1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2020

സ്വന്തം ലേഖകൻ: കോവിഡ് ബാധ ഉണ്ടെന്നു വ്യക്തമായിട്ടും അതു മറച്ചുവച്ച് അബുദാബിയിൽ നിന്നു തിരുവനന്തപുരത്തെത്തുകയും രോഗവിവരം അധികൃതരെ അറിയിക്കാതിരിക്കുകയും ചെയ്ത 3 പേർക്കെതിരെ പൊലീസ് കേസെടുത്തു. അവർക്കു വിമാനത്തിനകത്തു കയറാൻ കഴി‌ഞ്ഞതു തന്നെ ഗൗരവമേറിയ വിഷയമാണെന്നും ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറ‍ഞ്ഞു.

പ്രവാസികൾ അവരുടെ മണ്ണിലേക്കാണു വരുന്നത്. അതിനാൽ തടയാൻ കഴിയില്ല. എന്നാൽ, വരുന്നവർ ജാഗ്രതയോടെ 14 ദിവസം ക്വാറന്റീനിൽ കഴിയണം. അത് ഉറപ്പു വരുത്തേണ്ടത് അവരും ചുറ്റുപാടും കഴിയുന്നവരുമാണ്. ഇവർ പുറത്തിറങ്ങുന്നുണ്ടോ എന്ന് എല്ലാവരും പരിശോധിക്കണം. അത്തരം ഇടപെടലുകൾ വഴിയേ ഇനി ഇൗ രോഗത്തെ നിയന്ത്രിക്കാനാകൂ.ദീർഘകാലം എല്ലാം അടച്ചിട്ടു ജീവിക്കാൻ കഴിയില്ല. ഇപ്പോൾ കോവിഡിനെ എങ്ങനെ നേരിടണമെന്നു ജനങ്ങൾക്ക് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലം സ്വദേശികളും സുഹൃത്തുക്കളുമായ മൂന്ന് പേർക്കെതിരെയാണ് കോവിഡ് രോഗം മറച്ചുവച്ചതിന് കേസെടുത്തത്. അബുദാബിയിൽ വച്ച് തന്നെ ഇവർക്ക് രോഗം സ്ഥിരീകരിക്കുകയും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇത് മറച്ചു വച്ച് ശനിയാഴ്ചത്തെ വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ ഇവർ ഇവിടത്തെ പരിശോധനയിലും രോഗവിവരം അറിയിച്ചില്ല.

കൊല്ലത്തെ നിരീക്ഷണ കേന്ദ്രത്തിലേക്കായി സർക്കാർ ഏർപ്പെടുത്തിയ ബസിൽ കൊട്ടാരക്കര വരെ യാത്ര ചെയ്തു. ഇതിനിടെ ഇവരുടെ സംസാരം ശ്രദ്ധിച്ച മറ്റൊരു യാത്രക്കാരൻ പൊലീസിനെ വിവരം അറിയിച്ചു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ഇവർ രോഗവിവരം സമ്മതിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വീണ്ടും നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

ഇവർ മൂന്ന് പേരെ കൂടാതെ ഇതേ വിമാനത്തിൽ സഞ്ചരിച്ച 5 പേർക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് കൊല്ലം സ്വദേശികളും രണ്ട് തിരുവനന്തപുരം സ്വദേശികളും. ഇതിൽ തിരുവനന്തപുരത്തെ രണ്ട് പേർക്കും രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ രോഗബാധിതർക്കൊപ്പമുള്ള വിമാനയാത്രയാണോ രോഗകാരണമായതെന്ന് സംശയിക്കുന്നുണ്ട്. അതിനാൽ ഈ വിമാനത്തിലെത്തിയ 12 കുട്ടികളടക്കം അവശേഷിക്കുന്ന 170 യാത്രക്കാരെയും ഉടൻ പരിശോധനക്ക് വിധേയമാക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.