1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തില്‍ കേരളമാകെ അടച്ചുപൂട്ടലി(ലോക്ക് ഡൗണ്‍)ലേക്കു കടക്കുകയാണ്. പുതുതായി 28 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിലാണു കൂടുതല്‍ കടുത്ത നടപടിയിലേക്കു സംസ്ഥാന സര്‍ക്കാര്‍ കടക്കുന്നത്. മാര്‍ച്ച് 31 വരെയാണു ലോക്ക് ഡൗണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനുശേഷം എന്തുവേണമെന്ന് ആലോചിക്കുമെന്നാണു മുഖ്യമന്ത്രി വ്യക്തമാക്കിയത്.

കാസര്‍ഗോഡ് ജില്ലയില്‍ 19 പേര്‍ക്കും കണ്ണൂരില്‍ അഞ്ചുപേര്‍ എറണാകുളം ജില്ലയില്‍ രണ്ടുപേര്‍ക്കും തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ ഓരോ ആള്‍ക്കു വീതവുമാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 95 ആയി ഉയര്‍ന്നു. ഇതില്‍ നാലുപേര്‍ രോഗമുക്തരായി.

തിങ്കളാഴ്ച അർധരാത്രി മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 31 വരെയാണ് ലോക്ക്ഡൗൺ. അവശ്യസാധനങ്ങളുടെയും മരുന്നുകളുടെയും ലഭ്യത ഉറപ്പാക്കും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ 5 വരെ പ്രവർത്തിക്കും. കാസർകോട് ജില്ലയിൽ രാവിലെ 11 മുതൽ വൈകിട്ട് 5 വരെയായിരിക്കും പ്രവർത്തനം. ബാറുകൾ പ്രവർത്തിക്കില്ല. ബവ്റിജസ് ഔട്ട്ലറ്റുകൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും; സമയത്തിലും ക്രമീകരണങ്ങളിലും മാറ്റമുണ്ടാകും.

ബാങ്കുകൾ രണ്ടു മണിവരെ പ്രവർത്തിക്കും. സംസ്ഥാന അതിർത്തി അടയ്ക്കും. പൊതുഗതാഗതം ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങൾ അനുവദിക്കും. പെട്രോള്‍ പമ്പുകളും എല്‍പിജി വിതരണ കേന്ദ്രങ്ങളും ആശുപത്രിയും പ്രവർത്തിക്കും. പൊതുയിടങ്ങളിൽ ആൾക്കൂട്ടം അനുവദിക്കില്ല. സർക്കാർ ഓഫിസുകൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും. ഓഫിസുകളിൽ അത്യാവശ്യ ജീവനക്കാർ മാത്രമേ ഉണ്ടാകൂ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും മെഡിക്കൽ ഷോപ്പുകളും ഒഴികെ മറ്റെല്ലാ കടകളും അടയ്ക്കും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. വീടുകളിൽ ഭക്ഷണ വിതരണം അനുവദിക്കും. സാധനങ്ങൾ വാങ്ങാന്‍ ഇറങ്ങുമ്പോൾ ശാരീരിക അകലം പാലിക്കണം.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് 14 ദിവസത്തെ നിരീക്ഷണം നിർബന്ധമാക്കി. വെള്ളം, വൈദ്യുതി, അവശ്യ സാധനങ്ങൾ, ടെലികോം എന്നിവ തടസമില്ലാതെ ജനങ്ങൾക്ക് ലഭിക്കും. അതിഥി തൊഴിലാളികൾക്ക് ക്യാംപുകൾ ഒരുക്കും. നിരീക്ഷണത്തിലുള്ളവർക്ക് വീടുകളിൽ ഭക്ഷണം എത്തിക്കും. ഉംറ കഴിഞ്ഞുവന്നവരും വിദേശത്തുനിന്ന് നേരത്തെ വന്നവരും ജില്ലാ ഭരണകൂടത്തെ അറിയിക്കണം. അവരെ അറിയുന്നവരും അധികൃതരെ വിവരം അറിയിക്കണം. മാധ്യമപ്രവർത്തകർക്ക് വാർത്ത ശേഖരിക്കാനുള്ള സൗകര്യം അനുവദിക്കും.ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അറിയേണ്ട പ്രധാനകാര്യങ്ങൾ ഇവയാണ്.

  1. ആളുകള്‍ പുറത്തിറങ്ങരുത്. അടിയന്തര സാഹചര്യങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ ശാരീരിക അകലം പാലിക്കണം
  2. ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ ആള്‍ക്കൂട്ടം ഒത്തുചേരുന്നതു തടയും.
  3. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍ ഉണ്ടാകില്ല.
  4. സ്വകാര്യ വാഹനങ്ങള്‍ തടയില്ല.
  5. സംസ്ഥാന അതിര്‍ത്തി അടയ്ക്കും.
  6. ആശുപത്രികളും മെഡിക്കല്‍ സ്‌റ്റോറുകളും പ്രവര്‍ത്തിക്കും.
  7. പാല്‍, പഴം പച്ചക്കറി, പലവ്യഞ്ജനം തുടങ്ങിയ അവശ്യ സാധനങ്ങള്‍ ഉറപ്പുവരുത്തും.
  8. ഇന്ധന, പാചകവാതക വിതരണം തുടരും.
  9. റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നതു തടയും. എന്നാല്‍ പാഴ്‌സല്‍ വാങ്ങാം. ഹോം ഡെലിവറി സംവിധാനമുണ്ടാകും.
  10. ബിവറേജസ് ഔട്ട്‌ലറ്റുകള്‍ അടയ്ക്കില്ല.
  11. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ അറസ്റ്റ്; കനത്ത പിഴ.
  12. ഫോണ്‍ ലൊക്കേഷന്‍ നിരീക്ഷിക്കും; പട്ടിക അയല്‍വാസികള്‍ക്ക് നല്‍കും.
  13. ആള്‍ക്കൂട്ടമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ 144 പ്രഖ്യാപിക്കും.
  14. നോട്ടുകള്‍ അണുവിമുക്തമാക്കും. ഇതിനായി റിസര്‍വ് ബാങ്കിന്റെ സഹായം തേടും.
  15. ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും ചേര്‍ന്ന് എല്ലാ ജില്ലകളിലും കോവിഡ് ആശുപത്രികള്‍ തുറക്കും.

കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ലോക്ഡൗണിന്റെ ഭാഗമായി…

Pinarayi Vijayan यांनी वर पोस्ट केले सोमवार, २३ मार्च, २०२०

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.