1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2020

സ്വന്തം ലേഖകൻ: കൊവിഡിനെ നേരിടാൻ ജനത കർഫ്യൂവിനൊപ്പം നിന്ന് രാജ്യം. ദില്ലി ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂരിഭാഗം ജനങ്ങളും വീടുകളിൽ തങ്ങി. എല്ലാ സംസ്ഥാനങ്ങളിലും റോഡുകളും വിപണികളും വിജനമായി. കൊവിഡിനെതിരായ പോരാട്ടത്തിൽ ഓരോ പൗരനും സൈനികരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിനെ അക്ഷരാർത്ഥത്തിൽ ഏറ്റെടുത്തു. കേരളത്തിലും ജനതാകർഫ്യൂ പൂർണമായിരുന്നു.

തമിഴ്നാട് ജനതാ കർഫ്യൂ നാളെ പുലർച്ചെ അഞ്ച് മണി വരെ നീട്ടി. ദില്ലിയിലും മഹാരാഷ്ട്രയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരമേഖലകളിൽ അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടി നിൽക്കരുത് എന്നതാണ് മഹാരാഷ്ട്ര സർക്കാർ കർശനനിർദേശം നൽകിയിരിക്കുന്നത്. അതേസമയം, ഉത്തരാഖണ്ഡും പഞ്ചാബും ഇന്ന് മുതൽ സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ രാജസ്ഥാൻ സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരുന്നു.

ഒരു പക്ഷേ ചരിത്രത്തിലാദ്യമായി റെയിൽവേ പൂർണമായും സർവീസ് അടച്ചിടുകയാണ്. മെട്രോ, അന്തർസംസ്ഥാനബസ്സുകൾ, സബർബൻ തീവണ്ടികളെല്ലാം നിർത്തിവയ്ക്കും. 1000 തീവണ്ടികളിലധികം ഇന്ത്യൻ റെയിൽവേ ഇതുവരെ റദ്ദാക്കി. മാർച്ച് 31 വരെ ദീർഘദൂര, പാസഞ്ചർ തീവണ്ടികളെല്ലാം റദ്ദാക്കി. അതേസമയം, ചരക്ക് തീവണ്ടികൾ സർവീസ് നടത്തും.

എന്നാൽ ആഭ്യന്തരസർവീസുകൾ തടസ്സപ്പെടില്ല എന്നാണ് സർക്കാർ അറിയിക്കുന്നത്. അന്താരാഷ്ട്ര സർവീസുകൾ ഒരാഴ്ചത്തേയ്ക്ക് വിലക്കിയിരുന്നതാണ്. ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാന സെക്രട്ടറിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ യോഗത്തിന് ശേഷമായിരുന്നു ഈ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.

സാമൂഹ്യ അകലം അഥവാ സോഷ്യൽ ഡിസ്റ്റൻസിംഗ് എന്ന പ്രതിരോധമാർഗം നടപ്പാക്കാൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കർഫ്യൂ അക്ഷരാർത്ഥത്തിൽ പാലിച്ച രാജ്യതലസ്ഥാനമായ ദില്ലിയിൽ കൊണാട് പ്ളേസ് ഉൾപ്പടെ പ്രധാന വ്യാപാര കേന്ദ്രങ്ങളും രാജ്പഥും ഇന്ത്യാഗേറ്റ് പരിസരവുമൊക്കെ വിജനമായിരുന്നു. റോഡുകളിൽ പൊലീസിന്‍റെയും മാധ്യമങ്ങളുടെയും ചില വാഹനങ്ങൾ മാത്രമാണ് ദില്ലിയിലെ തെരുവുകളിൽ കണ്ടത്. തെരുവുകളിൽ രാവിലെ എത്തിയ ചിലർക്ക് ദില്ലി പൊലീസ് ഓരോ റോസാപ്പൂക്കൾ നൽകി തിരിച്ചയച്ചു. ജമ്മുകശ്മീർ മുതൽ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും കൊവിഡിനെ നേരിടാൻ ഒന്നിച്ചു നിന്നു. വളരെക്കുറച്ച് പേർ മാത്രമാണ് തെരുവുകളിലിറങ്ങിയത്. അതും അത്യാവശ്യ കാര്യങ്ങൾക്കോ യാത്രയ്ക്കോ എത്തിയവർ മാത്രം. മരുന്ന്, പാൽ പോലുള്ള അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രമാണ് പലയിടത്തും തുറന്നത്.

കുടുംബത്തോടൊപ്പം നല്ല നിമിഷങ്ങൾ ചിലവിട്ട് വീടുകളിൽ തന്നെ എല്ലാവരും കഴിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പൊതുപരിപാടികളെല്ലാം റദ്ദാക്കി രാഷ്ട്രീയം മറന്ന് ജനപ്രതിനിധികളും വീടുകൾക്കുള്ളിൽ തന്നെ തങ്ങി. ദീര്‍ഘദൂര യാത്രക്കിടെ എത്തിയ കുറച്ചുപേരെ ഒഴികെ രാജ്യത്തെ ഏറ്റവും തിരക്കുള്ള ദില്ലി, മുംബൈ റെയിൽ സ്റ്റേഷനുകളിലും ഇന്ന് അധികമാളുകളുണ്ടായില്ല. ജനതാ കർഫ്യൂവിനെ പിന്തുണച്ച് ലോകാരോഗ്യസംഘടന തന്നെ രംഗത്തെത്തിയിരുന്നു.

