1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ ആകെ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 215 ആയി. കാസര്‍കോടും തിരുവനന്തപുരത്തും രണ്ട് പേര്‍ക്കും കണ്ണൂരിലും കൊല്ലത്തും തൃശൂരിലും ഓരോരുത്തര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് പേരുടെ വീതം പരിശോധനാ ഫലം നെഗറ്റീവായി. 7485 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 6381 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പായി. ലാബുകളില്‍ കൂടുതല്‍ പരിശോധനാ സാമ്പിളുകള്‍ എടുക്കുന്നു. ടെസ്റ്റുകളില്‍ നല്ല പുരോഗതിയുണ്ട്. കൂടുതല്‍ സാമ്പിളുകള്‍ ടെസ്റ്റ് ചെയ്തിട്ട് റിസള്‍ട്ട് വാങ്ങാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിസാമുദ്ദീനിലും മലേഷ്യയിലും നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവര്‍ക്ക് രോഗബാധയുണ്ടോ എന്ന് പരിശോധിക്കും. സംസ്ഥാനത്തെ രണ്ടാമത്തെ കൊവിഡ് മരണം പോത്തൻ‌കോട് റിപ്പോർട്ട് ചെയ്തിരുന്നു.

കാസര്‍കോട് ജില്ലയില്‍ 163 പേര്‍ ആശുപത്രിയിലുണ്ടെന്ന് മുഖ്യമന്ത്രി. കണ്ണൂരില്‍ 108 പേരും മലപ്പുറത്ത് 102 പേരും ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. കാസര്‍കോട് ജില്ലയ്ക്കുവേണ്ടി പ്രത്യേകം ആക്ഷന്‍ പ്ലാന്‍ നടപ്പാക്കും. പഞ്ചായത്തുതല ഡാറ്റയെടുത്ത് പെട്ടന്ന് പരിശോധനയ്ക്ക് അയക്കും. രോഗ ലക്ഷണം ഉള്ളവരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും ലിസ്റ്റ് തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാളെ മുതല്‍ സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം ആരംഭിക്കും. രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ മുന്‍ഗണന വിഭാഗങ്ങള്‍ക്കും ഉച്ചയ്ക്ക് ശേഷം മറ്റുള്ളവര്‍ക്കും റേഷന്‍ വിതരണം ചെയ്യും.

റേഷന്‍ കടയില്‍ ഒരുസമയം അഞ്ച് പേര്‍ മാത്രമേ ഉണ്ടാകാവൂ. സര്‍ക്കാര്‍ കണക്കാക്കിയ ശാരരീക അകലം വാലിക്കണം. അതിന് ടോക്കണ്‍ വ്യവസ്ഥ പാലിക്കണം. റേഷന്‍ വീടുകളില്‍ എത്തിക്കാന്‍ സന്നദ്ധരായി മുന്നോട്ടു വരുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. ജന പ്രതിനിധികളുടെയോ രജിസറ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരുടെയോ സഹായം മാത്രമേ റേഷന്‍ വ്യാപാരികള്‍ സ്വീകരിക്കാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരിട്ടെത്തി റേഷന്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് വീടുകളിലെത്തിക്കണം. അതിന് രജിസ്റ്റര്‍ ചെയ്ത സന്നദ്ധ) പ്രവര്‍ത്തകരുടെ സേവനം റേഷന്‍ കടകളില്‍ ഉപയോഗിക്കാം. റേഷന്‍ വിതരണം ഈ മാസം അധികമാണ്. ലോക്ക് ഡൗണ്‍ നിയന്ത്രണം ഉണ്ട്. ക്രമീകരണങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയുണ്ടാകണം. സന്നദ്ധ പ്രവര്‍ത്തകര്‍ മുന്തിയ പരിഗണന നല്‍കേണ്ടത് അന്ത്യോദയ, മുന്‍ഗണന പട്ടികയിലുള്ളവര്‍ക്ക് ധാന്യമെത്തിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും മറ്റും വീടുകളില്‍ റേഷനെത്തിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ റേഷനെത്തിക്കണം. ഇത് സുതാര്യമായി ചെയ്യാനാവണം. റേഷന്‍ കടകളില്‍ തിരക്കുണ്ടാകാന്‍ സാധ്യതയുണ്ട്. തിരക്ക് ഒഴിവാക്കാനും അകലം പാലിക്കാനും ചില ക്രമീകരണം വരുത്തണം. പെന്‍ഷന്‍ വിതരണത്തിന് ബാങ്കുകള്‍ സ്വീകരിച്ചത് പോലെ കാര്‍ഡ് നമ്പര്‍ വെച്ച് ക്രമീകരണം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

നാളെ പൂജ്യം, ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് നമ്പര്‍ ഉള്‌ലവര്‍ക്ക് വിതരണം ചെയ്യും. ഏപ്രില്‍രണ്ടിന് രണ്ട്, മൂന്ന്, മൂന്നിന് നാല് അഞ്ച്, നാലിന് ആറ് ഏഴ്, അഞ്ചിന് എട്ട്, ഒന്‍പത് അക്കങ്ങളില്‍ കാര്‍ഡ് നമ്പര്‍ അവസാനിക്കുന്നവര്‍ക്കും റേഷന്‍ വാങ്ങാം.

