1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2020

സ്വന്തം ലേഖകൻ: ഏപ്രിൽ പതിനാലിന് അവസാനിക്കുന്ന ദേശീയ ലോക്ക് ഡൗൺ തുടരണമെന്ന് പ്രധാനമന്ത്രി നിയോ​ഗിച്ച ഉന്നതാധികാര സമിതി ശുപാ‍ർശ ചെയ്തു. ലോക്ക് ഡൗൺ കൊണ്ടു മാത്രം കൊവിഡ് വൈറസ് വ്യാപനം തടയാനാവില്ലെന്നും ഈ സാഹചര്യത്തിൽ രോ​ഗം കൂടുതലായി വ്യാപിച്ച മേഖലകളിൽ കടുത്ത നിയന്ത്രണം വേണമെന്നും ഉന്നതാധികാരസമിതി ശുപാർശ ചെയ്തു.

ലോക്ക് ഡൗൺ കൊണ്ടു മാത്രം കൊവിഡ് വ്യാപനം പിടിച്ചു നി‍ർത്താൻ സാധിക്കില്ലെന്ന് ഉന്നതാധികാര സമിതി കേന്ദ്രസർക്കാരിന് നൽകിയ റിപ്പോ‍ർട്ടിൽ പറയുന്നു. രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആയിരം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിൽ ലോക്ക് ഡൗൺ തുടരുകയും ഇതോടൊപ്പം രോ​ഗം വ്യാപനം ശക്തമായ മേഖലകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുകയും വേണമെന്നാണ് ഉന്നതാധികാര സമിതി ശുപാർശ ചെയ്യുന്നത്.

അതിനിടെ ലോക്ക് ഡൗൺ ഏപ്രിൽ മുപ്പത് വരെ നീട്ടി ഒഡീഷ സ‍ർക്കാർ ഉത്തരവിട്ടു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ സംസ്ഥാനം ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിക്കുന്നത്.നിലവിൽ 5434 പേ‍ർക്കാണ് ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 166 പേർ ഇതുവരെ രോ​ഗം ബാധിച്ചു മരിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഏറ്റവും കടുത്ത രീതിയിൽ കൊവിഡ് വ്യാപനമുണ്ടായിരിക്കുന്നത്. മാർച്ച് 25-ന് ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ രാജ്യത്ത് 606 കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ലോക്ക് ഡൗൺ 15 ദിവസം പിന്നിടുമ്പോൾ ഇതു പത്തിരട്ടിയോളം വർധിച്ചിരിക്കുന്നു. തീവ്രബാധിത മേഖലകളടക്കം 456 ഇടങ്ങളിൽ പൂൾ ടെസ്റ്റ് നടത്താൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

അതേസമയം, രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 186 ആയെന്ന് കേന്ദ്രസർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 6,237. ഇതിൽ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 549 കേസുകളാണ്. ഇന്നലെ മാത്രം മരിച്ചവരുടെ എണ്ണം 17 ആണ്. 473 പേർ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടെന്നും ആരോഗ്യമന്ത്രാലയ ജോയന്‍റ് സെക്രട്ടറി ലാവ് അഗർവാൾ അറിയിച്ചു.

അതിനിടെ കൊവിഡ് പ്രതിരോധത്തിന് പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. നേരത്തേ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി ആദ്യഘട്ടത്തിൽ മാർച്ച് 24-ന് 15,000 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഉത്തരവാണ് ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത്. ഇതിന് പിന്നാലെ സാമൂഹ്യക്ഷേമപദ്ധതികൾക്കുള്ള വിഹിതം കൂട്ടി, ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജും അനുവദിച്ചു.

ഓരോ സംസ്ഥാനങ്ങൾക്കും എത്ര കോടി രൂപ വീതം നൽകുമെന്ന് ഇപ്പോൾ കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ല. നേരത്തേ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കേരളത്തിന് കേന്ദ്രം പ്രത്യേക ധനസഹായമായി നൽകിയത് 157 കോടി രൂപ മാത്രമാണ്. ഇത് അപര്യാപ്തമാണെന്ന് അപ്പോൾത്തന്നെ സംസ്ഥാനസർക്കാരും മുഖ്യമന്ത്രിയും വ്യക്തമാക്കുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.