ജനതാ കർഫ്യു കേരളത്തിൽ സമ്പൂർണമായിരുന്നു. ജനങ്ങൾ പുറത്തിറങ്ങാതെ വീട്ടിലിരിക്കുന്നു. ഓഫീസുകളും കടകളുമെല്ലാം അടഞ്ഞുകിടക്കുന്നു. ഗതാഗതസംവിധാനങ്ങളും നിശ്ചലമായിരുന്നു. എന്നാൽ അഞ്ച് മണിയോടെ പലയിടത്തും വീടുകളിൽ നിന്നും ഫ്ലാറ്റുകളുടെ ബാൽക്കണിയിൽ നിന്നും കൈ കൊട്ടിയും മണി മുഴക്കിയും ജനങ്ങളും ദേവാലയങ്ങളും അനുസ്യൂതം പണിയെടുക്കുന്ന ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ചു.

തമ്പാനൂർ റെയിൽവെ സ്റ്റേഷനിലും സെക്രട്ടറിയേറ്റിനു മുന്നിലുമെല്ലാം ആളൊഴിഞ്ഞ സ്ഥിതിയായിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കമുള്ള നേതാക്കളും ജനതാ ക‍ർഫ്യുവിന് ഐക്യദാർഢ്യമർപ്പിച്ച് വീടുകളിൽ തന്നെ. കൊവിഡിന് നേരിടാനുള്ള അത്ഭുത പരിഹാരങ്ങളൊന്നും നിലവിലില്ലെന്നും വൈറസിനെതിരെ നീണ്ട പോരാട്ടം വേണ്ടി വരുമെന്നും മുഖ്യമന്ത്രി ട്വിറ്ററിൽ സൂചിപ്പിച്ചു. മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം മന്ത്രിമാരടക്കം വീടും പരിസരവും വൃത്തിയാക്കി.

മെട്രോ അടക്കം നിർത്തിയാണ് കൊച്ചിയിലെ ജനതാ ക‍ർഫ്യു. എല്ലായിടത്തും ഒഴിഞ്ഞ നിരത്തുകൾ. മിഠായിത്തെരുവിലേക്കും ബീച്ചിലേക്കും ഒഴുകിയെത്താറുള്ള ഞായറാഴ്ചത്തെ ശീലം മാറ്റി കോഴിക്കോട്ടുകാരും വീടുകളിൽ തന്നെ തുടർന്നു.

വയനാട്ടിലേക്ക് പുറത്തുനിന്നുള്ളവരുടെ വരവിന് ക‍ർശനനിയന്ത്രണമുണ്ട്. അതിർത്തികളിലും തുടരുന്ന കടുത്ത നിയന്ത്രണം. അങ്ങിനെ കേരളമാകെ സ്വയം കരുതലിന്റെ നിർണ്ണായക മണിക്കൂറുകളിലായിരുന്നു.

ലോകത്താകമാനം പടർന്ന് പിടിക്കുന്ന കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ അണിചേരുന്നവർക്ക് അഭിവാദ്യം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അപ്രതീക്ഷിതമായിയെത്തിയ കോവിഡ് 19 ഭീതിയിൽ ലോകം സ്തംഭിച്ച് നിൽക്കുമ്പോൾ, ഭയമൊഴിഞ്ഞ ഒരു ദിവസത്തിലേക്ക് എത്തിക്കാൻ ഊണും ഉറക്കവും സ്വന്തം ആരോഗ്യവും കുടുംബവും താല്പര്യങ്ങളും മാറ്റി വച്ച് നമുക്കായി പണിയെടുക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങളിവിടെയുണ്ടെന്ന വാചകത്തോടെ ആരംഭിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അത്തരക്കാർക്ക് കേരളത്തിന്റെ അഭിവാദ്യം അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.

ഓരോ ദുരന്തങ്ങളിലും നമുക്ക് കൈത്താങ്ങാവുന്ന, പരിചരണം തരുന്ന ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർ ഇന്ന് മനുഷ്യകുലത്തിന്റെ നിലനിൽപ്പിനായി ഈ പോരാട്ടത്തിന് മുൻപിലുണ്ട്.

ഡോക്ടർമാർ, നഴ്സുമാർ, ലാബ് & തീയറ്റർ ടെക്നീഷ്യൻസ്, അറ്റൻഡർസ്, ക്ലീനിംഗ് സ്റ്റാഫ്സ്, ഫാർമസിസ്റ്റുകൾ, ആംബുലൻസ് ഡ്രൈവർമാർ, കൗൺസിലർസ്, ഹെൽത്ത് ഇൻസ്പെക്ടർസ്, ആശാ വർക്കേർസ് തുടങ്ങിയവരുടെ അത്യധ്വാനമാണ് നമ്മളെ ഇതുവരെ പിടിച്ചു നിൽക്കാൻ പ്രാപ്തരാക്കിയതെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.