1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2020

സ്വന്തം ലേഖകൻ: ഒരു അവസരവാദ സമീപനത്തെപ്പറ്റിയുള്ള റിപ്പോർട്ടുകളാണ് കൊറോണ വാർത്തകളോടൊപ്പം ഹംഗറിയിൽ നിന്ന് പുറത്തുവരുന്നത്. രാജ്യത്തിൻറെ പ്രീമിയർ ആയ വിക്ടർ ഓർബന് പരിധിവിട്ടുള്ള സവിശേഷാധികാരങ്ങൾ അനിശ്ചിതകാലത്തേക്ക് നൽകിക്കൊണ്ടുള്ള പുതിയ നിയമം തിങ്കളാഴ്ച ഹംഗേറിയൻ പാർലമെന്റ് പാസാക്കി. അങ്ങനെ ഒരു നിയമമില്ലാതെ രാജ്യത്തെ പ്രവേശിച്ച കൊറോണാവൈറസിനെ ഉച്ചാടനം ചെയ്യാനാവില്ലെന്നാണ് ഓർബൻ പറയുന്നത്.

“ആന്റി കൊറോണാവൈറസ് ഡിഫൻസ് ലോ’ എന്നറിയപ്പെടുന്ന ഈ നിയമത്തെ രാജ്യത്തും വിദേശത്തും കഴിയുന്ന ഹംഗേറിയൻ പൗരന്മാരിൽ നല്ലൊരു ഭാഗം വിമർശിച്ചുകഴിഞ്ഞു. അത് അനാവശ്യമായി, അളവറ്റ അധികാരം ഓർബന് നൽകുന്ന ഒന്നാണെന്നും, വൈറസിനെ തുരത്തുക എന്നതിലുപരി ഹംഗറിയുടെ രാഷ്ട്രീയഇടനാഴികളിൽ ഓർബന്റെ സ്ഥാനം എന്നെന്നേക്കുമായി അരക്കിട്ടുറപ്പിക്കുക എന്നതാണ് പ്രസ്തുത ബില്ലിന്റെ ഒരേയൊരുദ്ദേശ്യം എന്നും പ്രതിയോഗികൾ ആക്ഷേപിക്കുന്നു.

മാർച്ച് 11 -നു തന്നെ കൊറോണയുടെ പേരും പറഞ്ഞ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു ഓർബൻ. അതിനു പുറമെയാണ് ഈ പുതിയ നിയമം കൊണ്ടുവരുന്നത്. അതോടെ എല്ലാം പൂർണ്ണമായി. ഹംഗറിയിൽ ഇനി ജനാധിപത്യത്തിന്റെ കണികാ പോലും കാണാൻ കിട്ടില്ല. ഈ നിയമം വരുന്നതോടെ അടിയന്തരാവസ്ഥ എത്ര കാലം വേണോ അത്രയും കാലം നീട്ടാൻ ഇനി പാർലമെന്റിന്റെയോ എംപിമാരുടെയോ ഒന്നും സമ്മതത്തിന്റെ ആവശ്യമില്ല. അടിയന്തരാവസ്ഥക്കാലം തീരും വരെ പുതിയ തെരഞ്ഞെടുപ്പുകളും പാടില്ല.

കൊറോണ വൈറസിനെപ്പറ്റിയോ അതിനെതിരെ ഗവൺമെന്റ്നടത്തുന്ന പോരാട്ടങ്ങളെപ്പറ്റിയോ ഒക്കെ അഭ്യൂഹങ്ങൾ പറഞ്ഞു പരത്തുന്നവർക്ക് അഞ്ചുകൊല്ലത്തെ ജയിൽവാസം നൽകാൻ ഈ നിയമം അനുശാസിക്കുന്നു. അതോടെ അപകടത്തിലാകുന്നത് മാധ്യമ സ്വാതന്ത്ര്യമാണ്. ഹംഗേറിയൻ പാർലമെന്റിൽ ഓർബന്റെ ഫിഡെസ് പാർട്ടിക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷമുണ്ട്. അതുകൊണ്ട് ‘കൊറോണയ്ക്കെതിരായ പോരാട്ടം ബലപ്പെടുത്തുന്നതിനുവേണ്ടി’ കൊണ്ടുവന്ന ഈ നിയമം പാർലമെന്റ് 53 നെതിരെ 137 വോട്ടിനു നിഷ്പ്രയാസം പാസ്സാക്കി.

“അടിയന്തരാവസ്ഥ പിൻവലിക്കുന്ന ദിവസം പാർലമെന്റിന് അതിന്റെ അവകാശങ്ങളും പൂർവസ്ഥിതിയിൽ തിരിച്ചു നൽകപ്പെടും. ” അധികാരകേന്ദ്രീകരണത്തെപ്പറ്റിയുള്ള ആശങ്കകൾ പങ്കുവെച്ച പ്രതിയപക്ഷത്തോട് ഓർബൻ നിയമം പാസ്സാക്കിയ ശേഷം നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. ഏറെ കർക്കശ സ്വാഭാവിയായ, സ്വേച്ഛാധിപത്യ പ്രവണതകളുള്ള നേതാവ് എന്നാണ് ഓർബൻ പാർട്ടിക്കുള്ളിൽ പോലും അറിയപ്പെടുന്നത്. തൻറെ ഭരണത്തിൻ കീഴിൽ കഴിഞ്ഞ ഒരു ദശാബ്ദമായി തുടരുന്ന രാജ്യത്തിൻറെ രാഷ്ട്രീയ, നീതിന്യായ, ഭരണഘടനാ സാഹചര്യങ്ങൾ പാടെ മാറ്റിമറിക്കാൻ അദ്ദേഹത്തിന് ആയിട്ടുണ്ട്. ഹംഗറി യൂറോപ്യൻ യൂണിയനിൽ അംഗമാണെങ്കിലും മറ്റംഗങ്ങളുമായി നിരന്തരം വഴക്കുകൾ പതിവാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.