1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2020

സ്വന്തം ലേഖകൻ: കൊറോണ വ്യാപനം പിടിച്ചുകെട്ടാൻ ലോകരാജ്യങ്ങൾ സമ്പൂർണ ലോക്ക്ഡൌൺ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ തുടരുകയാണ്. ഓരോ ദിവസവും കൂടിവരുന്ന മരണനിരക്കും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതും പ്രവാസികളെ കൂടുതൽ ആശങ്കയിലാഴ്ത്തി. ഇന്ത്യയിലേക്ക് സർവീസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ ബുക്കിങ് തുടങ്ങിയ വിമാനക്കമ്പനികൾ പിൻമാറ്റം പ്രഖ്യാപിച്ചതും കനത്ത തിരിച്ചടിയായി.

ആയിരക്കണക്കിനു പേരാണ് ഇന്ത്യയിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നത്. എന്നാൽ, രാജ്യാന്തര വിമാന സർവീസ് 14 വരെ അനുവദിക്കില്ലെന്ന് യുഎഇയിലെ ഇന്ത്യൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും ഇക്കാര്യം അറിയിച്ചിരുന്നു. എമിറേറ്റ്സും എത്തിഹാദും വിദേശ രാജ്യങ്ങളിലേക്ക് ഇപ്പോൾ നത്തുന്നത് റിലീഫ് സർവീസുകളാണ്. ചില വിമാനക്കമ്പനികൾ ഉടൻ സർവീസ് എന്നു പ്രഖ്യാപിച്ച് ടിക്കറ്റ് ബുക്കിങ് വരെ ആരംഭിച്ചിട്ടാണ് പിൻമാറുന്നത്.

നിലപാടിൽ മാറ്റം വന്നെന്നു കരുതി ബുക്കിങ് നടത്തുന്നവർ വെട്ടിലാകുകയാണ് പതിവ്. കഴിഞ്ഞദിവസം ഫ്ലൈദുബായ് ബുക്കിങ് ആരംഭിച്ചപ്പോൾ 1800 ദിർഹമായിരുന്നു ടിക്കറ്റ് നിരക്ക്. നൂറു കണക്കിനു പേർ ബുക്ക് ചെയ്തു. എന്നാൽ പിന്നീട് പൊടുന്നനെ ബുക്കിങ് നിർത്തി. സാധാരണ സർവീസ് ആരംഭിച്ചാൽ ജിഡിഎസ്(ജനറൽ ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിൽ) ടിക്കറ്റുകൾ ലഭ്യമാകുമെന്ന് ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ എമിറേറ്റ്സ് അടക്കമുള്ള കമ്പനികൾ നടത്തുന്നത് റിലീഫ് ഫ്ലൈറ്റ് സർവീസാണ്. അതത് കമ്പനികളുടെ ഓൺലൈൻ വഴി മാത്രമേ ബുക്കിങ് അനുവദിക്കുന്നുള്ളൂ. ട്രാവൽ ഏജൻസികൾ ടിക്കറ്റ് ബുക്ക് ചെയ്യുന്നതും ജിഡിഎസ് വഴിയാണ്. ഇന്ന് മനിലയിലേക്ക് സർവീസ് നടത്തുമെന്ന് അറിയിച്ച എമിറേറ്റ്സിന് ആവശ്യത്തിനു ബുക്കിങ് ലഭിച്ചില്ലെന്നാണ് അറിയുന്നത്.

ഇന്ത്യൻ വിമാനത്താവളങ്ങൾ സാധാരണ വ്യോമ ഗതാഗതത്തിനായി 14 വരെ തുറക്കില്ലെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ട്വിറ്റർ സന്ദേശത്തിൽ ഇന്നലെയും അറിയിച്ചു. മാറ്റമുണ്ടായാൽ വിവരം അറിയിക്കുമെന്നും വ്യക്തമാക്കി. അടിയന്തര ആവശ്യങ്ങൾക്ക് 24 മണിക്കൂറും ബന്ധപ്പെടാവുന്ന ഹെൽപ് ലൈൻ നമ്പർ 0565463903. 14നു ശേഷവും നിരോധനം തുടരുമോ എന്ന ആശങ്കയാണ് ഇപ്പോൾ പ്രവാസികളെ അലട്ടുന്നത്. രോഗമില്ലാത്ത പ്രവാസികളെ നാട്ടിൽ കൊണ്ടുപോകാൻ ഉടൻ നടപടിയുണ്ടാകണമെന്നാണ് ആവശ്യം. മറ്റ് രാജ്യക്കാർ അവരുടെ പൗരന്മാരെ കൊണ്ടുപോകുന്നത് ഇന്ത്യക്കാർ ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.