1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. 65 വയസ്സിന് മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ളവരും പുറത്തിറങ്ങരുതെന്ന് കേന്ദ്രം വ്യക്തമാക്കി.

ഇന്ത്യയിലെ കൊവിഡ്19 മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നുവെന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ മാധ്യമങ്ങളെ കാണുകയായിരുന്നു കേന്ദ്ര ആരോഗ്യ സെക്രട്ടറി.

അതേസമയം മെഡിക്കല്‍ പ്രൊഫഷണല്‍സും സര്‍ക്കാര്‍ ജീവനക്കാരുമായുള്ളവര്‍ക്കും ഈ നിര്‍ദേശം ബാധകമാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര യാത്രാവിമാനങ്ങള്‍ക്കും കേന്ദ്രം വിലക്കേര്‍പ്പെടുത്തി. ഞായറാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്ക്.

വിദേശത്ത് നിന്ന് ഒരു അന്താരാഷ്ട്ര വിമാന സര്‍വീസിനെ പോലും ഇന്ത്യയിലേക്ക് ഇറങ്ങാന്‍ അനുവദിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഒരാഴ്ചയ്ക്കു ശേഷം വിഷയത്തില്‍ എന്തുവേണം എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ കൊവിഡ് ബാധ മൂന്നാം ഘട്ടത്തിലേക്ക് കടക്കാതിരിക്കാനുള്ള എല്ലാ നടപടികളും എടുക്കണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

മറ്റു രാജ്യങ്ങളില്‍ തുടക്കത്തില്‍ വൈറസ് വ്യാപിച്ചവരുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാല്‍ പിന്നീടുള്ള അശ്രദ്ധ കാരണമാണ് അത് കൂടിയത്. ഇന്ത്യയിലും അത്തരമൊരു സാഹചര്യമുണ്ടാവുന്നത് തടയുന്നതിന്റെ ഭാഗമായി എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കുന്നതിനാണ് കടുത്ത നിയന്ത്രണങ്ങള്‍ സ്വീകരിക്കുന്നതെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു.

കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ഞായറാഴ്ച ജനത കർഫ്യൂ പ്രഖ്യാപിച്ച് പ്രധാനമന്ത്രി. ജനങ്ങൾക്കുവേണ്ടി ജനങ്ങൾ നടത്തുന്ന കർഫ്യൂവിൽ രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ ആരും വീടിന് പുറത്തിറങ്ങരുതെന്നാണ് നിർദേശം. രണ്ടാം ലോകമഹായുദ്ധത്തുപോലും ഇല്ലാത്ത പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നതെന്നും കൊറോണ വൈറസ് ലോകത്തെ കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി.

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ചയാള്‍ക്ക് ഡൊമസ്റ്റിക്കായാണ് വന്നതെന്ന് മന്ത്രി അറിയിച്ചിരുന്നു. ഇത് മൂന്നാംഘട്ടമായ സമൂഹവ്യാപനത്തിന്റെ തുടക്കമാണെന്ന് ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. അതേ സമയം ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.