1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2020

സ്വന്തം ലേഖകൻ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കാന്‍ സംസ്ഥാനത്ത് പ്രത്യേക സന്നദ്ധ സേന രംഗത്തിറങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 22-40 വയസുള്ളവരെയാണ് സേനയില്‍ ഉള്‍പ്പെടുത്തുക. 236000 പേര്‍ അംഗങ്ങളാകും. 941 പഞ്ചായത്തുകളില്‍ 200 പേര്‍ വീതവും 87 മുന്‍സിപ്പാലിറ്റികളില്‍ 500 പേര്‍ വീതവും ആറ് കോര്‍പറേഷനുകളില്‍ 7580 പേര്‍ വീതവും സന്നദ്ധ സേനയിലുണ്ടാകും.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴിയാണ് സേനയില്‍ പേര് ചേര്‍ക്കേണ്ടത്. സന്നദ്ധ സേന എന്ന് വെബ് പോര്‍ട്ടല്‍ വഴിയാണ് രജിസ്‌ട്രേഷന്‍. അംഗങ്ങളാകുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. യുവജനങ്ങള്‍ മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയകാലത്ത് ഒരു സന്നദ്ധ സേന രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതേ സേനയെ തന്നെയാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുക. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ഭക്ഷണം, മരുന്ന് എന്നിവ വീടുകളില്‍ എത്തിച്ച് നല്‍കാന്‍ ഈ സംഘത്തെ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏത് സാഹചര്യവും നേരിടാന്‍ കേരളം തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. റേഷന്‍ കാര്‍ഡ് സ്വന്തമായില്ലാത്തവര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ മുഖ്യമന്ത്രി പിന്തുണച്ചു. പാക്കേജ് മകിച്ച രീതിയില്‍ വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ കാലയളവില്‍ ഭക്ഷണം ലഭ്യമാക്കാന്‍ 43 ഇടങ്ങളില്‍ കമ്യൂണിറ്റി കിച്ചണുകള്‍ പ്രവര്‍ത്തനം തുടങ്ങും. ചിലത് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ 1465 യുവ വോളണ്ടിയര്‍മാരെ യുവജന കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളെ ഇറക്കിവിടാനാകില്ല. അവര്‍ക്ക്് ഭക്ഷണവും താമസവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ ആശുത്രികൾക്കു പുറമേ സംസ്ഥാനത്ത് 879 സ്വകാര്യ ആശുപത്രികളിൽ 69,434 കിടക്കകൾ ഉണ്ട്. 5,607 ഐസിയു സൗകര്യമുണ്ട്. 716 ഹോസ്റ്റലുകളിൽ 15,333 മുറികളുണ്ട്. കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ചിലയിടങ്ങളിൽ ആരംഭിച്ചു. മറ്റിടങ്ങളിൽ സ്ഥലം കണ്ടെത്തി. 715 പഞ്ചായത്തുകൾ ഹെൽപ്പ് ലൈൻ സജ്ജീകരിച്ചു. 15,433 വാർഡ് തല സമിതികൾ രൂപീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

വിരമിച്ച ഡോക്ടര്‍മാരുടെ സേവനം ആരോഗ്യമേഖലയില്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ലോക്ക് ഡൗണ്‍ പ്രകാരം നേരത്തെ അടഞ്ഞിരുന്ന ബേക്കറികള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ പലചരക്ക് കടകളും ഫാര്‍മസികളും പഴം-പച്ചക്കറി കടകളും മാത്രമാണ് തുറക്കുന്നത്. അതേസമയം, വ്യാജ വാറ്റ് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ശക്തമായ നടപടി സ്വീകരിക്കും. ഓണ്‍ലൈന്‍ മദ്യവില്‍പ്പന ഉടനെ ഇല്ലന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് കേരളത്തില്‍ 19 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. കണ്ണൂരിലാണ് കൂടുതല്‍ രോഗികളെ കണ്ടെത്തിയത്. തോടെ സംസ്ഥാനത്തു രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി. ഇതിൽ 126 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. വയനാട് ജില്ലയിൽ ആദ്യമായി ഒരാൾക്കു കൊറോണ വൈറസ് സ്ഥിരീകരിച്ചു. കണ്ണൂർ–9, കാസർകോട്–3, മലപ്പുറം–3, തൃശൂർ–2, ഇടുക്കി–1 എന്നിങ്ങനെയാണ് ഇന്നു വൈറസ് ബാധ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം.

എറണാകുളത്ത് ചികിൽസയിലായിരുന്ന മൂന്നു കണ്ണൂർ സ്വദേശികളെയും രണ്ടു വിദേശ പൗരൻമാരെയും ഇന്ന് ആശുപത്രിയിൽനിന്ന് രോഗം ഭേദമായി വിട്ടയച്ചു. പത്തനംതിട്ടയിൽ ചികിൽസയിലായിരുന്ന ഒരാളുടെ ഫലം നെഗറ്റീവായി. 1,20,003 ആളുകൾ നിരീക്ഷണത്തിലുണ്ട്. 1,01402 പേർ വീടുകളിലും 601 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്നു മാത്രം 136 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 1342 സാംപിൾ പരിശോധനയ്ക്ക് അയച്ചു.

ലോക്ക്ഡൗൺ സമയത്തെ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2098 പേര്‍ക്കെതിരെ കേസെടുത്തു. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 5710 ആയി. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് ഇടുക്കിയിലാണ് – 245 കേസുകള്‍. പത്തനംതിട്ടയില്‍ 198 കേസുകളും ആലപ്പുഴയില്‍ 197 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 27 കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്ത കാസർകോട് ആണ് പിന്നില്‍.

അതിനിടെ പാലക്കാട് കാരാകുറിശ്ശിയിലെ കോവിഡ് ബാധിതന്റെ റൂട്ട്മാപ്പ് ജില്ലാ ഭരണകൂടം പുറത്തിറക്കി. 200ലധികം ആളുകളുമായി രോഗി നേരിട്ട് സമ്പർക്കം പുലർത്തിയെന്നാണ് കണ്ടത്തെൽ. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റും. വിദേശത്തുനിന്ന് വന്ന ഇയാൾ ഒരാഴ്ച പലയിടത്തുസഞ്ചരിച്ച ശേഷമാണ് ആശുപത്രിയില്‍ ചികി്ല്‍സ തേടിയത്. വീട്ടുനിരീക്ഷണ ചട്ടം ലംഘിച്ചതിന് പൊലീസ് കേസ് എടുത്തു. ഇപ്പോള്‍ നിരീക്ഷണത്തിലുള്ള കെ.എസ്.ആര്‍.ടി.സി കണ്ടക്ടറായ മകന്‍ തിരുവനന്തപുരം വരെയുള്ള റൂട്ടുകളിലെ ബസിലും ജോലി ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.