1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്നും 12 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ ആറ് പേര്‍ കാസര്‍കോടും മൂന്ന് പേര്‍ കണ്ണൂരും മൂന്ന് പേര്‍ എറണാകുളത്തുമാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 52 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരെല്ലം ഗള്‍ഫില്‍ നിന്ന് വന്നവരാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് നിലവില്‍ 53013 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 52285 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലും 228 ആശുപത്രിയില്‍ നിരീക്ഷണത്തിലുമാണ്. ഇന്ന് മാത്രം 70 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 3716 സാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 2566 സാംപിളുകള്‍ നെഗറ്റീവാണ്.

നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരാധനാലയങ്ങളില്‍ വലിയ ആള്‍ക്കൂട്ടമൊഴിവാക്കുന്നതിന് മത നേതാക്കള്‍ നടത്തിയ ഇടപെടലുകള്‍ക്ക് ഫലമുണ്ടാവുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുകായിരുന്നു അദ്ദേഹം.

ഒരുഭാഗത്ത് ആള്‍ക്കൂട്ടമൊഴിവാക്കലുകളൊക്കെ നടക്കുമ്പോള്‍ തന്നെ മറുഭാഗത്ത് ഇതിനെയൊക്കെ നിരാകരിക്കുന്ന സാഹചര്യമാണ്. നേരത്തെ പറഞ്ഞതിന് വ്യത്യസ്തമായി ചില ആരാധനാലയങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ എത്തി. ഉത്സവ ആള്‍ക്കൂട്ടങ്ങളുമുണ്ടായി. അത്തരം സംഭവങ്ങള്‍ ഉണ്ടാവരുതെന്ന് ഈ ഘട്ടത്തില്‍ ആവര്‍ത്തിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത് പാലിക്കാതിരുന്നാല്‍ വേറൊരു മാര്‍ഗവും സര്‍ക്കാരിന് മുന്നിലുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. നാടും ജനങ്ങളും ആഗ്രഹിക്കുന്നത് സര്‍ക്കാര്‍ പറയുന്ന രീതിയിലോ അതിലപ്പുറമോ ഉള്ള നിയന്ത്രണങ്ങള്‍ നാട്ടിലുണ്ടാകണമെന്നാണ്. പാലിച്ചില്ലെങ്കില്‍ നിരോധനാജ്ഞ ഉള്‍പ്പെടയുള്ള കര്‍ക്കശ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത് സര്‍ക്കാരിന്റെ ആകെയുള്ള രക്ഷയെകരുതിയുള്ളതാണെന്നും യാതൊരു വിട്ടുവീഴ്ചയും സര്‍ക്കാര്‍ നടത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി തുറമുഖത്തെത്തിയ നാല് കപ്പലുകളിലെ യാത്രക്കാരെയും ജീവനക്കാരെയും പരിശോധിച്ചു. ആര്‍ക്കും രോഗലക്ഷണമില്ല. ഹോം ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ച പെരിങ്ങമ്മല സ്വദേശിയായ പ്രവാസിക്കെതിരെ പാലോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പുതുതായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞുകിടന്നു. സെക്രട്ടറിയറ്റില്‍ ഐ.എ.എസ് ഓഫീസര്‍മാര്‍ക്ക് പുറമെ വകുപ്പ് മേധാവികളും ജോയിന്റ് സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറിമാരും മാത്രമാണ് ഹാജരായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.