1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് കൊവിഡ് 19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഇന്ന് 39 പേര്‍ക്കാണ് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ 34 പേരും കാസര്‍കോട് ജില്ലക്കാരാണ്. ഇതോടെ കാസര്‍കോട്ടെ കൊവിഡ് രോഗികളുടെ എണ്ണം 80 ആയി ഉയര്‍ന്നു. കാസര്‍കോട് നിയന്ത്രങ്ങള്‍ ശക്തമാക്കണമെന്നും സ്ഥിതി ഗുരുതരമാണ് എന്ന് തിരിച്ചറിയണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലം ജില്ലയിലും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഒരാള്‍ക്കാണ് പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ഇത് കൂടാതെ കണ്ണൂരില്‍ രണ്ട് പേര്‍ക്കും തൃശൂരും കോഴിക്കോടും ഓരോരുത്തര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. 25 പേർ ദുബായിൽ നിന്നും എത്തിയവരും 13 പേർ രോഗികളുമായി ബന്ധപ്പെട്ടവരുമാണ്. കൊല്ലത്തെ രോഗി ദുബായിൽ നിന്ന് വന്നയാളാണ്.

ഇന്ന് സംസ്ഥാനത്ത് 122 പേരെയാണ് കൊവിഡ് രോഗലക്ഷണങ്ങളോട് കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒറ്റ ദിവസം ഇത്രയേറെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പുതിയതായി രോഗം സ്ഥിരീകരിച്ചവര്‍ നിരവധി ആളുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവര്‍ നിരവധി സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങൾ പുറത്ത് വിടുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടുക്കിയിലെ രോഗി നിരവധി പ്രമുഖരുമായി ബന്ധപ്പെട്ടിട്ടുണ്ട്. അദ്ദേഹം നിയമസഭയിലും സെക്രട്ടേറിയറ്റിലും സന്ദര്‍ശിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുപ്രവര്‍ത്തകരുടെ ഇത്തരത്തിലുളള നടപടികളെ മുഖ്യമന്ത്രി വിമര്‍ശിച്ചു. കാസർകോട് അതിർത്തിയിൽ മണ്ണിട്ട് റോഡ് തടയുന്നതിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തി. ഇത് കാരണം രോഗികൾക്കടക്കം യാത്ര ചെയ്യാനാകുന്നില്ല. കർണാടക സർക്കാർ ചെയ്യുന്നത് കേന്ദ്ര നിർദേശങ്ങൾക്ക് വിരുദ്ധമാണ്. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂർ മെഡിക്കൽ കോളേജ് കൊവിഡ് ആശുപത്രിയാക്കാൻ തീരുമാനിച്ചു. കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റി കൊവിഡ് പ്രാഥമിക ആശുപത്രിയാക്കി മാറ്റും. ക്യൂബയിൽ നിന്നുളള മരുന്ന് പരീക്ഷിക്കുന്നതിന് സർക്കാർ അനുമതി തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റാപ്പിഡ് ടെസ്റ്റിനും അനുമതി തേടും. വിദേശത്ത് നിന്നും എത്തുന്നവർ നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരും നിരീക്ഷണത്തിൽ കഴിയണം. പനി, ശ്വാസതടസ്സം പോലുളള രോഗലക്ഷണങ്ങളുളളവർ ആശുപത്രിയിലെത്തണം.

ഏത് സാഹചര്യവും നേരിടാൻ ഒരുങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികൾക്കായി സംസ്ഥാനത്ത് 4603 ക്യാംപുകൾ തുറന്നുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സത്യവാങ്മൂലം നൽകി ആളുകൾക്ക് പുറത്തിറങ്ങാമെന്നും കബളിപ്പിച്ചാൽ കടുത്ത നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യപ്രവർത്തകരെ ചിലർ ഒറ്റപ്പെടുത്തുന്നത് അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് അടയ്ക്കേണ്ട കാലാവധി നീട്ടും.

ബാറും ബിവറേജസും അടച്ചിട്ടത് പ്രതിസന്ധിയുണ്ടാക്കുന്നു. അമിത മദ്യാസക്തി ഉളളവർക്ക് ബോധവൽക്കരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർക്ക് വെള്ളം നൽകാൻ ശ്രദ്ധിക്കണം. പണയത്തിലുളള സ്വർണ ലേലം നിർത്തും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. തങ്ങളാലാകുന്ന സംഭാവന ചെയ്യാൻ കഴിയുന്ന എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ കര്‍ണാടകം മണ്ണിട്ട് ഗതാഗതം തടയുന്നത് കാസര്‍കോട്ടെ ജനങ്ങള്‍ക്ക് പ്രതിസന്ധി ആവുകയാണ്. കാസര്‍കോടുള്ളവര്‍ ഏറ്റവും കൂടുതല്‍ ആശുപത്രികാര്യങ്ങള്‍ക്ക് സമീപിക്കുന്നത് കര്‍ണാടകത്തെയാണ്. രോഗികളായാല്‍ പോലും അങ്ങോട്ട് പോകാന്‍ പറ്റത്ത സ്ഥിതിയാണ് കര്‍ണാടക സ്വീകരിക്കുന്നത്. ഇതുസംബന്ധിച്ച് കര്‍ണ്ണാടക ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു. മണ്ണ് മാറ്റാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അടിയന്തരമായി മണ്ണ് നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഉണ്ടായ സംഭവങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും.

കേരളത്തില്‍ കൊവിഡ് 19 സമൂഹവ്യാപനത്തിലേക്കെത്തിയെന്ന് പറയാന്‍ ഇപ്പോള്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

“സമൂഹവ്യാപനം ആയിട്ടില്ല. ചെറിയ ഭീതി ഉണ്ടെങ്കിലും ഇപ്പോള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 80 ശതമാനത്തിലേറെയും വിദേശത്ത് നിന്ന് വന്നവര്‍ക്കാണ്. ബാക്കിയുള്ളത് അവരുമായി പ്രഥമ സമ്പര്‍ക്കം പുലര്‍ത്തിയവരാണ്,” മന്ത്രി പറഞ്ഞു.

കൊവിഡിന്റെ വ്യാപനം അറിയാന്‍ മൂന്നാഴ്ച വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. വരുന്ന ഒരാഴ്ച നിര്‍ണായകമാണ്. വിദേശത്തുനിന്ന് എത്തുന്ന ചിലര്‍ ഇപ്പോഴും ക്വാറന്റീന്‍ പാലിക്കുന്നില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് പ്രതിരോധത്തിനായുള്ള ലോക്ക് ഡൗണിന്‍റെ നാലാം ദിവസം സംസ്ഥാനത്ത് നിരത്തിലിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ പൊലീസ് കർശന നടപടി തുരുകയാണ്.

ലോക്ക് ഡൗൺ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1381 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതോടെ കഴിഞ്ഞ നാല് ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 7091 ആയി. 1383 പേരാണ് സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത്. 923 വാഹനങ്ങളും പിടിച്ചെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.