1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2020

സ്വന്തം ലേഖകൻ: പ്രവാസികൾ നാടിന്റെ നട്ടെല്ലാണെന്നും അവരെ അപഹസിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികള്‍ മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ടാണ് നാം കഞ്ഞികുടിച്ച് കഴിഞ്ഞിരുന്നത് എന്ന കാര്യം മറക്കരുതെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.

കോവിഡ് ബാധയുമായി ബന്ധപ്പെട്ട് പ്രവാസികളോട് ചിലര്‍ പ്രത്യേക വികാരം പ്രകടിപ്പിക്കുന്നുണ്ട്. ലോകത്താകെ പടര്‍ന്നുപിടിച്ച മഹാമാരിയാണ് കോവിഡ് 19 എന്ന് അവര്‍ ഓർക്കണം- മുഖ്യമന്ത്രി വ്യക്തമാക്കി.

അവർ പോയ രാജ്യങ്ങളിൽ ചില പ്രശ്നങ്ങളുണ്ടായപ്പോൾ സ്വാഭാവികമായും അവർ തിരിച്ചുവരാൻ ആഗ്രഹിക്കും. തിരിച്ചുവന്നപ്പോൾ ന്യായമായ പ്രതിരോധ നടപടികൾ പൊതുവിൽ എല്ലാവരും സ്വീകരിച്ചു ഒറ്റപ്പെട്ട ചില കേസുകളാണ് ഉണ്ടായത്. അതിന്‍റെ പേരിൽ നമ്മുടെ നാടിന്‍റെ ഏറ്റവും കരുത്തുറ്റ വിഭാഗത്തെ അപഹസിക്കാനും മനസിൽ ഈർഷ്യയോടെ കാണാനും പാടില്ല.

നാട്ടിലേക്ക് വരാന്‍ കഴിയാത്ത പ്രവാസികള്‍ ഇപ്പോള്‍ കുടുബത്തെയോര്‍ത്ത് കടുത്ത ഉത്കണ്ഠയിലാണ്. നിങ്ങള്‍ സുരക്ഷിതരായി വിദേശത്തുതന്നെ കഴിയൂ എന്നാണ് ഈ അവസരത്തിൽ സർക്കാരിന് പറയാനുള്ളത്. ആരും ഉത്കണ്ഠപ്പെടേണ്ടതില്ല. നിങ്ങളുടെ കുടുംബങ്ങള്‍ ഇവിടെ സുരക്ഷിതമായിരിക്കും- അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.