1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2020

സ്വന്തം ലേഖകൻ: മുംബൈയിലെ ആശുപത്രിയില്‍ മലയാളി നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സിലാണ് രോഗം പിടിപെട്ടത്. നൂറിലധികം മലയാളി നഴ്‌സുമാര്‍ ജോലി ചെയ്യുന്ന ജസ്ലോക്ക് ആശുപത്രിയില്‍ ആണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ആശുപത്രി അധികൃതര്‍ രോഗവിവരം മറ്റ് നഴ്‌സുമാരെ അറിയിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

അതിനിടെ ദല്‍ഹിയില്‍ കൊവിഡ് രോഗികളെ പരിശോധിച്ച നഴ്‌സിന് പനിയുടെ ലക്ഷണങ്ങള്‍ കണ്ടതോടെ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ 14 മെഡിക്കല്‍ ജീവനക്കാരെ ക്വാറന്റൈനിലാക്കി. ദല്‍ഹിയിലെ ആര്‍.എം.എല്‍ ആശുപത്രിയിലെ ജീവനക്കാരാണിവര്‍. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ച വൈകീട്ടാണ് നഴ്‌സിന് പനിയുടെ ലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് ഇവരുമായി ബന്ധപ്പെട്ട ആറ് ഡോക്ടര്‍മാരും നഴ്‌സുമാരും ജീവനക്കാരും ഉള്‍പ്പെടെയുള്ള എല്ലാവരേയും ക്വാറന്റൈനില്‍ ആക്കുകയായിരുന്നു. ദല്‍ഹിയില്‍ ഇതുവരെ 72 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നുണ്ടെങ്കിലും സമൂഹവ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ നിലവില്‍ എസ്ഒപി ( സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍)യിലാണെന്നും സമൂഹവ്യാപനം നടക്കുന്ന സാഹചര്യമുണ്ടായാല്‍ അത് മറച്ചുവയ്ക്കില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 92 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ആകെ മരണം 30 ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും 38000 പരിശോധനകളാണ് ഇതുവരെ നടത്തിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

99 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൊറോണയെ പിടിച്ചുനിര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ജനങ്ങളുടെ സഹകരണത്തിലാണ് ഇത് സാധ്യമായത്. ജനങ്ങള്‍ ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ ഇതുവരെ 1071 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഗുജറാത്ത്, മഹാരാഷ്ട്ര, ബംഗാള്‍, എന്നിവിടങ്ങളിലാണ് ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗുജറാത്തില്‍ ചികിത്സയിലായിരുന്ന 45കാരിയാണാ ആശുപത്രിയില്‍ വച്ച് മരിച്ചത്. ഗുജറാത്തില്‍ മാത്രം ആറ് പേരാണ് കൊറോണ ബാധിച്ച് മരണപ്പെട്ടത്. മഹാരാഷ്ട്രയില്‍ ആകെ മരി്ചവരുടെ എണ്ണം 9ആയി. ഇന്ന് പൂനെയില്‍ ചികിത്സയിലായിരുന്ന 52കാരനാണ് മരിച്ചത്. ഏറ്റവും കുടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്.

മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട്, തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പ്രാദേശിക വ്യാപനം മാത്രമാണ് രാജ്യത്ത് നടന്നിട്ടുള്ളതെന്നും സമൂഹ്യവ്യാപനം ഇതുവരെ നടന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും അറിയിച്ചിട്ടുണ്ട്. രാജ്യത്ത് പരിശോധന നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ വിപുലീകരിക്കുമെന്നും അദ്യ ഘട്ടത്തില്‍ രോഗം തിരിച്ചറിയുക എന്നുള്ളതാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ 21 ദിവസത്തെ ലോക്ക് ഡൗണ്‍ നീട്ടുമെന്ന തരത്തിലുള്ള വാര്‍ത്തകളെ തള്ളി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു. ഏപ്രില്‍ 14 വരെയാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച മുതലായിരുന്നു ലോക്ക്ഡൗണ്‍ നിലവില്‍ വന്നത്.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികള്‍ കൂട്ടപലായനം നടത്തിയതോടെ സ്ഥിരി ഗുരുതരമായെന്നും അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന തരത്തിലായിരുന്നു പ്രചരണങ്ങള്‍ എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകള്‍ ആശ്ചര്യപ്പെടുത്തുന്നതാണെന്ന് രാജീവ് ഗൗബ പ്രതികരിച്ചു. നിലവില്‍ അത്തരത്തിലൊരു തിരുമാനവും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. അതേസമയം നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും രാജീവ് ഗൗബ വ്യക്തമാക്കി.

അതിനിടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണത്തിന് പ്രധാനമന്ത്രി സിറ്റിസൺ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി ഫണ്ട് (പിഎം കെയേഴ്സ് ഫണ്ട് ) രൂപീകരിച്ചതിൽ രൂക്ഷവിമർശനം. കോൺഗ്രസ് എംപി ശശി തരൂർ ഉൾപ്പെടെ നിരവധി പേരാണ് പിഎം കെയേഴ്സ് ഫണ്ടിനെതിരെ രംഗത്തെത്തിയത്.

നിയമങ്ങളും ചെലവുകളും പൂർണ്ണമായും അവ്യക്തമായ ഒരു പ്രത്യേക പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് സൃഷ്ടിക്കേണ്ടതിന്റെ ആവശ്യമെന്തായിരുന്നുവെന്ന് തരൂർ ചോദിച്ചു. അസാധാരണമാണ ഈ നടപടിയിൽ കേന്ദ്രസർക്കാർ വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വന്തം വ്യക്തി പ്രഭാവം ഉയർത്തിക്കാട്ടാൻ ഒരു വലിയ ദേശീയ ദുരന്തത്തെ തെറ്റായി ഉപയോഗിക്കേണ്ട ആവശ്യമുണ്ടോ? എന്നായിരുന്നു ചരിത്രകാരൻ രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 92 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായും നാലു പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1071ഉം മരണസംഖ്യ 29ഉം ആയതായി കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്ത് ഇതുവരെ സാമൂഹ്യവ്യാപനത്തിന്റെ ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. സാമൂഹ്യവ്യാപനത്തിന്റേതായ ഒരു സംഭവം പോലും ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എല്ലാവരും നൂറുശതമാനവും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അതില്‍ വീഴ്ച സംഭവിച്ചാല്‍ കരുതല്‍ നടപടികളെല്ലാം പാഴാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസസൗര്യവും ഒരുക്കിനല്‍കാനും മുഴുവന്‍ ശമ്പളവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവരോട് വീട്ടുവാടക ആവശ്യപ്പെടരുതെന്ന് വീട്ടുടമകള്‍ക്ക് നിര്‍ദേശം നല്‍കാനും ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്.

തിരിച്ചെത്തിയ അതിഥി തൊഴിലാളികളുടെ മേല്‍ അണുനാശിനി തളിച്ച സംഭവത്തില്‍ കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടി കൈക്കൊള്ളുമെന്നും ലവ് അഗര്‍വാള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ജില്ലാ മജിസ്‌ട്രേറ്റിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ ചികിത്സാ ഉപകരണങ്ങളും അവശ്യവസ്തുക്കളും എത്തിക്കുന്നതിന് പ്രത്യേക വിമാനം അയയ്ക്കുന്നതിന് കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.