1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2020

സ്വന്തം ലേഖകൻ: കൊവിഡ്-19 ന്റെ പ്രത്യാഘാതം മൂലം ജി-20 രാജ്യങ്ങള്‍ക്ക് ഈ വര്‍ഷം സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുമെന്ന് പഠന റിപ്പോര്‍ട്ട്. അമേരിക്ക കേന്ദ്രീകരിച്ചുള്ള സാമ്പത്തിക വിശകലന ഏജന്‍സിയായ മൂഡിസ് ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ജി-20യുടെ ആഭ്യന്തര ഉല്‍പാദനം 0.5 ശതമാനം കുറയുമെന്നും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ 2 ശതമാനവും യൂറോസോണ്‍ 2.2 ശതമാനവും കുറയുമെന്നും മൂഡീസ് പറയുന്നു.

അതേ സമയം ജി20 അംഗമായ ചൈനയ്ക്ക് സമ്പദ് വ്യവസ്ഥയില്‍ 3.3 ശതമാനത്തിന്റെ വര്‍ധനവുണ്ടാകുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തി എന്ന തരത്തില്‍ ഇത് കുറഞ്ഞ വളര്‍ച്ചാനിരക്കാണെന്നും മൂഡിസ് ചൂണ്ടാക്കാട്ടുന്നു.

അമേരിക്ക, ചൈന, ഇന്ത്യ, യു.കെ, സൗദി അറേബ്യ, റഷ്യ, മെക്‌സിക്കോ, ദക്ഷിണ കൊറിയ, ഇറ്റലി, ഇന്ത്യോനേഷ്യ, ദക്ഷിണാഫ്രിക്ക, അര്‍ജന്റീന, ആസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, തുര്‍ക്കി എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും കൂടിയതാണ് ജി 20. ഇന്ത്യയുള്‍പ്പെടെ ജി 20 യിലെ ഭൂരിഭാഗം രാജ്യങ്ങളും നിലവില്‍ കൊവിഡിന്റെ പിടിയിലാണ്.

ഇറ്റലിയിലും സ്പെയിനിലും ആണ് നിലവില്‍ കൊവിഡ് വ്യാപകമായി പടരുന്നത്. ഇറ്റലിയില്‍ 7503 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. സ്പെയിനില്‍ 24 മണിക്കൂറിനിടെ 700 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലി കഴിഞ്ഞാല്‍ സ്പെയിനിലാണ് നിലവില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ രൂക്ഷമായിരിക്കുന്നത്.

കോവിഡ് 19 സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ജി-20 അംഗരാജ്യങ്ങളുടെ അടിയന്തിര ഉച്ചകോടി ചേരും. സൗദി ഭരണാധികാരിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക. യോഗത്തില്‍ ഐക്യരാഷ്ട്ര സഭ, ലോകാരോഗ്യ സംഘടനാ പ്രതിനിധികളും പങ്കെടുക്കും. ലോകം അഭിമുഖീകരിക്കുന്ന കോവിഡ് വ്യാപനം തടയുന്നതിനും ആഗോള സാമ്പത്തിക മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധി ലഘൂകരിക്കുന്നതിനുമുള്ള നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായാണ് അടിയന്തിര ഉച്ചകോടി വിളിച്ചു ചേര്‍ത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.