1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2020

സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 4,924,372 ആയി ഉയർന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 320,816 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 1,928,325 പേർ രോഗമുക്തി നേടി. സാധാരണ ജീവിതത്തിലേക്കു മടങ്ങാനുള്ള തീവ്രശ്രമത്തിലാണ് അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങൾ.

കോവിഡ് ശക്തമായി പിടിമുറുക്കിയ ഇറ്റലിയിൽ പള്ളികളും കടകളും ഹോട്ടലുകളും തുറന്നു. അകലം പാലിച്ചു കൊണ്ട് പ്രവേശിക്കാം. ‘കരുതിക്കൂട്ടിയുള്ള സാഹസം’ എന്നാണ് ലോക്ഡൗൺ നീക്കുന്നതിനെ ഇറ്റലി പ്രസിഡന്റ് ജുസെപ്പേ കോണ്ടി വിശേഷിപ്പിച്ചത്. ഗ്രീസിലും ഇളവുകൾ നിലവിൽ വന്നു. ആതൻസിലെ പുരാതനമായ അക്രോപോളിസ് ചരിത്രസ്മാരകത്തിൽ സന്ദർശകരെ അനുവദിച്ചു. സ്പെയിൻ ഉടൻ വാതിലുകൾ തുറക്കും.

വേനൽക്കാലം ആരംഭിക്കുമ്പോഴേക്ക് ടൂറിസ്റ്റുകളെ സ്വീകരിക്കാൻ ഒരുങ്ങുകയാണ് യൂറോപ്പ്. പല രാജ്യങ്ങളിലും ടൂറിസം വലിയ വരുമാന മാർഗമാണ്. ബ്രിട്ടൻ, ബൽജിയം, ഡെന്മാർക്ക്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളും നിയന്ത്രണങ്ങളിൽ അയവു വരുത്തി. യൂറോപ്യൻ വിപണിയിലും നേരിയ ഉണർവുണ്ടായി.

അതിനിടെ കോവിഡിന് വാക്സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി അമേരിക്കന്‍ മരുന്ന് കമ്പനി. മോഡേണ എന്ന കമ്പനിയാണ് വാക്സിന്‍ വികസിപ്പിച്ചത്. മാര്‍ച്ചില്‍ നടത്തിയ മരുന്ന് പരീക്ഷണം വിജയകരമായെന്ന് കമ്പനി അവകാശപ്പെട്ടു. മരുന്ന് സ്വീകരിച്ചവരുടെ ശരീരത്തില്‍ കോറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെട്ടെന്നും ഇത് കോവിഡ് രോഗമുക്തരായവരുടെ ശരീരത്തില്‍ കണ്ടെത്തിയ ആന്റിബോഡിയുടെ അളവിനേക്കാള്‍ കൂടുതലാണെന്നുമാണ് പഠന ഫലം.

45 വളണ്ടിയർമാരിലാണ് mRNA-1273 വാക്‌സിന്‍ ആദ്യഘട്ട പരീക്ഷണം നടത്തിയത്. ഇതിൽ എട്ട് പേരിൽ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെട്ടെന്ന് കമ്പനി അവകാശപ്പെടുന്നു. പൂര്‍ണ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. രണ്ടാം ഘട്ടത്തിൽ 600 പേരിൽ പരീക്ഷണം നടത്താനാണ് തീരുമാനം. വാക്സിന്റെ കാര്യക്ഷമത ഉറപ്പാക്കാനുള്ള അവസാന ഘട്ട പരീക്ഷണം ജൂലൈയിൽ നടക്കും.

ലോകാരോഗ്യ സംഘടനക്ക് അന്ത്യശാസനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മുപ്പത് ദിവസത്തിനകം ചൈനയുടെ സ്വാധീനത്തില്‍ നിന്ന് വിട്ടുനിന്നില്ലെങ്കില്‍ സംഘടനയില്‍ നിന്ന് അമേരിക്ക പിന്‍മാറുമെന്ന് ട്രംപ് വ്യക്തമാക്കി. കോവിഡ് വരാതിരിക്കാന്‍ മലേറിയ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ സ്ഥിരമായി കഴിക്കാറുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി.

ലോകാരോഗ്യ സംഘടയുടെ മേധാവി ടെഡ്രോസ് അഥനോമിനയച്ച കത്തിലാണ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പുകള്‍ നല്‍കിയത്. 30 ദിവസത്തിനകം ലോകാരോഗ്യ സംഘടനയില്‍‌‌ സമൂല മാറ്റം വേണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ചൈനയുടെ സ്വാധീനത്തില്‍ നിന്ന് വിട്ട് സംഘടന സ്വതന്ത്രമാകണം. ഇല്ലെങ്കില്‍ സംഘടനയില്‍ നിന്ന് അമേരിക്ക പിന്മാറുന്ന കാര്യം ആലോചിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

നവംബറില്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്നത് ട്രംപിന് വലിയ തിരിച്ചടിയാണ്. ഇതിന്റെ ഉത്തരവാദിത്തം ചൈനയിലും ലോകാരോഗ്യ സംഘടനയിലും ചാരി രക്ഷപ്പെടാനാണ് ട്രംപിന്റെ ശ്രമം. അതിനിടെ കഴിഞ്ഞ ഒരാഴ്ചയായി താന്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കുന്നുണ്ടെന്ന് പ്രസിഡന്റ് വെളിപ്പെടുത്തി.

അതേസമയം ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പിൽ കൊവിഡ് സ്ഛിരീകരിച്ചു. ബംഗ്ലാദേശിലെ കുട്ടുപലോംഗ് ക്യാമ്പിലുള്ള ഒരു അഭയാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇദ്ദേഹത്തെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചതിനെ തുടർന്ന് ഡോക്ടര് കൊവിഡാണെന്ന സംശയം പ്രകടിപ്പിക്കുകയും തുടർന്ന് സാമ്പിൾ പരിശോധനയിൽ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.