വരാനിരിക്കുന്ന അപകടത്തിന്റെ രൂക്ഷത എല്ലാവരും തിരിച്ചറിയണം. എല്ലാവരും ജാഗ്രത പാലിക്കുക എന്നതാണ് പ്രധാനം. ചെറിയ പാളിച്ച പോലും വലിയ വീഴ്ചയായി മാറിയേക്കും. സര്‍ക്കാരിന് മാത്രമായി എല്ലാവരെയും നിയന്ത്രിക്കാന്‍ കഴിയില്ല. സ്വയം നിയന്ത്രണം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകളിലും മറ്റും നിരീക്ഷണത്തിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ കൗണ്‍സിലിങ് നല്‍കും. നിരീക്ഷണത്തിലുള്ളവര്‍ക്ക് പുറമെ കുടുംബാംഗങ്ങള്‍ക്കും കൗണ്‍സിലിങ് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മലയാളി നഴ്‌സുമാരുടെ ബുദ്ധിമുട്ടുകള്‍ കേന്ദ്ര ശ്രദ്ധയിലേക്ക് കൊണ്ടുവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുംബൈ, ദല്‍ഹി തുടങ്ങിയ നഗരങ്ങളിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാര്‍ രോഗഭീതി കൊണ്ട് വിളിക്കുന്നുണ്ട്. ലോക രാഷ്ട്രങ്ങളിലടക്കം കൊവിഡ് പ്രതിരോധങ്ങളില്‍ മലയാളി നഴ്‌സുമാരുടെ സേവനം വളരെ വലുതാണ്. അവരുടെ സുരക്ഷ അടക്കമുള്ള കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിഥി തൊഴിലാളികള്‍ക്ക് ഐ.ഡി കാര്‍ഡ് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതിഥി തൊഴിലാളികളുടെ വിവരം പൂര്‍ണമായി ശേഖരിക്കാന്‍ സംവിധാനം ഒരുക്കും. സംസ്ഥാനതലത്തില്‍ എ.ഡി.ജി.പിയുടെ നേതൃത്വത്തിലാണ് സംവിധാനങ്ങള്‍ ചെയ്യുന്നച്. 48 മണിക്കൂറിനുള്ളില്‍ ഇത് തയ്യാറാക്കും. ഐ.ഡി കാര്‍ഡുള്ളവര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് ബാധിതനായ പ്രദേശവാസി മരണപ്പെട്ടത്തിന് പിന്നാലെ പോത്തൻകോട് കർശന നിയന്ത്രണവും നിരീക്ഷണവും ഏർപ്പെടുത്തി. പോത്തൻകോട്, മാണിക്കൽ,മംഗലപുരം, വെമ്പായം തുടങ്ങിയ എല്ലാ പഞ്ചായത്തുകളിലേയും മുഴുവൻ ആളുകളും അടുത്ത മൂന്നാഴ്ച പുറത്തിറങ്ങാതെ കർശനമായ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. പോത്തൻകോട്, മാണിക്കൽ,മംഗലപുരം, വെമ്പായം തുടങ്ങിയ എല്ലാ പഞ്ചായത്തുകളിലും അടുത്ത മൂന്നാഴ്ച ജനം പുറത്തിറങ്ങരുത്.

സംസ്ഥാനത്ത് രണ്ടാമത്തെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത പോത്തൻകോടും പരിസരത്തും ഫെബ്രുവരി അവസാന വാരത്തിന് ശേഷം കൊവിഡ് ബാധിത പ്രദേശങ്ങളിൽ നിന്നും എത്തിയവർ റിപ്പോർട്ട് ചെയ്യണം എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രോഗിയുടെ റൂട്ട് മാപ്പ് അടക്കമുള്ള കാര്യങ്ങളിൽ ആശയക്കുഴപ്പം തുടരുകയാണ്. വിദേശത്ത് നിന്ന് വന്നവരും കാസര്‍കോട് പോലെ ധാരാളം കേസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിൽ നിന്ന് വന്നവരും 1077 എന്ന നമ്പറിൽ കോൾ സെന്‍ററുമായി അടിയന്തരമായി ബന്ധപ്പെടണമെന്നാണ് ആവശ്യം. പോത്തൻകോടും സമീപ പഞ്ചായത്തുകളിലും ഇത് ബാധകമായിരിക്കും.

ഏപ്രില്‍ ഫൂള്‍ ദിനവുമായി ബന്ധപ്പെട്ട് കൊറോണ വൈറസ്, ലോക്ക്ഡൗണ്‍ എന്നീ വിഷയങ്ങളെക്കുറിച്ച് വ്യാജ പോസ്റ്ററുകള്‍ നിര്‍മ്മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ അറിയിച്ചു. ഇത്തരം സന്ദേശങ്ങള്‍ നിര്‍മ്മിക്കുന്നവരെയും ഫോര്‍വേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്തു നിയമ നടപടികള്‍ കൈക്കൊള്ളും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.