1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2020

സ്വന്തം ലേഖകൻ: ലോകപ്രശസ്തമായ കൊറോണ ബിയറിന്റെ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനൊരുങ്ങുകയാണ് മെക്‌സിക്കന്‍ നിര്‍മാതാക്കള്‍. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം നേരിടുന്ന പ്രതിസന്ധിയെ തുടര്‍ന്നാണിതെന്ന് ബിയര്‍ നിര്‍മാതാക്കളായ ഗ്രൂപോ മോഡലോ അറിയിച്ചു.

അവശ്യ സേവനങ്ങളൊഴികെയുള്ള എല്ലാ വ്യാവസായികോത്പാദനവും ഏപ്രില്‍ 30 വരെ നിര്‍ത്തി വെക്കണമെന്ന് ഗവണ്‍മെന്റ് ഉത്തരവ് നല്‍കിയിരുന്നു. ഇതിനാലാണ് ബിയറിന്റെ ഉത്പാദനം നിര്‍ത്തുന്നതെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി. നിലവില്‍ ഉത്പാദനം വളരെ കുറച്ചിരിക്കുകയാണെന്നും തൊട്ടടുത്ത ദിവസങ്ങളില്‍ ബിയറിന്റെ ഉത്പാദനം പൂര്‍ണമായും നിര്‍ത്തുമെന്നും അവര്‍ പറഞ്ഞു. ലോകത്ത് ഏറ്റവുമധികം കയറ്റുമതിയുള്ള ബ്രാന്‍ഡ് ആണ് കൊറോണ.

കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ മാത്രം പ്രവര്‍ത്തിക്കാന്‍ മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. മറ്റൊരു പ്രമുഖ കമ്പനിയായ ഹെയ്‌നെകന്‍ വെള്ളിയാഴ്ചയോടെ ബിയര്‍ നിര്‍മാണവും വിതരണവും നിര്‍ത്തുമെന്ന് അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ജനങ്ങള്‍ ബിയര്‍ വാങ്ങിക്കൂട്ടിയതായി റിപ്പോര്‍ട്ടുകളുണ്ട്.

വൈറസ് വ്യാപനത്തെ തുടര്‍ന്ന് മീമുകളിലും ട്രോളുകളിലുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നതാണ് കൊറോണ ബിയര്‍. രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ കൊറോണ ബിയറിന്റെ ഉപഭോക്താക്കള്‍ ബിയറുപയോഗം നിര്‍ത്തിയതായും യുഎസിലേക്കുള്ള കയറ്റുമതിയില്‍ 40 ശതമാനം കുറവ് വന്നതായും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഗ്രൂപോ മോഡലോ ഇത് നിഷേധിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.