1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് കൂടുതൽ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനുവരി 18ന് ശേഷം വിദേശത്ത് നിന്നെത്തിയ എല്ലാവരെയും നിരീക്ഷിക്കണമെന്ന നിലപാട് കടുപ്പിച്ച് കേന്ദ്രം. ജനുവരി 18 മുതൽ രാജ്യാന്തര സർവീസുകൾ റദ്ദാക്കുന്നതിന് മുമ്പ് വരെ എത്തിയ എല്ലാ യാത്രക്കാരെയും നിരീക്ഷിക്കാനാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്.

രാജ്യാന്തര വിമാന സര്‍വീസ് റദ്ദാക്കുന്നതിന് മുമ്പ് ഇന്ത്യയിലെത്തിയ യാത്രക്കാരുടെ എണ്ണത്തിലും നിലവില്‍ ക്വാറന്റൈനിലുള്ള വിദേശ യാത്രക്കാരുടെ എണ്ണത്തിലും വ്യത്യാസം കണ്ടെത്തിയതോടെയാണ് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് കാബിനറ്റ് സെക്രട്ടറി രാജീവ് കൗബ കത്തയച്ചത്.

നിലവിൽ കണക്കുകളിലുള്ള വൈരുദ്ധ്യം കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് കാബിനറ്റ് സെക്രട്ടറി കത്തിൽ വ്യക്തമാക്കുന്നു. നിലവില്‍ രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചവില്‍ ഭൂരിഭാഗവും വിദേശത്തുനിന്ന് മടങ്ങിയെത്തിവരാണ്. അതിനാൽ വിദേശത്ത് നിന്നെത്തിയവരെ കർശനമായും നിരീക്ഷിക്കണെന്നും കത്തിൽ പറയുന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച നിർദേശങ്ങൾ നേരത്തെ നൽകിയതാണെന്നും സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കണമെന്നും കാബിനറ്റ് സെക്രട്ടറി ആവശ്യപ്പെട്ടു.

കൊറോണ നിരീക്ഷത്തിനായി വിദേശത്തുനിന്ന് വന്ന 15 ലക്ഷത്തിലേറെ വരുന്ന യാത്രക്കാരുടെ വിവരങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഇമേഗ്രേഷന്‍ ബ്യൂറോ നേരത്തെ കൈമാറിയിരുന്നു. എന്നാൽ പട്ടികയില്‍ യാത്രക്കാരുടെ പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമായിരുന്നില്ലെന്നാണ് ചില സംസ്ഥാനങ്ങൾ നേരത്തെ ആരോപണം ഉന്നയിച്ചത്.

അതേസമയം ഇന്ത്യയിൽ കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 17 ആയി വർധിച്ചു. ഇന്ന് ഒരാളാണ് കോവിഡ് മൂലം മരിച്ചത്. രാജ്യത്ത് ആരെ രോഗ ബാധിതരുടെ എണ്ണം 724 ആയി. ഇന്നലെ മാത്രം 88 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ 137 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് 66 പേർക്ക് രോഗം ഭേദമായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.