങ്ങളിൽനിന്ന് അഞ്ഞൂറിലധികം പേർ പങ്കെടുത്തിരുന്നതായാണ് വിവരം. ഇത് അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇന്ത്യയിൽ കോവിഡ് രോഗം വന്നശേഷം ഇത്രയും പേർക്ക് ഒരുമിച്ച് രോഗബാധ ഉണ്ടായിട്ടില്ല.

മാര്‍ച്ച് പകുതിയോടെ അലാമി മര്‍കസ് ബംഗ്ലേവാലി മസ്ജിദില്‍ തബ്ലീഗി ജമാഅത്ത് പ്രസംഗകരുടെ ഒത്തുചേരലിനെ തുടര്‍ന്നാണ് രോഗം പടര്‍ന്നതെന്നാണ് സൂചന. 1200 പേര്‍ പള്ളിയില്‍ ഒത്തുചേര്‍ന്നിരുന്നെന്നാണ് വിവരം. ജനതാ കര്‍ഫ്യൂ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് പൊലീസ് എത്തി ഇവരില്‍ പലരെയും വിമാനത്താവളങ്ങളില്‍ എത്തിക്കുകയായിരുന്നു. എന്നിട്ടും 2000ത്തോളം ആളുകള്‍ ബാക്കിയുണ്ടായിരുന്നെന്നും അവരില്‍ 280 പേര്‍ വിദേശികളായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്.

നിസാമുദ്ദീനിൽ രണ്ടായിരം പേരോളം നിരീക്ഷണത്തിലാക്കി. ഇവിടെ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവർ ശ്രീനഗറിലും ആൻഡമാനിലും തമിഴ്നാട്ടിലും കോവിഡ് സ്ഥിരീകരിച്ച് മരിച്ചതായും റിപ്പോർട്ടുണ്ട്. അവർ എത്രപേർക്ക് രോഗം പടർത്തിയിരിക്കാം എന്നതിൽ യാതൊരു ഊഹവുമില്ല. പുതിയ സാഹചര്യത്തിൽ നിസാമുദ്ദീനിലെ ദർഗയ്ക്കു സമീപമുള്ള പ്രദേശം പൂർണമായും ഡൽഹി പൊലീസിന്റെ നിയന്ത്രണത്തിലായി. ഇവിടെ ലോക്ഡൗൺ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡ്രോണുകൾ ഉൾപ്പെടെ വിന്യസിച്ചതായി പൊലീസ് അധികൃതർ അറിയിച്ചു.

കോവിഡ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് മേഖലയിൽ ഒരു മെഡിക്കൽ ക്യാംപും നടക്കുന്നുണ്ട്. ഈ മാസം 18നാണ് ദർഗയിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള അഞ്ഞൂറിലധികം പേരെ പങ്കെടുപ്പിച്ച് ചടങ്ങ് സംഘടിപ്പിച്ചത്. ഇവരിൽ ഒട്ടേറെപ്പേർ സ്വദേശങ്ങളിലേക്ക് മടങ്ങി. ദർഗയുടെ ചുറ്റുവട്ടത്തു താമസിക്കുന്നവരും തിരികെ മടങ്ങാൻ വൈകിയവരുമായ ഇരുനൂറോളം പേരിലാണ് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയതും ആശുപത്രിയിലേക്കു മാറ്റിയതും. ഇന്നലെ ഈ പ്രദേശത്തുനിന്ന് 34 പേരെ ആശുപത്രിയിലെത്തിച്ചിരുന്നു.

ഇന്നുമാത്രം 150ൽ അധികം പേരെ ആശുപത്രിയിലാക്കി. പുതിയ സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്ന് ചടങ്ങിൽ പങ്കെടുത്തരെ നിരീക്ഷിക്കേണ്ടിവരുമെന്നാണ് വിവരം. വെള്ളിയാഴ്ച ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ വൈറസ് ബാധ സ്ഥിരീകരിച്ച ആറു പേർ നിസാമുദ്ദീനിൽ മതചടങ്ങിൽ പങ്കെടുത്തവരാണെന്നാണ് സൂചന. നിസാമുദ്ദീനിൽനിന്ന് കൊൽക്കത്ത വഴിയാണ് ഇവർ പോർട്ട് ബ്ലെയറിലേക്ക് മടങ്ങിയത്.

കഴിഞ്ഞ വ്യാഴാഴ്ച ജമ്മു കശ്മീരിലെ ശ്രീനഗറിൽ കോവിഡ് ബാധിച്ച് മരിച്ച 65കാരനും നിസാമുദ്ദീനിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം ട്രെയിനിൽ യാത്ര ചെയ്തു തിരികെയെത്തിയാളാണെന്നാണ് വിവരം. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ കോവി‍ഡ് സ്ഥിരീകരിച്ച 52കാരനും ഇതേ ചടങ്ങിൽ പങ്കെടുത്തയാളാണ്. ഇതിനെല്ലാം പുറമെ തമിഴ്നാട്ടിൽ കോവിഡ് സ്ഥിരീകരിച്ചു മരിച്ച വ്യക്തിയും നിസാമുദ്ദീനിൽനിന്ന് തിരികെയെത്തിയയാളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.